Sunday 11 September 2022

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍...

എന്റെ അളിയന്റെ കൊഡാക് ഫിലിം ക്യാമറയില്‍ അനിയൻ ഹിതേഷിന്റെ ഉപനയന ചടങ്ങുകൾ പകർത്തുമ്പോൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ വലിയ വില കൂടിയ ക്യാമറയും ലെൻസും ഒക്കെ വാങ്ങി കാട് കയറും എന്ന്!! ഒരു പക്ഷേ ഒട്ടേറെ നല്ല നല്ല ചിത്രങ്ങൾ കണ്ടതു കൊണ്ടാവാം ഞാൻ ആദ്യമായി സാംസങ് ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കിയതും.. പിന്നീട് കാനനിലേക്കും ഇപ്പോൾ നിക്കോണിലും എത്തി നില്‍ക്കുന്നു എന്റെ ക്യാമറ സാമ്രാജ്യം..ഈ എഴുത്ത് കുറിക്കുമ്പോൾ ഞാൻ ഒരു ക്യാമറ ഇല്ലാത്ത ഫോട്ടോഗ്രാഫറായും നിറയുന്നു.. ഇനി മിറർലെസ്സ് എന്ന യുഗത്തിന് ആരംഭം കുറിക്കുമെന്ന ശുഭാപ്തി വിശ്വാസം...

                   ക്ഷേത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എനിക്ക് ആദ്യമൊക്കെ ഉത്സവാദി ചടങ്ങുകൾക്കാണ് ക്യാമറ ചലിപ്പിക്കാൻ കഴിഞ്ഞത്.. പിന്നീട് കാടിന്റെ സുഗന്ധം എന്നെ അങ്ങോട്ട് കൂടുതല്‍ അടുപ്പിച്ചു.. എന്റെ ആദ്യ കാടു കയറ്റം പെരിയാർ ടൈഗർ റിസേർവിലേക്കാണ്.. അന്ന് എന്റെയൊപ്പം സുജിത്തും(ഗാർഡ്) ഒപ്പം ചേര്‍ന്നു.. ഫോറസ്റ്റ് അനുമതിയോടെ ഞങ്ങള്‍ നേച്ചര്‍ വാക്ക് എന്ന പ്രോഗ്രാമിലൂടെയാണ് കാട് തൊട്ടത്.. വളരെ സൂക്ഷ്മതയോടെ കാലിൽ സോക്‌സും ഒക്കെ ഇട്ട് കയറിയ എന്നെ ആദ്യം പ്രതിരോധിച്ചത് അട്ടയാണ്.. കണ്ണിന് വരെ പിടി കൊടുക്കാതെ നീങ്ങുന്ന അവ എന്റെ മുന്നില്‍ പ്രതിരോധം തീര്‍ത്തു.. സോക്സ് ഒക്കെ എന്ത്? എന്ന ഭാവത്തില്‍..... തിരിച്ചിറങ്ങുന്നതിന് മുമ്പ് അവ എന്റെ ദേഹത്ത് മുഴുവന്‍ കയറിയിറങ്ങി.. അന്നൊരു സത്യം ഞാന്‍ തിരിച്ചറിഞ്ഞു.. നാം കാടിനെ കാണുന്നതിനു മുമ്പേ തന്നെ കാട് നമ്മളെ കാണും എന്ന സത്യം.. കാടെന്ന സത്യം നാം അറിഞ്ഞാല്‍ പിന്നെ അത് ഒരു ഭ്രാന്തായി തന്നെ നിലകൊള്ളും.. മുമ്പോട്ട് നീങ്ങുന്തോറും മലയണ്ണാനും മ്ലാവും ഒക്കെ ഞങ്ങളുടെ കാലടികളെ തിരിച്ചറിഞ്ഞ് സൂചനകൾ നൽകിക്കൊണ്ടേയിരുന്നു.. ഇടയ്ക്ക് ഒരു മ്ലാവ് ഞങ്ങളുടെ മുന്നിലൂടെ തന്നെ ഓടി മറഞ്ഞു... കാടിന്റെ ഗന്ധം അറിഞ്ഞുള്ള യാത്ര.. ഇടയില്‍ പണ്ടെങ്ങോ ഉള്ള ഒരു അവശേഷിപ്പ് പോലെ ഒരു കാട്ടുപോത്തിന്റെ തലയോട്ടി.. അത് ഒരു പഴകിയ വേരിൽ പച്ചപ്പാഴി ഇഴപാകി ഇരിക്കുന്നു.. ആ ഒരു ചിത്രം എനിക്ക് പിന്നീട് എക്സിബിഷൻ നടത്താന്‍ സാധിച്ചു.. ദൂരെ നിന്നും നിരവധി പക്ഷികളുടെ ശബ്ദം കേൾക്കാം... കാതടപ്പിക്കുന്ന ശബ്ദത്തില്‍ തലയ്ക്ക് മുകളിലൂടെ ഒരു വേഴാമ്പൽ പറന്ന് പോയി... ഇതൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായി.. ഞങ്ങൾ തിരികെ കാഴ്ചകൾക്ക് ഫുൾ സ്റ്റോപ്പ് നൽകി കാടിറങ്ങി.. പിന്നെയങ്ങോട്ട് കാടിന്റെ പുതിയ അനുഭവങ്ങള്‍ തേടിയുള്ള യാത്ര..  
               "കാടിന്റെ ശേഷിപ്പുകൾ"

