Thursday, 30 August 2018

My Dream Journeys (PART I)

മൂർഖന്റെ ഫണത്തിന് സാമ്യം.  

മാങ്കുളം ക്യാമ്പിൽ ഒപ്പം കൂടിയവർ

My exhibited Photo 

      "My journeys ... in many places" 
           ഡിജിറ്റൽ ക്യാമറ ഉണ്ടായിരുന്നപ്പോഴും, DSLR ക്യാമറ വാങ്ങിയപ്പോഴും ആദ്യം ഞാൻ പോയത് തേക്കടിയ്ക്ക് തന്നെ.. കാടിന്റെ അറിവും, സത്യവും ഒന്നും വശമില്ലാതിരുന്ന എനിക്ക് അന്ന് കൂട്ടായത് സുജിത് എന്ന ചെറുപ്പക്കാരൻ ആയിരുന്നു.. നേച്ചർ വാക്ക് എന്ന വനംവകുപ്പ് നടത്തുന്ന പരിപാടിയിൽ ഞങ്ങൾ കാടിനെ സ്പർശിച്ചപ്പോൾ, ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നെ പരീക്ഷിച്ചത് അട്ടകൾ ആയിരുന്നു.. പിന്നീട് മുന്നോട്ട് നടന്നപ്പോൾ പല പല വിചിത്ര ശബ്ദങ്ങൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. തുടലി മുള്ളുകൾ ഒരു വശത്ത് വേലി കെട്ടി, മുഖം മറയ്ക്കുന്ന ചിലന്തി വലകൾ വേറൊരു വശത്ത്.. പിന്നിട്ട വഴികളിൽ ഉടനീളം അട്ടകൾ രക്തം കുടിച്ച് പിൻവാങ്ങി.. ഞങ്ങളുടെ കാലടി ശബ്ദം കേട്ട മാത്രയിൽ ഒരു കേഴ ഉച്ചത്തിൽ ഒച്ച വെച്ച് കുതറിയോടി... മുകളിൽ എവിടെയോ വേഴാമ്പൽ ചിറകടിച്ച് പറക്കുന്നുണ്ടെന്ന് സുജിത്ത് പറഞ്ഞു... ഇതൊക്കെ ഒരു പുതിയ അനുഭവം ആകയാൽ എനിക്ക് വളരെ ആശ്ചര്യം തോന്നിയ നിമിഷങ്ങൾ ആയിരുന്നു.. ഓരോ കാലടിയും ശ്രദ്ധയോടെ തന്നെ വെച്ച് നീങ്ങി..കരിയില ശബ്ദം കേൾക്കുന്ന മാത്രയിൽ ദൂരെ നിന്നും പലതും ഓടി മറയുന്ന ഒച്ചകൾ കേൾക്കാം.. ഒരു പക്ഷേ മ്ലാവും, മാനും ഒക്കെ ആകാം എന്ന് സുജിത്ത് എനിക്ക് പറഞ്ഞു തന്നു.. 3 മണിക്കൂർ എന്നത് ശരവേഗത്തിൽ പോയത് ഞാൻ അറിഞ്ഞതേയില്ല..
