Saturday, 19 December 2020

“കബനി വീണ്ടും കൊതിപ്പിക്കുന്നു”


 ഇക്കഴിഞ്ഞ മാർച്ചിൽ ഞാനും ബിനോയിയും പ്ലാൻ ചെയ്ത കബനി യാത്ര കൊറോണവിഴുങ്ങിയപ്പോൾ മുതൽ ,മനസ്സിൽ നിറഞ്ഞ  യാത്രയുടെ സാക്ഷാത്ക്കാരം ദാ ഡിസംബറിൽ പൂർത്തീകരണമായി.കേവലം ചിത്രങ്ങൾക്ക് വേണ്ടിയുള്ള യാത്രആയിരുന്നില്ല മറിച്ച് , കൊറോണ മൂലം നിന്ന് പോയ യാത്രയെ ആസ്വദിക്കുകകൂടിയായിരുന്നു ലക്ഷ്യം.അവിടെ നിന്നും ഫേസ്ബുക്കിൽ കൂടി  കാണുന്ന  ചിത്രങ്ങൾകൂടിയായപ്പോൾ മനസ്സിനെ പിടിച്ചു നിർത്താനായില്ല.അങ്ങനെയാണ് ഞാനും ബിനോയിയുംവിഷ്ണുവും കൂടി  ഒരു യാത്രയ്ക്ക് തയ്യാറായത്.കബനിയിൽ എന്തിനും കട്ടയ്ക്ക്കൂടെയുള്ള സമീറിനെ വിളിച്ചപ്പോൾ നമ്പൂതിരി നിങ്ങളിങ്ങോട്ട് പോരേ എന്നമറുപടിയും.ടിക്കറ്റ് മുൻകൂട്ടി ഓൺലൈൻ വഴി ബുക്ക് ചെയ്തിരുന്നു.. 

      പലതവണയും കൊതിപ്പിച്ചിട്ടും നടക്കാത്ത കുട്ട - നാഗർഹൊളെ വഴിയുള്ള യാത്രഇത്തവണയെങ്കിലും സാധിക്കണം എന്ന ആഗ്രഹത്തോടെ 13 ആം തീയതി വെളുപ്പിന്തന്നെ തൃശ്ശൂരിലേക്ക് പുറപ്പെട്ടു.വലിയപറമ്പിൽ ചെന്ന് ബിനോയിയേയും കൂട്ടി നേരെവിഷ്ണുവിന്റെ അടുത്തേക്ക്...മാസ്ക്കും സാനിറ്റൈസറും സഹചാരിയായ  യാത്രയിൽപതിവിലും വിപരീതമായി ഭക്ഷണവും കൂടെ കരുതി.യാത്രകൾ നിന്നുപോയ ഞങ്ങൾക്ക് യാത്ര ഒരു ഓർമ്മ പുതുക്കൽ കൂടിയായി ..

                      എന്നത്തേയും പോലെ ഞങ്ങൾക്ക് ഇത്തവണയും വഴി തെറ്റി😅..പരിചിതമല്ലാത്ത വഴിയിലൂടെ ഏതായാലും പലരോടും ചോദിച്ച്  ഞങ്ങൾ അവസാനംകാട്ടിക്കുളത്ത് എത്തി.അവിടെ നിന്നും നേരെ കുട്ട -കെമ്പുകൊല്ലി വഴി നേരെ നാഗർഹൊളെഗേറ്റിലേയ്ക്ക്..ചെന്നപ്പോൾ ഏതാണ്ട് ഉച്ചകഴിഞ്ഞു.നിരവധി വാഹനങ്ങൾ ഉണ്ട്.അവയിൽപലതും അവിടെ സഫാരിയ്ക്ക് വേണ്ടി വന്നവരുടെയാണ്.ഗേറ്റിൽ ചെന്ന്കബനിയിലേക്കാണ് എന്ന് പറഞ്ഞപ്പോൾ ബാവലി വഴി പോയാൽ മതിയെന്ന് മറുപടി..ആഗ്രഹം അവിടെ നിന്നു..വീണ്ടും തിരികെ ബാവലി വഴി കബനിയിലേയ്ക്ക്തിരിച്ചു.ബാവലി ചെക്ക്പോസ്റ്റും കടന്ന് കാടിനെ ആസ്വദിച്ച് ഞങ്ങൾ സമീർ പറഞ്ഞഅന്തരസന്തെയിൽ എത്തി.അവിടെയാണ് ഞങ്ങൾക്ക് താമസസ്ഥലംറെഡിയാക്കിയത്.ചെന്നപ്പോഴേക്കും സമീർ അവിടെ എത്തി.ബാഗും മറ്റും മുറിയിൽ വെച്ച്സമീറിനൊപ്പം പുറത്തിറങ്ങി.അവിടെ ആർക്കും മാസ്ക്കിന്റെ കനം കാണാൻ കഴിഞ്ഞില്ല.കൊറോണ ഇവിടെയുണ്ടോ എന്ന് തോന്നും വിധമാണ് തിരക്ക്..പിറ്റേന്ന് മുതലാണ് ഞങ്ങൾസഫാരിയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്..തിരികെ മുറിയിൽ വന്ന് ഭക്ഷണം കഴിച്ച്കിടന്നു..