                 ഈ ഒരു ഹരം എന്നെ കാടിനുള്ളിലെ ക്യാമ്പ് എന്ന മേഖലയിലും എത്തിച്ചു.. സീമേച്ചീ ഫേസ്ബുക്കിൽ കുറിച്ച "ഫോട്ടോമ്യൂസ്" എന്ന ഗ്രൂപ്പിന്റെ ക്യാമ്പ് ആണ് എനിക്ക് ഫോട്ടോഗ്രാഫിയിലെ ആദ്യ പാഠം എന്ന് വേണമെങ്കില്‍ പറയാം.. മാങ്കുളം ക്യാമ്പില്‍ ചെല്ലുമ്പോൾ അവിടെ ഒരുപാട് സുഹൃത്തുക്കളും ഒപ്പം ഗുരുക്കന്മാരും എനിക്ക് വഴികാട്ടി...... ആ ഒരു തുടക്കം ഞാൻ എന്ന വ്യക്തിയിൽ ഇപ്പോഴും നിൽക്കുന്നു...



                           അടുത്തായാലും എന്നും അകലം സൂക്ഷിച്ച തട്ടേക്കാട് എന്നെ മാക്കാച്ചിക്കാട എന്ന പക്ഷി മൂലം അങ്ങോട്ട് എത്തിച്ചു.. സുധീഷ് ഫേസ്ബുക്കിൽ ഇട്ട ആ ചിത്രം എന്റെ മനസ്സില്‍ കയറി.. അങ്ങനെ കാടു കയറ്റം.. പിന്നെയങ്ങോട്ട് അട്ടകടി ഒന്നും വിഷയമേയല്ല.. കാടിനെ എങ്ങനെ സമീപിക്കണം എന്ന് കൂടുതല്‍ കൂടുതല്‍ പഠിക്കുന്ന യാത്രകൾ.. ഓരോ കാൽവെയ്പ്പും കാടിനെ അറിഞ്ഞ്, മുള്ളും കമ്പും ഒക്കെ വകഞ്ഞുമാറ്റിയുള്ള സുധീഷിനൊപ്പമുള്ള യാത്ര.. അവസാനം ആ പക്ഷിയുടെ അടുക്കൽ.. കക്ഷി നല്ല ഉറക്കത്തിലാണ്... ശരിക്കും കാണാന്‍ നന്നേ കഷ്ടപ്പെടും,ആ തരത്തിൽ ശരീരം കരിയിലകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച മട്ടില്‍... പടങ്ങൾ എടുത്തും കാഴ്ചകൾ കണ്ടും കാടിറങ്ങി... അപ്പോഴും അട്ടകൾ പിടി വിട്ടിട്ടില്ല... 

