"തഞ്ചാവൂർ ബൃഹദേശ്വർ"
ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു യാത്രയാണ് ഇത്. അതുകൊണ്ട് തന്നെ അതിന്റെ ഒരുഅതിശയവും എന്നിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ കൊരട്ടിയിലെത്തിയ ഞാൻ ബിനോയിയുടെ കാറിൽ യാത്ര തുടര്‍ന്നു.. തൃശ്ശൂരിന് മുൻപ് ബനീഷും, ബിനിനും കാത്തുനിന്നു. അവരേയും കൂട്ടി ഞങ്ങൾ നേരെ പാലക്കാട് വഴി യാത്ര തുടങ്ങി. നേരം ഇരുട്ടിത്തുടങ്ങി.. യാത്രയിലുടനീളം നിനച്ചിരിക്കാതെ വന്ന ആ യാത്രയുടെ തീരുമാനങ്ങൾ പങ്കുവെച്ചു. വണ്ടി പാലക്കാട് എത്തി. അവിടെ നിന്നും ഭക്ഷണം ഒക്കെ അകത്താക്കി.. പിന്നീടിങ്ങോട്ട് പാതിരാത്രിയിലാണ് യാത്ര.. പക്ഷേ റോഡിനിരുവശവും ലൈറ്റുകൾ,കണ്ടാൽ പകൽ പോലെ പ്രകാശവും.. പൊള്ളാച്ചി - ഗുഡിമംഗലം - ഗോവിന്ദാപുരം വഴി വണ്ടി ധാരാപുരം എത്തി.. കാറിന്റെ സാരഥിയായി ബിനിൻ എത്തി..ക്ഷീണം അറിയാതെ ഞങ്ങൾ ഡിണ്ടിഗൽ വഴി ഏതാണ്ട് വെളുപ്പിനോടെ തഞ്ചാവൂർ എത്തി..അവിടെ നിന്നും പ്രഭാതകൃത്യങ്ങൾ നടത്തി ഞങ്ങൾ ക്ഷേത്രത്തിലേക്ക്..ബൃഹദേശ്വർ...ആ പേരിൽ തന്നെ ഉണ്ട് അതിന്റെ വലുപ്പം.കൂറ്റൻ ഗോപുരം കടന്ന് ഉള്ളിൽ ചെന്നാൽ നമ്മളെ ആദ്യം വരവേൽക്കുന്നത് ആ ക്ഷേത്രമണ്ഡപത്തിലെ വലിയ നന്തി വിഗ്രഹം തന്നെ.എത്ര വർണ്ണിച്ചാലും ക്ഷേത്രവർണ്ണന തീരില്ല.അതിന്റെ ചില ചിത്രങ്ങൾ പകർത്തി. ആ ക്ഷേത്രത്തിന്റെ ആകാരഭംഗി തന്നെ ആണ് അതിന്റെ അത്ഭുതവും.ദർശനവും നടത്തി, പുറത്ത് വന്ന് ഭക്ഷണം കഴിച്ചു,
"തഞ്ചാവൂർ ക്ഷേത്രകവാടം"
ഞങ്ങൾ മറ്റൊരു ക്ഷേത്രത്തിലും കയറി.എല്ലാം ഒരേ മാതൃകയിൽ പണി കഴിപ്പിച്ചവ..അവിടെ ചില അറ്റകുറ്റപ്പണികൾ നടക്കുന്നു. വെയിൽ ഉച്ചിയിൽ എത്തി.കരിങ്കൽ പാകിയ അവിടുത്തെ മുറ്റത്ത് ചാടിച്ചാടിയാണ് നടത്തം..അവിടെ അടുത്ത് കണ്ട പാർക്കിലും കുറച്ച് സമയം ചിലവഴിച്ചു.ഓരോ മരച്ചുവട്ടിലും ആൾക്കൂട്ടം.ഉച്ചയൂണ് തരമാക്കി ഞങ്ങൾ "രാമേശ്വരം" പോകാ൯ തയ്യാറായി.. അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിട്ടുണ്ടാകും. തഞ്ചാവൂരിൽ നിന്നും പുതുക്കോട്ടൈ-കാരൈക്കുടി വഴി യാത്ര...രാത്രിയാത്രയുടെ ക്ഷീണം തെല്ലും അലട്ടിയില്ല. കാരണം റോഡുകൾ തന്നെ... അത്രയ്ക്ക് ഗംഭീരമായ റോഡുകൾ. യാത്ര രാമേശ്വരം എത്തി നില്‍ക്കുന്നു.