   വെളുപ്പിന് 5.30 ന് ഞങ്ങൾ സഫാരി പോയിന്റിൽ എത്തി..സാമാന്യം നല്ല തിരക്കുണ്ട്.നല്ലമഞ്ഞും..6 മണി കഴിഞ്ഞപ്പോഴേക്കും തിരക്ക് വർദ്ധിച്ചു..കൃത്യം 6.30 ന് സഫാരിക്ക്പുറപ്പെട്ടു..പതിവുപോലെ തന്നെ ചെറിയ ബസ്സ് തന്നെ ഞങ്ങൾക്ക് കിട്ടി..മെയിൻ റോഡ് വിട്ട്ബസ്സ് കാടിനകത്തേക്ക്...മഞ്ഞിനെ കീറിമുറിച്ച് ബസ്സ് മുമ്പോട്ട് നീങ്ങി..ഇരുവശങ്ങിലും മുൻയാത്രകളിൽ കാണാറുള്ള മാൻകൂട്ടങ്ങൾ കുറവായിരുന്നു,എങ്കിലും അവയെ അങ്ങിങ്ങായികാണാൻ കഴിഞ്ഞു..കുറച്ച് ചെന്നപ്പോൾ ഒരു ആനക്കൂട്ടം ഞങ്ങളെ വരവേറ്റു...മഞ്ഞിനെമാറ്റി സൂര്യൻ തലയുയർത്തി..ഡ്രൈവർകടുവയുടെ സാന്നിദ്ധ്യം കാണാറുള്ള സ്ഥലങ്ങളിൽപരതി നടന്നു..ഒരു രക്ഷയുമില്ല.. എങ്ങും ശൂന്യം..സമയം ബസ്സിന്റെ വേഗത പോലെകടന്നുപോയി,രാവിലത്തെ സഫാരി അവസാനിപ്പിച്ച് ബസ്സ് തിരിച്ച്സഫാരിപോയിന്റിലേക്ക്...ഭക്ഷണശേഷം സമീറിനൊപ്പം അവിടുത്തെ ഗ്രാമങ്ങളിലൊക്കെകറങ്ങി,വൈകുന്നേരത്തോടെ സഫാരി പോയിന്റിൽ എത്തി..