പകലുറക്കം 

മേനിയഴക് 

കണ്ണേറിട്ട് 

പകലുറക്കം 





                      കൊക്കിൽ ഒതുക്കി 


                                "കണ്ണുടക്കി" 

                 "വീര്യം ചോരാതെ" 


                   "കരിയിലയിൽ ഒളിച്ച്" 


                       "ഇണയെതേടി" 

                   തേക്കടിയിലെ മലമുഴക്കിയുടെ കാതടപ്പിക്കുന്ന ശബ്ദം എന്നെ എത്തിച്ചത് പിന്നീട് വാഴച്ചാൽ എന്ന സ്ഥലത്താണ്.. പരിചയം തീരെ കുറവുള്ള വാഴച്ചാലിൽ അന്ന് കൂടെ കൂടിയതാണ് ബൈജുവും.. എന്റെ ആദ്യ മലമുഴക്കി ദർശനവും ഇവിടുന്ന് തന്നെ.. ഒരുപാട് തവണ ഞങ്ങള്‍ ഒരുമിച്ച് വാൽപ്പാറ റൂട്ടിൽ പോയിട്ടുണ്ട്.. ഇനി ഒരു യാത്രയ്ക്ക് കൂട്ടാകാതെ പ്രിയ ബൈജു ഈ ലോകത്തുനിന്ന് പോയി എന്ന് ഓർക്കുമ്പോൾ ഇപ്പോഴും കണ്ണില്‍ നനവ് പടരുന്നു.. അതൊരു ജന്മമായിരുന്നു. അടുത്തറിയാവുന്നവർക്ക് മാത്രം മനസ്സിലാകുന്ന അപൂര്‍വ ജന്മം.. എന്റെ ഏറ്റവും പ്രിയപ്പെട്ട തീക്കാക്കയുടെ ചിത്രവും ഇവിടുത്തെ തന്നെ..ഒരിക്കല്‍ ബിനോയയിയുമൊത്ത് വേഴാമ്പലിനെ കാണാന്‍ പോയപ്പോള്‍ ആന കുറുകെ ചാടിയതും ഇടം തോളില്‍ തിരുമേനീ എന്ന് ഉറക്കെ വിളിച്ച് ബൈജുവിന്റെ കൈ അമർന്നതും, പാണ്ടൻ വേഴാമ്പലിനെ കാണാന്‍ കാല് വയ്യാതിരുന്ന (ഇത് എന്നോട് പറഞ്ഞിരുന്നില്ല.. പിന്നീട് ഒരാഴ്ച കിടപ്പിലായപ്പോൾ മാത്രമാണ് ബൈജു എന്നോട് പറഞ്ഞത്.)ബൈജു എന്നെ നിർത്താതെ ഓടിച്ചതും, നിതീഷുമൊത്ത് ഒരിക്കല്‍ മലക്കപ്പാറ മുറിയെടുത്ത് ഒരുപാട് കഥകള്‍ പറഞ്ഞതും അങ്ങനെ അങ്ങനെ.... ഒരുപാട് തീരാക്കഥകൾ സമ്മാനിച്ച് ബൈജു മാഞ്ഞപ്പോഴും ആ മുഖം ഇന്നും ഓർമ്മയിൽ.. പിന്നീട് ബൈജു ഇല്ലാത്ത ആ മേഖലയില്‍ ഇന്ന് ഈ ദിവസം വരെ ഞാന്‍ കാലുകുത്തിയിട്ടില്ല.. ആ നൊമ്പരം മനസ്സില്‍ കിടക്കുന്നു 😔

പ്രിയ ബൈജു 

തീ വർണ്ണം വാരിവിതറി 

മലമുഴക്കി 

Close Up 

ഗൗളിക്കിളി

                           പിന്നീട് പല തവണ തട്ടേക്കാട് എന്നെ എത്തിച്ചു.. ഒരിക്കല്‍ സജീഷിനൊപ്പം മേനിപ്പൊന്മാനെ തേടി പോയപ്പോൾ അന്ന് ഗൈഡ് ആയി അജോമോനും.. ആ ഇത്തിരിക്കുഞ്ഞനെ ചൂണ്ടി അജോമോൻ പറഞ്ഞപ്പോൾ ഞാൻ ഒരു സ്വപ്നം പോലെ അവനെ നോക്കി നിന്നു... അതങ്ങനെയാണ് ചിലപ്പോള്‍ ചില ഭംഗികൾ നാം അറിയാതെ തന്നെ നോക്കി നിൽക്കും.. ചിത്രം പകര്‍ത്താന്‍ വരെ മറന്ന അവസ്ഥ.. ബുള്ളറ്റ് പോലെ അവന്‍ പായും മുമ്പേ അവന്റെ ഒരു ചിത്രം എടുത്തു.. തിരികെ സന്തോഷത്തോടെ ഞങ്ങളുടെ കാടിറക്കം..
പച്ചയിൽ പുതഞ്ഞ് 