കരടികൾ താണ്ടിയ പാതകൾ മായാതെ ചെളിയിൽ പൂണ്ടതായി കണ്ടു. വലിയ ഒരു മരം അതിന്റെ പഴയ പ്രതാപം ശമിച്ച് മണ്ണോട് ചേരാൻ കിടക്കുന്നു. കടുവ അവന്റെ നഖത്തിന്റെ മൂർച്ഛ അളന്ന് നോക്കിയതും ഒരു മരത്തിൽ കണ്ടു. മൂർഖന്റെ ഫണത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു മരവും അവിടെ പിടി തന്നു. ദൂരെ ഞങ്ങളെ വീക്ഷിക്കുന്ന കാട്ടുപോത്തിൻകൂട്ടം കാണുകയുണ്ടായി.. കാടിനുള്ളിൽ എവിടെയോ മരങ്ങൾ നുറുങ്ങുന്ന ശബ്ദം ഉച്ചത്തിൽ കേട്ടു.. കേട്ടതും കണ്ടതും പുതുമയായ ഞങ്ങൾ തിരികെ പോരാൻ തുടങ്ങി.കാട് എന്ന ഒരു പുതിയ അറിവ് അന്ന് എനിക്ക് മുൻപിൽ ചെറിയ ഒരു വാതായനം തുറന്നിട്ടു.. ക്യാമറ അധികം ഒന്നും ഉപയോഗിച്ചില്ല.. പക്ഷേ അന്ന് പോയപ്പോൾ ലഭിച്ച ഒരു ചിത്രം ആണ് ഡർബാർ ഹാളിൽ 2017 ൽ നടത്തിയ അന്താരാഷ്ട്ര ചിത്രപ്രദർശനത്തിൽ ഒരു ഭാഗമായത്.. ഒരു ഉണങ്ങിയ മരത്തിന്റെ വേരിൽ ആരോ എടുത്ത് വെച്ച കാട്ടുപോത്തിന്റെ തലയോട്ടി അതായിരുന്നു ആ ചിത്രം... കാട് എന്നത് പലതരം അത്ഭുതങ്ങൾ നമുക്ക് നൽകും എന്നത് അന്ന് ഞാൻ പഠിച്ചു.. പോരുന്ന വഴികളിൽ മലയണ്ണാനുകൾ ഞങ്ങളെ തുരത്തിയോടിക്കും വിധം ഒച്ച വെച്ചുകൊണ്ടിരുന്നു.. നമ്മുടെ കണ്ണുകൾക്ക് പിടി നൽകാതെ പലതും അവിടെ മൂകമായി ഇരിപ്പുണ്ടാകും... പിന്നീട് അങ്ങോട്ട് മുതൽ ഞാൻ പല യാത്രകളും നടത്തുകയുണ്ടായി.. അതാണ് കാട് എന്ന ഒരു അത്ഭുതം. ഒരു തവണ നമ്മൾ അതിൽ തൊട്ടാൽ അദൃശ്യമായ ഒരു ശക്തി നമ്മളെ അതിലേക്ക് അടുപ്പിക്കും.. കാടറിവ് പകർന്ന് കൂടെ കൂടിയ സുജിത്തിന് നന്ദി...
                   ഫേസ്ബുക്ക് എന്ന മാദ്ധ്യമം വഴിയാണ് ഞാൻ തൃശ്ശൂർ ഫോട്ടോമ്യൂസ്സിനെ കുറിച്ച് അറിയുന്നത്. അവർ നടത്തുന്ന ക്യാമ്പുകളേക്കുറിച്ച് ഞാൻ അറിഞ്ഞത് സീമാജി(Seema Suresh - Wild life photographer)യുടെ ഒരു പോസ്റ്റ് വഴിയാണ്. ചിമ്മിനി ക്യാമ്പിൽ പങ്കെടുക്കാൻ വിളിച്ച എനിക്ക് മറുപടി അനുകൂലമായിരുന്നില്ല. പിന്നീട് അവർ നടത്തിയ മാങ്കുളം ക്യാമ്പിൽ ആണ് എനിക്ക് പങ്കെടുക്കാൻ സാധിച്ചത്.. നേര്യമംഗലം വിട്ടാൽ പിന്നെ ഇടുങ്ങിയ പാതകളും ഒപ്പം അപകടം പതിയിരിക്കുന്ന കൊടുംവളവുകളും..നേരം വെളുക്കുന്നതും കാത്ത് മരങ്ങളിലും, മറ്റും ഇരുന്നുറങ്ങുന്ന കുരങ്ങൻ കൂട്ടങ്ങളെ വഴിയിൽ ഉടനീളം കാണാം. അടിമാലിയിൽ ക്യാമ്പിലെ അംഗങ്ങൾ എത്തിയിരുന്നു.. ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ളവരും, അല്ലാത്തവരും കൂട്ടിനുണ്ട്. ഞങ്ങൾ മാങ്കുളത്തേക്ക് പുറപ്പെട്ടു.. കൂറ്റൻ പാറകൾ ഇരുവശങ്ങളിലുമായി അതിര് തീർക്കുന്ന വഴികൾ.. അതിന് മുകളിൽ ദൂരെയായി പാലരുവികൾ ഒഴുകിയിറങ്ങുന്നു.. വണ്ടി ടാർ റോഡ് വിട്ട് മണ്ണിട്ട റോഡിലൂടെ കുറേ ദൂരം.. എവിടെയും പൊട്ടിപ്പൊളിഞ്ഞ വഴികൾ.. അതൊക്കെ പിന്നിട്ട് ഞങ്ങൾ റിസോര്‍ട്ടിൽ എത്തി..