  രാവിലത്തെ തിരക്കിന്റെ ഇരട്ടിയാണ് വൈകുന്നേരം..രാവിലത്തെ ബസ്സ് തന്നെ ഞങ്ങൾക്ക്കിട്ടി..സമീറും ഞങ്ങളോടൊപ്പം കൂടി..ബസ്സ് കാടിനകത്തേക്ക് കടന്നതും മാൻകൂട്ടങ്ങൾചിതറിയോടി,കടുവയുടെ സാന്നിദ്ധ്യം പതിവുള്ള സ്ഥലങ്ങളിലേക്ക്  ഡ്രൈവർ ബസ്സ്കൊണ്ടുപോകുന്നു...അവയുടെ പൊടി പോലും കാണാനായില്ല..നിരവധി തവണഒന്നിനേയും കാണാതെ മടങ്ങിയ എനിക്കും ബിനോയിക്കും ഇതൊരുപുത്തരിയല്ല...ഹഹഹ...ബസ്സ് ഡ്രൈവർ മറ്റു ഡ്രൈവർമാരുമായി ഫോണിൽബന്ധപ്പെടുന്നുണ്ട്...ഇടയ്ക്ക് എതിരെ വരുന്ന ജീപ്പ്/ബസ്സ് ഡ്രൈവർമാരും വണ്ടി നിർത്തിചോദിക്കുന്നു.അതിലെ യാത്രക്കാരുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിലാകും ഒന്നുമില്ലഎന്ന്!കുറച്ച് ദൂരം ചെന്നപ്പോൾ ഒരു അലാറം കോൾ കേട്ടതും ഡ്രൈവർ ബസ്സ് നിർത്തി,ഒപ്പംഒരു ജീപ്പ് കൂടി അവിടെ നിർത്തി..പിന്നീട് അനക്കമൊന്നും കേൾക്കാത്തതുകൊണ്ട് ഡ്രൈവർവീണ്ടും വണ്ടി മുന്നോട്ടെടുത്തു..കുറച്ച് മാറിയതേയുള്ളൂ പൊടുന്നനെ ജീപ്പ് ഡ്രൈവറുടെഫോൺ വിളി “കടുവ ഇവിടെയുണ്ട് “..കേട്ടതും വണ്ടി നേരെ പായിച്ചു...പക്ഷേ ചെന്നപ്പോൾഅവൻ/അവൾ ഞങ്ങളെ പറ്റിച്ചു,ജീപ്പിന് മുമ്പിലൂടെ അവൻ/അവൾ റോഡ് മുറിച്ചുകടന്നത്രേ!!!ജീപ്പിലിരുന്നവർ മൊബൈലിൽ വരെ വീഡിയോ എടുത്തു,അതു കണ്ടഞാനടക്കമുള്ളവരുടെ മുഖം തെല്ലെങ്കിലും ഒന്ന് വിഷമിച്ചു...അങ്ങനെയാണ്,ഒരു സെക്കന്റ്വ്യത്യാസത്തിൽ ചിലപ്പോൾ പല കാഴ്ചകളും നഷ്ടപ്പെടും/കിട്ടും..അവിടെ നിന്നുംപുള്ളിപ്പുലിയുടെ സാന്നിദ്ധ്യമുള്ള സ്ഥലത്തു കൂടി കടന്നപ്പോൾ മരങ്ങളിൽ ഒന്ന് കണ്ണോടിച്ചുകൊള്ളാൻ ഡ്രൈവർ പറഞ്ഞു..മരത്തിന് മുകളിലും താഴെയുമായി പരതി കൊണ്ടാണ്പോകുന്നത്..രക്ഷയില്ല..ഇടയ്ക്കിടയ്ക്ക് മാനുകളെ കണ്ടു..എങ്കിലും മുൻപ് കാണാറുള്ളകൂട്ടങ്ങൾ അവിടെയില്ല..ഇക്കുറി കാട്ടുപോത്തുകളും ആനകളും മാനുകളും ഒക്കെ നന്നേകുറവാണ്..സമയം വളരെ കുറവ്,ഡ്രൈവർ ബസ്സ് കടുവയെ ലക്ഷ്യമാക്കി തന്നെഓടിച്ചുകൊണ്ടേയിരിക്കുന്നു..കുറച്ച് ദൂരം ചെന്നപ്പോൾ എന്തോ സൂചന പോലെ ഡ്രൈവർബസ്സ് നിർത്തി..ഉയർന്ന പുൽമേട്ടിലേക്ക് ചൂണ്ടി ആരോ പറഞ്ഞുദാ...കടുവ” എന്ന്...തീർന്നതും ട്രിഗറിന്റെ ശബ്ദം വെടിവെയ്പ് പോലെ തുരുതുരാമുഴങ്ങി..ചെടികൾക്കിടയിലൂടെ അവൾ അവസാനം ഞങ്ങളുടെ മുന്നിൽപ്രത്യക്ഷ്യയായി...മന്ദം മന്ദം ബസ്സിനടുത്തേയ്ക്ക് ഇറങ്ങി വരുന്നു..പച്ചപ്പിൽ  മഞ്ഞയിൽകറുത്ത വര പ്രത്യേക ഭംഗി നൽകി..ആരും തന്നെ ക്യാമറയിൽ നിന്നും കൈവിട്ടില്ല..150-600 ലെൻസിന്റെ അകത്തുകൂടി കയറിയിറങ്ങിയ രീതിയിൽ അത്രയും അടുത്തുകൂടിയാതൊന്നും കൂസാതെ കടന്നുപോയി...ദാ  യാത്രയിലെ മനസ്സ് നിറഞ്ഞനിമിഷം..അപ്പോഴേക്കും മറ്റ്‌ വണ്ടികളൊക്കെ എത്തിയിരുന്നു..ഏതാണ്ട് 20 മിനിട്ടോളം നീണ്ട മുഹൂർത്തത്തിന് വിരാമമിട്ട് മനസ്സ് നിറഞ്ഞ്/ക്യാമറ നിറച്ച് ഞങ്ങൾ തിരികെപോന്നു..ഇനി പിറ്റേന്ന് രാവിലെ!!!