മേനിനിറയെ അഴകുമായ് 

സുന്ദരി
                                                          രെജീവിനൊപ്പം പോയപ്പോഴും തട്ടേക്കാട് നിരവധി കാഴ്ചകളും ചിത്രങ്ങളും സമ്മാനിച്ചു.. എങ്കിലും ചിത്രങ്ങൾ ഒന്നും നേടാത്ത ഒരു യാത്രയാണ് എനിക്ക് എന്നും ഓർമ്മയിൽ നിൽക്കുന്നത്.. ഒരിക്കല്‍ ആനകളെ തേടിയുള്ള യാത്ര... ആനകളുടെ ഗന്ധം അറിഞ്ഞ് ശബ്ദം അറിഞ്ഞ് നടന്ന കാടേറ്റം.. ഇടതൂർന്ന കാടിനെ വകഞ്ഞ് ഇല്ലിക്കൂട്ടവും പാറക്കെട്ടും താണ്ടി പോയ യാത്ര എന്നും എന്നും മനസ്സില്‍ മായാതെ........... ഫ്രോഗ് മൗത്തും, ശ്രീലങ്കന്‍ ബേ ഔളും, ട്രോഗണും, ഫെയറി ബ്ലൂ ബേർഡും, അങ്ങനെ അങ്ങനെ ഒരുപാട് ചിത്രങ്ങള്‍ നൽകിയ തട്ടേക്കാട് വീണ്ടും മനസ്സിലേക്ക്..... 
Yellow Browed Bulbul 