........                          (തുടരും)
                       ഉമേഷ് കേശവൻ നമ്പൂതിരി. 

Wednesday, 29 August 2018

Day With PhotoMuse

സമയമുള്ളപ്പോൾ വായിക്കുക ...ശ്രദ്ധയോടെ .....
മാങ്കുളം ....പ്രകൃതിയുടെ കരസ്പർശമേറ്റ് അതീവസുന്ദരിയായി അടിമാലി എന്ന ചെറുപട്ടണത്തോട് ചേർന്ന്, ഭൂമിയിൽ നിന്നും ആകാശസമാനം വളർന്ന ഒരു ഗ്രാമം!!! പ്രകൃതി രമണീയമായ അവിടേക്കായിരുന്നു എന്റെ യാത്ര!! തൃശ്ശൂർ ആസ്ഥാനമായി ചിത്രങ്ങൾക്ക് വേണ്ടി മാത്രം സ്ഥിതി ചെയ്യുന്ന Photomuse -എന്ന സംഘടന ഒരുക്കിയ എന്റെ കന്നി Camp. രാവിലെ തന്നെ അടിമാലി പട്ടണത്തിൽ എത്തിയ എനിക്ക് പോരുന്ന വഴി ചില ചിത്രങ്ങൾ കിട്ടി!! സംഘടനയിലെ അംഗങ്ങൾ പറഞ്ഞതനുസരിച്ച് അവരോടൊപ്പം യാത്ര തുടർന്നു!! തികച്ചും വിഭിന്നനായ ആ യാത്രയിൽ ഭൂമിയുടെ സുന്ദരരൂപം കൂടുതൽ ദൃശ്യമായി!! വളഞ്ഞും, പുളഞ്ഞും മനുഷ്യനിർമ്മിത പാതയിലൂടെ ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള യാത്ര!! യാത്രാമദ്ധ്യത്തിൽ ഒട്ടനവധി മലനിരകളും, അരുവികളും, വെള്ളച്ചാട്ടങ്ങളും ദൃശ്യവിരുന്നേകി ...മലനിരകൾ പച്ചപ്പുതപ്പിട്ട് നിൽക്കുന്നു!! കോടമഞ്ഞിന്റെ ആധിക്യം മൂലം തണുപ്പിനാൽ പച്ചപ്പുതപ്പിട്ടതാവാം എന്നു തോന്നിപ്പോകും!! അവ ഭൂമിയിൽ നിന്നും ആകാശസമാനം വളർന്നിരിക്കുന്നു!! തേയിലത്തോട്ടങ്ങളും, കൊച്ച്, കൊച്ച് അരുവികളും പിന്നിട്ട് പോയപ്പോൾ മലനിരകളുടെ ഉയരം കുറയുന്നതായി തോന്നി!! അതെ ഞങ്ങൾ പുണ്യഭൂമിയുടെ സുന്ദരപൂങ്കാവനമായ മാങ്കുളം എന്ന ദേശം എത്തിയിരിക്കുന്നു!! "Misty Garden "എന്ന resort -ൽആണ് താമസസൗകര്യം!! അവിടെ ആദ്യമായി എത്തുന്നവർ കുറച്ച് പാട്പെടും വാഹനം മുകളിൽ എത്തിക്കാ൯!! പിന്നെ ഭൂമിയിൽ നിന്ന് നമുക്ക് സ്വർഗ്ഗത്തിലേക്കുള്ള പാത അത്ര എളുപ്പമല്ലല്ലോ?? അല്ലേ?? ഹഹഹ...