NATURE BEAUTY

ROYAL WALK

       പതിവ് ബസ്സ്,പതിവ് സമയം..സമീറും ഒപ്പം ഉണ്ട്..തലേദിവസത്തെ അത്ര മഞ്ഞില്ല,എങ്കിലുംഅസാമാന്യ തണുപ്പ്..മഞ്ഞിൽ മുങ്ങിയ  വഴിയിൽ പതിവ് പേലെ മാൻകൂട്ടങ്ങൾ തന്നെവരവേറ്റു..കുറച്ചകലെയായി ഒരു കൂരമാനെ കാണാനായി..മുമ്പ് തട്ടേക്കാട് പോയപ്പോൾമിന്നായം പോലെ ഇതിനെ കാണാനായി..ചിത്രങ്ങൾ എടുത്ത് കുറച്ച് ദൂരം കൂടി ചെന്നപ്പോൾവീണ്ടും ഡ്രൈവർക്ക് സഹഡ്രൈവറുടെ ഫോൺ വിളി.പുള്ളിപ്പുലിയുണ്ട് വേഗം വരൂ എന്ന്!! പറഞ്ഞ സ്ഥലത്ത് ശരവേഗത്തിൽ ചെന്നു..കുഴിയും കുണ്ടും അപ്പോൾ ഒന്നുമല്ല,ലക്ഷ്യംമാത്രം..പണ്ട് കാഴ്ചബംഗ്ലാവിൽ മാത്രം കണ്ടിട്ടുള്ള അവൻ ദാ നടന്ന് നീങ്ങുന്നു..പച്ചപ്പ്അതിര് തീർത്ത വഴിയിലൂടെ ഇടയ്ക്ക് നിന്നും ,ചെറുതായി ഓടിയും ചാടിയും കുറച്ച് നേരംഅവൻ പിടി നൽകി,ചെടിയിൽ മറഞ്ഞു...ഇരട്ടി മധുരം...നമ്പൂതിരി എങ്ങനെയുണ്ട് ??തകർത്തില്ലേ??സമീറിന്റെ ചോദ്യം..പിന്നീട് വീണ്ടും മുന്നോട്ട് ...ദിവസങ്ങൾ മാത്രംപ്രായമുള്ള ആനക്കുട്ടിയുമായി പോകുന്ന കൂട്ടം കണ്ടപ്പോൾ ഡ്രൈവർ ബസ്സ്നിർത്തി..കാണുകയും പകർത്തുകയും ചെയ്ത് വീണ്ടും മൺനിറഞ്ഞവഴിയിലൂടെ....യാത്ര...പുള്ളിപ്പുലിയെ കണ്ട സന്തോഷം എല്ലാവരുടെ മുഖത്തുംകാണാം..സമയം തീർന്നു കഴിഞ്ഞു,യാത്രയുടെ  തിരശ്ശീല വീണു..ഇനിവൈകുന്നേരം..ഭക്ഷണം കഴിച്ച് സമീറിനൊപ്പം ഡാമിന്റെ വശങ്ങളിൽ പക്ഷികളുടെചിത്രങ്ങൾ പകർത്താൻ പോയി..