Slender Loris 

Black Buzza 

Green Vine Snake 




ഇതിനിടയില്‍ വീണ്ടും തേക്കടി എന്നെ കൊതിപ്പിച്ചു..ഇത്തവണ ഫോറസ്റ്റ് അനുമതിയോടു കൂടി തന്നെ "Boarder Hiking" എന്ന പ്രോഗ്രാമിൽ കയറി.. രാവിലെ 8 ന് തുടങ്ങുന്ന നടത്തം വൈകുന്നേരം ഏകദേശം 5 മണി വരെ നീളും.. ഞങ്ങൾ 8 പേരടങ്ങുന്ന സംഘം.. ഇതിൽ 2 ഫോറസ്റ്റ് ഗാര്‍ഡുമാരും 1 ഫോറസ്റ്റ് ഓഫീസറും ഉൾപ്പെടുന്നു. ഞാനൊഴികെ ബാക്കിയുള്ള യാത്രക്കാർ വിദേശീയർ ആണ്.. യാത്ര കാടിനകത്തേയ്ക്ക് കടന്നതും ഒരു കാട്ടുപോത്തിനെ കണ്ടു.. കൂടെ വന്ന വിദേശികള്‍ ഭയങ്കര ബഹളം.. അവർക്ക് ഇംഗ്ലീഷ് അറിയില്ല.. ഫ്രഞ്ച്, സ്പാനിഷ് ഇതൊക്കെ ആണ് അവരുടെ ഭാഷ.. ഗാർഡുമാരും ഓഫീസറും ഒക്കെ മാറി മാറി പറഞ്ഞിട്ടും ഒരു കുലുക്കവുമില്ല.. ബഹളം തന്നെ ബഹളം.. വഴി നീളെ നിരവധി മാനുകളെ കണ്ടു, മ്ലാവും കാട്ടുപോത്തും ഒക്കെ വീണ്ടും ദർശനം നൽകി.. നടന്ന് നടന്ന് ഞങ്ങള്‍ ഒരു മലയുടെ കീഴില്‍ എത്തി.. "ഇനി ഇതിന്റെ മുകളിൽ കയറി മറുകരയിലൂടെ അപ്പുറം എത്തണം" ഒരു ഗാർഡ് പറഞ്ഞു.. നോക്കുമ്പോള്‍ അതാ എനിക്ക് മുന്നില്‍ ഒരു കൊടുമുടി പോലെ ആ മല.. രണ്ടും കല്പിച്ച് മല കയറാന്‍ തുടങ്ങി.. കയറുന്ന വഴിയില്‍ ഉടനീളം ആനകള്‍ ഇടിച്ചിറങ്ങിയ വഴികള്‍... നമുക്ക് പ്രയാസമുള്ള വഴിയിലൂടെ അവ നിഷ്പ്രയാസം കയറിയിറങ്ങും.. കുറച്ച് ദൂരം ചെന്നപ്പോള്‍ ഞാൻ ഇരുന്ന് നിരങ്ങി കയറാന്‍ തുടങ്ങി.. അപ്പോൾ ഒരു വിദേശി അദ്ദേഹത്തിന്റെ മുറി ഇംഗ്ലീഷിൽ ക്യാമറ ഒന്ന് തരൂ എന്ന് പറഞ്ഞു.. ഞാൻ കൊടുത്തു.. അദ്ദേഹം അത് പിടിച്ചിട്ട് പറഞ്ഞു നിങ്ങളെ സമ്മതിക്കണം ഇത്രേം ഭാരമുള്ള സാധനങ്ങള്‍ കൊണ്ട് ഈ മല കയറുന്നില്ലേ എന്ന്! എന്റെ കയ്യിൽ ക്യാമറ, ട്രൈപ്പോഡ്, ബാഗ് ഇവയൊക്കെ ഉണ്ട് 😂... ഏതാണ്ട് 2000 അടി ഉയരത്തില്‍ ഉള്ള ആ മല കയറി.. മുകളില്‍ നിന്ന് നോക്കുമ്പോള്‍ കുമളി ടൗൺ വ്യക്തമായി കാണാം.. കുറച്ച് നേരം അവിടെ ഇരുന്നു.. അപ്പോൾ ഓഫീസര്‍ പറഞ്ഞു കരടിയുടെ സാന്നിധ്യം ഇവിടെ ഉണ്ട് നമുക്ക് വേഗം ഇറങ്ങാം എന്ന്.. അങ്ങനെ ഞങ്ങള്‍ ഇറക്കം ആരംഭിച്ചു.. അപ്പോഴും കൂടെയുള്ള വിദേശികള്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടേയിരുന്നു.. ഞങ്ങൾ ഏതാണ്ട് അതുമായി പൊരുത്തപ്പെട്ടു.. മലയിറങ്ങി നേരെ ഫോറസ്റ്റ് ഐ. ബി യില്‍ കയറി.. ചെറിയ രീതിയില്‍ കൊണ്ടുവന്ന ഭക്ഷണവും വെള്ളവും ഒക്കെ കഴിച്ച് അല്പനേരം വിശ്രമിച്ചു... അപ്പോൾ അവിടെ ഒരു വാച്ചർ പറഞ്ഞു നിങ്ങൾ പോകുന്ന വഴിയില്‍ ആനക്കൂട്ടം ഉണ്ട് എന്ന്.. ഞങ്ങൾ നേരെ പിന്നെ ചെന്നുനിന്നത് ഒരു വയൽ പോലെ വിശാലമായ സ്ഥലത്ത്.. തൊട്ടു മുമ്പിൽ തന്നെ ഒരു തള്ളയാനയും കുട്ടിയും പുറം തിരിഞ്ഞു നിൽക്കുന്നു... അതിനപ്പുറം ആനകള്‍ തമ്മില്‍ കുത്തു കൂടുന്ന ശബ്ദവും കേൾക്കാം.. അധികം വൈകാതെ തന്നെ ആനക്കുട്ടിയും തള്ളയാനയും ഞങ്ങളുടെ നേരെ നിന്നു.. കുട്ടി അതിനിടയിൽ കിടപ്പ് ആരംഭിച്ചു.. ഇനി കുറേ കഴിയാതെ അവർ അവിടെ നിന്ന് മാറില്ല കൂട്ടത്തില്‍ വന്ന ഗൈഡ് പറഞ്ഞു.. ഞാൻ കുറച്ച് ചിത്രങ്ങളും വീഡിയോകളും എടുത്തു.. തൊട്ടപ്പുറത്ത് ഒരുത്തന്‍ അങ്ങനെ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്... ആള് അല്പം പിശകാണ്.. ആനകളെ കണ്ടതു മുതല്‍ വിദേശികള്‍ ഭയങ്കര ബഹളം തന്നെ.. ഇടയ്ക്ക് എന്റെ ക്യാമറയിൽ നോക്കി ഉച്ചത്തില്‍ ശബ്ദം വെയ്ക്കുന്നു... തിരുമേനി നിങ്ങള്‍ നോക്കി നിന്നോ ഓടേണ്ടിവരും എന്ന് പറഞ്ഞു തീർന്നതും മാറി നിന്ന കുട്ടിക്കൊമ്പൻ ഞങ്ങളുടെ നേരെ പാഞ്ഞു.. ഞാൻ ഓടിയ ഓട്ടം ഒന്നും പറയേണ്ട.. ദൂരെ മാറി കുറേ സമയം നിന്നു, ഒന്ന് ശ്വാസം കിട്ടാന്‍... ഞങ്ങൾ എല്ലാവരും വീണ്ടും ഒരുമിച്ചായി.. പിന്നെ വേറെ വഴി പിടിച്ചു.. കാരണം ആനകള്‍ നിൽക്കുന്ന വഴിയിലൂടെ ഇനി നടക്കാന്‍ പറ്റില്ല..കാടിറങ്ങുന്നത് കാടിന്റെ മക്കള്‍ താമസിക്കുന്ന സ്ഥലത്ത് കൂടിയാണ്..ഇറങ്ങുമ്പോള്‍ എന്റെ മനസ്സ് പറഞ്ഞു,ഈ യാത്ര മറക്കില്ല എന്ന്.... 