എന്തായാലും പേരുപോലെ തന്നെ misty garden തന്നെ!! ഉയരം കൂടിയ പ്രദേശമായതിനാൽ പ്രകൃതി സൌന്ദര്യം  കനിഞ്ഞനുഗ്രഹിക്കുന്ന സ്ഥലം തന്നെ!! ഈ യാത്രയിൽ ഈ resort അല്ലാതെ വേറെ ഒരു സ്ഥലവും നന്നല്ല ...കാരണം അത്രയധികം സുന്ദരവും, സൗകര്യവും ഇഴപാകിയ ഇടം!!! അവിടെ നിന് നോക്കിയാൽ മതി മാങ്കുളം എന്ന ദേശം എത്ര സുന്ദരിയാണ് എന്ന് മനസ്സിലാക്കാ൯!!
                          അവിടെ സംഘാടകർ വന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കാത്ത് നിൽക്കുന്നുണ്ടായിരുന്നു ..ഒരു ചായകുടി കഴിഞ്ഞ് അവരുടെ നിർദ്ദേശപ്രകാരം room ലേക്ക്!!! Camera -യും, Bag -ഉം ഒക്കെ കെട്ടിച്ചുമന്ന് റൂമിൽ വെച്ചു. പിന്നെ എല്ലാവരും എത്തിയതിന് ശേഷം പരിചയപ്പെടൽ, ചില നിർദ്ദേശങ്ങൾ സംഘാടകരുടെ വക!! ജീവിതത്തിൽ ഇന്നേവരെ ഇത്തരം ക്യാമ്പുകളെ അഭിമുഖീകരിക്കാത്ത എനിക്ക് ഇതൊരു പുതുമയായി!! ഒട്ടേറെ പ്രതിഭകൾ അടങ്ങിയ ആ ക്യാമ്പിൽ കുടുംബത്തോടൊപ്പവും അംഗങ്ങൾ ഉണ്ടായിരുന്നു!! ചില മുഖങ്ങൾ ഒഴികെ ബാക്കിയുള്ളവർ അപരിചിതരായി ..എന്നാൽ Photography എന്ന കലയോടുള്ള അടങ്ങാത്ത ആവേശമുള്ള അവർക്ക് എന്നെ സുപരിചിതനായി തോന്നി!! അതാണ് മനുഷ്യ൯!! അതാണ് പ്രകൃതി ...അതാണ് Photography ..ഇതാണ് Photomuse എന്ന സംഘടനയുടെ അടിസ്ഥാനവും!!! കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ photographers പരിചയക്കാരായി ...അവരെ ഞാ൯ മനസ്സിനാൽ അവരറിയാതെ ഗുരുക്ക൯മാരാക്കി ( Nandakumar Moodadi sir, Unni Pulikkal S sir, Biju Ramankutty sir, Sree Kumar V Menon sit, Jameskutty Antony sir,#Seema ji ..etc.. all our campers) .