THE EYES

FLY HIGH

ചില ചിത്രങ്ങൾ പകർത്തി സഫാരി പോയിന്റിൽ എത്തിയപ്പോഴേക്കും വാഹനങ്ങൾ കുമിഞ്ഞ്കൂടിയിരുന്നു..പതിവ് ബസ്സിൽ തന്നെ സീറ്റ് കിട്ടിയ ഞങ്ങളെയും കൂട്ടി ഡ്രൈവർകാടിനകത്തേക്ക്..പോകുന്ന വഴിയിൽ ഒക്കെ സമീർ മൊബൈലിൽ ഗെയിംകളിക്കുന്നു,ഞാനും ബിനോയിയും വിഷ്ണുവും ഒക്കെ ത്രില്ലടിച്ച് വീണ്ടും പുതിയ കാഴ്ചയെതിരയുന്നു.കഴിഞ്ഞ 2 സഫാരിയിലും ഒപ്പം ഉണ്ടായ ഷാജി പുതിയ തന്റെ വീഡിയോമെനയാനുള്ള ഒരുക്കത്തിലാണ്.ഇടയ്ക്കിടെ കബനിയെ ലക്ഷ്യം വെക്കാറുള്ള ജോർജ്ജ് യാത്രയിൽ ചേർന്നില്ല.തലേദിവസം കണ്ട അവിനാശും ശ്രീജിത്തും കൂടെയില്ല...യാത്ര  പുതിയ കാഴ്ചകളെ തേടി മുന്നോട്ട് തന്നെ..അവസാനിക്കാൻ വെറും മുക്കാൽമണിക്കൂർ,വിളിച്ച് വരുത്തിയ പോലെ ഞങ്ങൾക്ക് മുന്നിലതാ കബനിയുടെ സുന്ദരിശയിക്കുന്നു..പുല്ലിൽ കിടക്കുന്ന അവൾ ഇടയ്ക്ക് വാല് മേലോട്ട് കുടയുന്നു,തലവെട്ടിക്കുന്നു...സുന്ദരമുഹൂർത്തം..ചിത്രങ്ങൾ എടുക്കാൻ പാകത്തിന് ഡ്രൈവർ വാഹനംനിർത്തി തന്നു..അതിനിടയിൽ എപ്പോഴോ അവൾ ശയനം മതിയാക്കി ആലസ്യത്തിൽകോട്ടുവായും ഇട്ടു..മുന്നിൽ ജീപ്പുകൾ കിടപ്പുണ്ട്.പലതിലും മാറി മാറി നോക്കിയിട്ട് അവളതാഞങ്ങളുടെ വാഹനത്തിന് നേരെ നടന്നു..അതിർത്തിയിലെ വെടിവെയ്പ് പോലെ മുന്നേതന്നെ ഞാനുൾപ്പെടെയുള്ളവർ ക്യാമറ അമർത്താൻ തുടങ്ങിയിരുന്നു..2 കുട്ടികൾ കൂടിവരാനുണ്ട് എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ “മോനേ മനസ്സിൽ ലഡ്ഡു പൊട്ടി”..പക്ഷേപതിവിലും സമയം നീളാൻ തുടങ്ങിയതോടെ ഞങ്ങൾ അവിടം വിട്ടു..ഇനി പിറ്റേന്ന് രാവിലെഒരു യാത്ര കൂടി..പ്രതീക്ഷിക്കാതെ കിട്ടിയ കാഴ്ചകൾ മുൻ യാത്രകളിലും വേറിട്ട്നിന്നു..മധുരം..


MUSCLE BEAUTY

STEP&STEPS

YUMMY

YOGA     

YAWNING

രാവിലത്തെ യാത്രയിൽ വീണ്ടും തലേന്നത്തെ ആനക്കൂട്ടം വിരുന്നുനൽകി..കരടിയും,കാട്ടുപോത്തുകളും,മാൻകൂട്ടങ്ങളും കാഴ്ച നൽകിയ  യാത്രയിൽഞങ്ങൾ കബനി യാത്രയ്ക്ക് വിരാമമിട്ടു..ഇങ്ങോട്ട് പോന്നപ്പേൾ തടഞ്ഞ  വഴിയിലൂടെതന്നെ തിരികെ നാട്ടിലേക്ക്..നാട്ടിൽ ഇലക്ഷന്റെ ഘോഷം,അതിൽ നിന്ന് മാറി കാടിന്റെസ്പന്ദനം അറിഞ്ഞ ഞങ്ങൾക്ക് ഇതില്പരം സന്തോഷം വേറെ എന്ത്??യാത്രകൾതീരുന്നില്ല...മാസ്ക്കും സാനിറ്റൈസറും നിറഞ്ഞ യാത്രകൾ എത്രയും വേഗംഅവസാനിക്കട്ടെ!! മേൽമൂടി ഇനി ഇല്ലാതാവട്ടെഎന്ന ആത്മവിശ്വാസത്തോടെ.....കൂടെകൂടിയ ഏവർക്കും നന്ദി...

                         നിങ്ങളുടെ Umesh Kesavan Namboodiri

Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...