Mother Care 


               ഇതിനിടയില്‍ എപ്പൊഴോ കാടിന്റെ വരകൾ മനസ്സില്‍ കയറി..വേറെ ഒന്നുമല്ല "കടുവ" തന്നെ..കബനിയിൽ കടുവകളെ കാണാം എന്ന് കരുതി ഞാനും ബിനോയിയും ബനീഷും സജീഷും അങ്ങോട്ട് യാത്ര തിരിച്ചു..ഒരാഴ്ച മുമ്പ് സജീഷിന് കടുവ പടങ്ങൾ കിട്ടിയിട്ടുണ്ട്.. അതിന്റെ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് യാത്ര കബനി എത്തി നിന്നു..ഞങ്ങൾ അവിടെ കാലു കുത്തിയതും മഴ ശക്തമായി തന്നെ പ്രതിഷേധിച്ചു.ആ ഒരു യാത്രയിൽ കടുവ സ്വപ്നമായി നിന്നു..പിന്നീട് പലതവണ(എണ്ണം ഓർക്കാൻ പറ്റുന്നില്ല)പോയിട്ടും കടുവ കാണാമറയത്ത്....എങ്കിലും അന്നത്തെ പോക്കിൽ എനിക്ക് ഒരു സുഹൃത്തിനെ ലഭിച്ചു.. ഇപ്പോൾ എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ സമീർ ഉണ്ട്.. 




മഴയില്‍ ലയിച്ച് 


Rest Time 




Ready to Eat 



Charging Mood 



Hook 



Targeted 



Fear 



Hide&Seek



Rain Love 


White Spotted Deer



Mother Care 


Nature Beauty 


Mating 

ഈ സമയത്താണ് സുഹൃത്ത് പ്രവീൺ കുമാര്‍ ഞങ്ങളെ തടോബ ടൈഗര്‍ റിസർവ്വിലേക്ക് എത്തിച്ചത്.. അനിത്, മഹേഷ്, ദീപ, ബിനോയ്, ഇവരൊക്കെയാണ് കൂടെ.. കബനി കൈവിട്ട എന്നെ തടോബ സ്വീകരിച്ചു.. കടുവകളെ ആദ്യം നൽകിയത് തടോബയാണ്... മട്ക്കാസുറും സോനവും ഞങ്ങൾക്ക് വിരുന്നേകി.... യാത്രകൾ അങ്ങനെയാണ്... പ്രത്യേകിച്ച് വനയാത്രകൾ.. നമുക്ക് ചിലപ്പോള്‍ അത്ഭുതവും നിരാശയും ഒക്കെ സമ്മാനിക്കാൻ കാടിന് കഴിയും..

