                        ഉച്ചഭക്ഷണ  ശേഷം Campers നോടൊപ്പം യാത്ര!!! വാഹനം എത്താവുന്നിടം വരെ ചെന്ന് അവിടെ നിന്ന്കാൽനടയാത്ര!!! വനത്തിലൂടെ ...നേരം വിചാരിച്ചതിലും വൈകി!!! ഇന്നേവരെ Tripod എന്ന സാധനം ഉപയോഗിക്കാനറിയാത്ത ഞാ൯ അതും ചുമന്നു!! എന്തെന്നറിയാത്ത യാത്ര!! യാത്രയിൽ ഉടനീളം ഉണ്ടായി അട്ടകളുടെ ശല്യം!! ഇത്രയും മനുഷ്യാത്മാക്കളെ ഒരുമിച്ച് കണ്ടപ്പോൾ അവർക്കും സംശയം!! ആരെ കടിക്കണം?? പോയവരിൽ എനിക്കുൾപ്പടെ കിട്ടീ കടി!!! യാത്രയിൽ എല്ലാവരും 2-3 ഗ്രൂപ്പായി പിരിഞ്ഞ് അവരവരുടെ ശൈലിയിൽ പടം പിടിച്ചു!!! പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥയിൽ Canon എന്ന camera മാത്രം കണ്ട് ശീലിച്ച ഞാ൯ എന്തെന്നറിയാതെ കുഴങ്ങി!! എന്റെ ഈ നില്പ് കണ്ടിട്ടാണോ എന്തോ കൂട്ടത്തിലുള്ളവർ ഏതായാലും കുറച്ച് സഹായിച്ചു!!! വടിയെറിയാനറിയാത്ത എനിക്ക് കൂട്ടായി വിക്രമാദിത്യ൯ വേതാളത്തെ തോളിലേറ്റിയ അവസ്ഥയിൽ Tamron 150-600 mm lens - ഉം, Tripod - ഉം!!! ഇതും ഏറ്റിയ എന്നെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന ശ്രീകുമാർ സാറിന്റെ വക തമാശയും "ഇതാണ് തിരുമേനീ ...തോളിൽ മാറാപ്പ് കേറ്റുന്നത് എന്ന് പറയുന്നത് "..ഹഹഹ...ഏതായാലും വേഷം കെട്ടിയിറങ്ങിയ സ്ഥിതിക്ക് പുലികളുടെ കൂടെ ഒരു പൂച്ചക്കുട്ടിയാകാൻ ഞാ൯ തീരുമാനിച്ചു!! ആയുധം കൈയിലെടുത്തു!!! അവിടെ കണ്ടതൊക്കെ ക്ലിക്കി!! എന്തൊക്കെയോ പടം പിടിക്കുന്ന ആ എഞ്ചിനിലാക്കി ...നേരം ഇരുട്ടി!!! നോക്കിയപ്പോഴോ കൂടെയുള്ളവർ അപ്രത്യക്ഷരായി!! പടം പിടിച്ച ആവേശത്തിൽ ഞാൻ ഒറ്റപ്പെട്ടു!! രസികനിൽ ദിലീപ് കൂട്ടുകാരനോട് പറയുന്നപോലെ ഞാൻ തന്നെ എന്നോട് പറഞ്ഞു .. "ജാങ്കോ ..നീ അറിഞ്ഞോ?? ഞാൻ പെട്ടു "...പിന്തിരിഞ്ഞ് നോക്കിയപ്പോൾ 2 മനുഷ്യജന്മങ്ങൾ എന്നെ ലാക്കാക്കി വരുന്നൂ ...കാടിന്റെ മക്കളാണ് അവർ!! വന്നപാടെ അവർ പറഞ്ഞൂ നിങ്ങളോട് തിരികെ ചെല്ലാ൯ പറഞ്ഞൂ എന്ന്!! എനിക്ക് മുൻപേ പോയവരോടും അവർ പറഞ്ഞോളാമെന്നേറ്റു ...വീണ്ടും തിരികെ ....കുറേ ദൂരം നടന്നപ്പോൾ കൂടെ പോന്നവരെ കണ്ടു!! അവർ അപ്പോഴും പ്രകൃതിയുടെ ദൃശ്യങ്ങൾ പകർത്തുകയാണ്!!! ഞാ൯ വായുംപൊളിച്ച് കൂടെ നടന്നു ..ഹഹഹ...തിരികെയുള്ള യാത്രയിൽ എന്തൊക്കെയോ പെട്ടിയിൽ ആക്കി ...അന്നത്തെ യാത്ര ശുഭം ...വീണ്ടും Resort ...ചായയും ബിസ്ക്കറ്റും ചെന്നപ്പോഴേ തയ്യാർ!! തട്ടി!! പിന്നെ room -ൽ പോയി ഒരു കുളി പാസാക്കി ...തിരികെ Conference Hall -ൽ...