ഞങ്ങൾ ഒരു മുറി ഒക്കെ തരപ്പെടുത്തി. അൽപ്പം വിശ്രമിച്ച് കുളി കഴിഞ്ഞ് ദർശനത്തിന് പോകാനിറങ്ങി. തമിഴ്നാട് ക്ഷേത്രങ്ങൾ എന്നും വിസ്മയമായി നിൽക്കുന്നതിന്റെ പ്രധാന കാരണം അവിടുത്തെ നിർമ്മിതി ഒന്നുകൊണ്ടാണ്. അതൊക്കെ തന്നെയാണ് ഇന്നും അവ ഒളിമങ്ങാതെ നിൽക്കുന്നതും. ദർശനശേഷം ഞങ്ങൾ അതിനടത്തുള്ള വഴിയിലൂടെ അൽപ്പം നടന്നു. ഒട്ടേറെ സ്വാമിമാരും, പല വേഷവിധാനത്തോടെയുള്ള ആളുകളും നിറഞ്ഞ വഴി.. വയർ വിളി തുടങ്ങി, ഞങ്ങൾ അവിടുള്ള ഹോട്ടലിൽ കയറി.. തമിഴ്നാടിന്റെ രുചി നിറച്ച സവാള റോസ്റ്റ്, വട ഇവയൊക്കെ അകത്താക്കി.....മുറിയിൽ ചെന്ന് വിശ്രമശേഷം ഞങ്ങൾ ക്യാമറയുമായി ഇറങ്ങി. രാമേശ്വരം ചുറ്റി കണ്ടു. വൈകീട്ടോടെ ഞങ്ങൾ ഏറെ പ്രസിദ്ധമായ "പാമ്പൻ പാലത്തിലും" പോയി. സൂര്യാസ്തമയം ക്യാമറയിലാക്കാനായിരുന്നു.. ഏറെക്കുറെ കിട്ടി... മുറിയിൽ എത്തി.. പിറ്റേന്ന് വെളുപ്പിന് ധനുഷ്കോടി വെച്ചുപിടിച്ചു. സൂര്യോദയം കാണാനുള്ള ആകാംക്ഷയോടെ ഞങ്ങൾ യാത്ര തുടര്‍ന്നു. കുറേ ദൂരം നമ്മുടെ വണ്ടിയിൽ പിന്നീട് അവിടുത്തെ വാനിൽ ആണ് യാത്ര.. ആ യാത്രയുടെ സുഖം വേറെ ഒരിടത്തും കിട്ടില്ല. ചില സമയത്ത് കടലിലൂടെ യാത്ര..ധനുഷ്കോടി എത്തിയ ഞങ്ങൾ വാനിന് മുകളിൽ കയറി. സൂര്യോദയം ക്യാമറയിൽ പകർത്താൻ. ശ്രമം പാളി.. അന്ന് സൂര്യൻ കാർമേഘപുതപ്പിട്ട് നിന്നു. രാവിലത്തെ ചില നിമിഷങ്ങൾ പകർത്താൻ ഞങ്ങൾക്കായി. മത്സ്യബന്ധന ബോട്ടും തൊഴിലാളികളും, മറ്റും.
"സ്വർണ്ണവർണ്ണം തൂകി"
"ജീവിതലക്ഷ്യങ്ങൾ"
അവിടുത്തെ പള്ളിയുടെ അവശിഷ്ടങ്ങളും മറ്റും അവിടുത്തെ പഴമയെ വിളിച്ചറിയിക്കുന്നു. അതെല്ലാം തന്നെ ഞങ്ങൾ ക്യാമറയിൽ പകർത്തി..തിരികെ ഞങ്ങൾ വീണ്ടും രാമേശ്വരത്തേക്ക്..വൈകീട്ടോടെ ഞങ്ങൾ നേരെ കമ്പം ലക്ഷ്യമാക്കി നീങ്ങി.. പുലർച്ചയോടെ ഞങ്ങൾ കമ്പം അടുത്തു. പോകും വഴി ഒരു ചെറിയ കടയിൽ നിന്നും കട്ടൻകാപ്പിയും കുടിച്ചു.. ഗ്രാമഭംഗി നിറഞ്ഞ വഴിയിലൂടെ നീങ്ങി.. കാളവണ്ടിയും പാൽക്കാരനും നിറഞ്ഞ കമ്പത്തെ ഗ്രാമങ്ങൾ.. കാറിന്റെ ഹെഡ്ലൈറ്റ് അടിച്ച് ഞങ്ങൾ ഒരു കാളവണ്ടി ചിത്രവും പകർത്തി... ഏകദേശം വെളുപ്പിന് 5.30 നാണ് പകർത്തിയത്.. ഈ ചിത്രം താഴെ കൊടുക്കുന്നു.
നേരം പുലർന്നതോടെ കമ്പത്തിന്റെ ഭംഗി കൂടുന്നതായി തോന്നി. എങ്ങും പച്ചപ്പ് നിറയുന്നു. ടാറിടാത്ത വഴിയിലൂടെ ഞങ്ങൾ നീങ്ങി.. ഇടവഴിയിൽ എവിടെയും ഗ്രാമത്തിന്റെ തനിമ നിറയുന്നു. കമ്പം - തേനി പ്രദേശങ്ങൾ നമ്മുടെ നാട്ടിലുള്ളവർ കാണണം. അവിടുത്തെ ഹരിതാഭ നമുക്ക് എപ്പോഴും അന്യം നിന്നുപോകുന്നു. മണ്ണിട്ട വഴിയിലൂടെ നീങ്ങിയ ഞങ്ങളെ കാത്തിരുന്നത് ഹരിതഭംഗി നിറഞ്ഞ പാടങ്ങളും, മലകളും നിറഞ്ഞ തേനിയിലെ ഒരു പ്രദേശം ആയിരുന്നു. ഏകദേശം 50 ഏക്കറോളം വരുന്ന ആ പാടത്തിന്റെ മറ്റേ അറ്റത്ത് മേഘമല തലയുയർത്തി നിൽക്കുന്നു. പാടത്ത് കൃഷിക്കാർ നിറയെ ഉണ്ട്. ഒരിടത്ത് കള പറിക്കലും, മറ്റൊരിടത്ത് വളപ്രയോഗവും മറ്റും.. ആ ഭൂപ്രദേശത്തെ ഞങ്ങൾ മനസ്സില്ലാമനസ്സോടെ വിടപറഞ്ഞു നീങ്ങി. കുമളി വഴി നേരെ കുടുംബത്തിൽ......
"കൂടുതൽ ചിത്രങ്ങൾ താഴെ ചേർക്കുന്നു"
BY
UMESH KESAVAN NAMBOODIRI.


