പിന്നീട് കബനി ചെല്ലുമ്പോൾ എല്ലാം സമീർ കൂടെയുണ്ടാകും..അന്നത്തെ ആ ബന്ധം ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദൃഢമാക്കി കൊണ്ടു പോകുന്നു...അങ്ങനെ ഒരു യാത്രയിൽ എനിക്ക് കടുവകളുടെ നല്ല നല്ല ചിത്രങ്ങൾ ലഭിച്ചു....നിരവധി തവണ നൽകാതെ പിന്നീട് ലഭിച്ച ഈ കടുവ ചിത്രങ്ങൾക്ക് മാധുര്യം ഏറെയുണ്ട്...അങ്ങനെ ഒരു യാത്രയില്‍ കബനിയിൽ എനിക്ക് കണ്ണനെ കൂടി കൂട്ടുകാരൻ ആയി ലഭിച്ചു.. കാടുകൾ മാത്രം കണ്ടു ശീലിച്ച എനിക്ക് അവിടുത്തെ നാടുകളും ചുറ്റുപാടും ഒക്കെ സമീർ കാണിച്ചു നൽകി... ഇപ്പോൾ കബനി എന്നു കേൾക്കുമ്പോൾ കാട് മാത്രമല്ല മനസ്സില്‍ തെളിയുന്നത്.. ഞാനും സമീറും കണ്ണനും ഒക്കെ പിന്നീട് നിരവധി തവണ പല സ്ഥലങ്ങളിലും കറങ്ങി....





















 




അങ്ങനെ ഒരിക്കല്‍ കൂടി കടുവകളുടെ സ്വപ്നഭൂമിയായ തടോബയിലേയ്ക്ക് വീണ്ടും യാത്ര തിരിച്ചു.. ഇക്കുറി ഹരിദാസ് ഏട്ടൻ അടങ്ങുന്ന ഒരു വൻ സംഘമാണ് അങ്ങോട്ട് യാത്ര തിരിച്ചത്.. തടോബ ഇക്കുറിയും കനിഞ്ഞു... പോയ 6 സഫാരിയിൽ 5 സഫാരിയിലും കടുവകളെ കണ്ടു.. പടവും ലഭിച്ചു... ഇതിൽ എനിക്ക് ആദ്യമായാണ് കടുവക്കുട്ടികളെ കിട്ടിയതും... 

























ഇതിനിടയില്‍ ഞാന്‍ ഒരു 360 ക്യാമറ(Insta 360 One R Twin Edition)വാങ്ങി... ആ ഇത്തിരിക്കുഞ്ഞൻ ആള് പുലിയാണ്.. അവനെയും കൊണ്ട് പല യാത്രകളും നടത്തി... 
                       ഈ ഒരു കുറിപ്പ് എഴുതുമ്പോള്‍ എന്റെ ഡ്രൈ ക്യാബിൻ ഒഴിവാണ്, കാരണം എനിക്ക് ഇപ്പോൾ ക്യാമറ ഇല്ല.. പുതിയത് ഒന്ന് എടുക്കണം.. പക്ഷേ സാമ്പത്തികം അല്പം മെച്ചപ്പെടണം.. ഇനി മിറർലെസ്സ് എന്ന യുഗത്തിലേക്ക്...

“𝐓𝐡𝐞 𝐜𝐚𝐦𝐞𝐫𝐚 𝐢𝐬 𝐚𝐧 𝐢𝐧𝐬𝐭𝐫𝐮𝐦𝐞𝐧𝐭 𝐭𝐡𝐚𝐭 𝐭𝐞𝐚𝐜𝐡𝐞𝐬 𝐩𝐞𝐨𝐩𝐥𝐞 𝐡𝐨𝐰 𝐭𝐨 𝐬𝐞𝐞 𝐰𝐢𝐭𝐡𝐨𝐮𝐭 𝐚 𝐜𝐚𝐦𝐞𝐫𝐚.”






Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...