                    അവിടെ നന്ദകുമാർ സാർ, ഉണ്ണി സാർ, സീമ മാഡം ഇവരൊക്കെ ക്ലാസ്സെടുക്കാ൯ തയ്യാർ!! ഉണ്ണി സർ വക കുറച്ച് ക്ലാസ്സ് കഴിഞ്ഞ് നന്ദകുമാർ സാറിന്റെ അതിവിപുലമായ, എന്നാൽ ലളിതമായ ക്ലാസ്സ് .....അതോടെ എന്റെ കാര്യം കട്ടപ്പൊക!!! ക്ലാസ്സിലെ കാര്യങ്ങൾ മുൻനിർത്തി ഞാ൯ മുൻപ് എടുത്ത ചിത്രങ്ങൾ നോക്കിയപ്പോഴോ ...സ്വാഹാ!!!! ലക്ഷങ്ങൾ മുടക്കി ക്യാമറ വാങ്ങിയ ഒരു ഹതഭാഗ്യ൯ ...ഇനിയെന്ത്??ഏതായാലും നടപ്പുകൊണ്ടാണോ എന്നറിയില്ല വിശന്നു ...ചപ്പാത്തിയും, കൂട്ടാനും തട്ടി ..ക്യാമ്പ് ഫയർ പുറത്ത്  റെഡി!!! ഇനി അങ്ങോട്ട്!! അവിടേയും കുറേ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ ...കൂടെയുണ്ടായിരുന്ന ഡോക്ടർ സാറിന്റെ മക്കളുടെ പാട്ടുകളോടെ അന്നത്തെ രാത്രി ശുഭം ...റൂമിൽ സുഖനിദ്ര ...തോളിൽ തൂങ്ങിയ വേതാളത്തിന്റെ( camera +triPod + lenses + umbrella)  കനം മൂലം പുറം കട്ടപ്പുറം ആയി ...ഹഹഹ...പോകുന്നതിന് മുൻപ് സീമമാഡം പറഞ്ഞത് ഓർത്തു "കാട്ടിലേക്ക് വരുന്നവർ രാവിലെ 6.30 ന് ഹാജരാകണം) ...അലാറം 5.30 a.m വച്ച് ഉറക്കം!!!
                   വെടിയൊച്ച പോലെ കർണ്ണപുടങ്ങളെ പൊട്ടിച്ച് 5.30 ന് അലാറം മുഴങ്ങി ...പുറത്ത് നല്ല മഴ!! പുറം വേദന മൂലം മടി!!! എന്നാലും 6.00 മണിയോടെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തി ..കുളിച്ച് വീണ്ടും യാത്രാപ്പുറപ്പാട് ...വേതാളത്തെ തോളിലാക്കി മഴയിൽ നനഞ്ഞ് Resort ൽ സംഘാടകരുടെ അടുത്തേക്ക് ...ഒരു കട്ട൯ അടിച്ചു .. ആനക്കുളം എന്ന സ്ഥലത്തേക്ക്!! ഇക്കുറി കൂട്ടിന് അജിത് സാറും, നന്ദകുമാർ സാറും, ജോസഫ് ജി യും, മധു ജി യും ...ആ ഭാഗത്തേക്കുള്ള യാത്ര അതീവ ദുർഘടം!!! ഏതായാലും ആനക്കുളം എന്ന സ്ഥലത്ത് എത്തി ..പതിവിലും വിപരീതമായി ഒന്നും എന്നിൽ സംഭവിച്ചില്ല!! നാട്ടാനയെ മാത്രം കണ്ടു ശീലിച്ച എനിക്ക് പ്രകൃതിയിൽ ഒന്നും പുതുമയായി തോന്നിയില്ല ചിത്രം എടുക്കാ൯!!എന്റെ അറിവ് അത്രയേ ഉള്ളൂ!!! അതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമുണ്ടോ??? ഇല്ല!!! പിന്നെ ഒന്ന് മാത്രം സംഭവിച്ചു, ഇന്നേവരെ വളരെ വിരളമായി തന്നെ ഇല്ലത്തിന്റെ  മുൻപിൽ ഒഴുകുന്ന പുഴയിൽ കാൽതൊടുന്ന എന്നെ സീമാജിയുടെ നിർബന്ധപ്രകാരം ആ പുഴയിൽ ഇറങ്ങി ...അവിടുത്തെ കത്തിക്കൽ കഴിഞ്ഞ് പുലികൾ നേരെ Resort - ലേക്ക് ...ഇഡ്ഡലിയും, ചായയും വിട്ട് നേരെ വിരിപാറ വെള്ളച്ചാട്ടം...പേര് സൂചിപ്പിക്കുന്ന പോലെ വിരിഞ്ഞ പാറയിലൂടെ വെള്ളച്ചാട്ടം ..അതിൽ കുറച്ച് പടം കൂട്ടുകാരുടെ സഹായത്തോടെ Tripodഎന്ന വേതാളം വെച്ച് എടുത്തു!!! ആ ആഗ്രഹം സഫലമായി!!! യുദ്ധം ജയിച്ച വീര്യത്തോടെ അതിനടുത്ത വലിയ വെള്ളച്ചാട്ടത്തിനടുത്തേക്ക് ...ഞാൻ തീർത്തും അവശനായി മാറി!!! എന്നാലും പുറമേ കാണിക്കാതെ അവിടേയും‌ കുറച്ച് പടം പിടിച്ച് യാത്രയുടെ അവസാനഘട്ടത്തിൽ!!! Misty Garden എന്ന നല്ല അനുഭങ്ങളും, പാഠങ്ങളും പഠിപ്പിച്ച Resort ലക്ഷ്യമാക്കി യാത്ര!!!
                      ഉച്ചഭക്ഷണശേഷം യാത്രയിൽ പങ്കെടുത്ത അംഗങ്ങൾക്ക് Camper's certificate. പിന്നെ അനുഭവങ്ങളും ...അവിടെ പറഞ്ഞ കുറച്ച് കാര്യങ്ങൾ മാത്രമല്ല മുഴുവൻ ഇതിൽ ഉണ്ട്!! ഈ യാത്ര കൊണ്ട് ഞാ൯ ഏറ്റവും സന്തോഷവാനാണ്! കാരണം,കുറേയേറെ ഗുരുക്കൻമാരെ എനിക്ക് കിട്ടി ..അതിൽ പ്രായം കൂടിയവരും, കുറഞ്ഞവരും ...പോരാ൯ നേരം അജിത് സാർ എന്നോട് പറഞ്ഞു "തിരുമേനീ ..എനിക്ക് ഈ വേഷത്തിൽ കുറച്ച് പടം എടുക്കണം "എന്ന്!!! ആ വലിയ മനുഷ്യന്റെ നിഷ്കളങ്കമായ ചോദ്യത്തിൽ വീണതാണ് ഞാ൯ എന്ന എന്റെ ജന്മം ചെയ്ത പുണ്യം!!! സത്യം!! Ajith Aravind sir is one of the most beautiful person in my real life ..he is  master of photography & he is also a good brother of me...hattsoff sir!!! Portfolio എന്ന ആശയത്തിൽ Joseph Varghese ന്റേയും, Sree Kumar ന്റേയും സഹായത്തോടെ എന്റെ ഞാ൯ പോലും കാണാത്ത, അല്ലെങ്കിൽ എന്നെ ആരും കാണാത്ത രീതിയിൽ എന്റെ ചിത്രം അദ്ദേഹത്തിന്റെ മാസ്മരിക കരം കൊണ്ട് എടുത്തു ...ഈ ഒരു അസുലഭ മുഹൂർത്തമാണ് ഈ ഒരു ക്യാമ്പ് കൊണ്ട് എന്റെ ഏറ്റവും വലിയ പുണ്യം ...
              Thanks all for supporting me...& supported me....Thank u so much Photomuse & admins of Photomuse & gr8 thanks to my brothers & sisters ... THANKZ A....LOT....😍 
                        Ur's Umesh Kesavan Namboodiri Eraliyoor

Sunday, 26 August 2018

Travelogue to Vazhachal with Baiju.K.Vasudevan

വാഴച്ചാൽ. ഈ പേര് കേൾക്കാത്തവരില്ല. അത്രമേൽ സുപരിചിതമാണ് ഇവിടം. ഒരിക്കലെങ്കിലും വരാത്തവർ ചുരുക്കം. ആ സുന്ദരിയുടെ മടിത്തട്ടിലേക്കായിരുന്നു, എന്റെ യാത്ര. ഞാനും, ബിനോയിയും കൂടി രാവിലെ കൃത്യം 6.30 ന് വാഴച്ചാൽ ചെക്ക്പോസ്റ്റിൽ എത്തി. മുൻപേ എത്തിയ വണ്ടികൾ ഊഴം കാത്ത് ഓരം ചേര്‍ന്ന്  കിടക്കുന്നു. ഓഫീസിൽ അന്വേഷിച്ചപ്പോൾ അൽപ്പം കഴിയും പോകാൻ, ആനകൾ വഴിയിൽ നിന്നും പോയിട്ടില്ല. തലേന്ന് രാത്രി പ്രശ്നം ആയിരുന്നു എന്നും അവർ പറഞ്ഞു. ബൈജുവിനെ കാണാനാണ് എന്ന് പറഞ്ഞപ്പോൾ ശരി എന്നവർ മൂളി. പുളിയിലപ്പാറ വരെയല്ലേ പോകൂ എന്ന് ചോദ്യം. ചിലപ്പോൾ മലക്കപ്പാറ വരെ പോകും, എന്ന് ഞാനും. ഞങ്ങളുടെ വാഹനം കടത്തി വിട്ടു..സൂക്ഷിക്കണം എന്ന് നിർദ്ദേശവും.
ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി.തലേ ആഴ്ച വാഴച്ചാൽ വന്നുപോയ ബിനോയിയുടെ കണ്ണുകൾ പോകുന്ന വഴിയിലെ മരത്തിൽ പരതി. ഇല്ല. ഇന്നിവിടെയില്ല. പോകാം എന്ന് ബിനോയിയും. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ കാതുകളെ ഉണർത്തിക്കൊണ്ട് ദാ കാടിനെ വളർത്തുന്ന കാടിന്റെ ദൈവം "മലമുഴക്കി വേഴാമ്പൽ". രണ്ടു പേരുണ്ട്. പക്ഷേ മഞ്ഞിനാൽ മൂടിയ പ്രകൃതിയുടെ പച്ചയിൽ ആ കാഴ്ച ഞങ്ങൾക്ക് അന്യമായി. അവിടെ നിന്നും നേരെ പുളിയിലപ്പാറ. ഞങ്ങൾ എത്തിയപ്പോഴേക്കും ബൈജു ഇറങ്ങി. അവിടെ നിന്നും ചായ കുടിച്ച് ബൈജു ചൂണ്ടിയ വഴിയിൽ വാഹനം നീങ്ങി.വണ്ടി നേരെ തിരിച്ചു.. ഞങ്ങൾ പുളിയിലപ്പാറ ലക്ഷ്യം വെച്ച് നീങ്ങി..കാടിന്റെ പല കഥകളും പറഞ്ഞുള്ള ആ നീക്കത്തിനിടയിൽ നിർത്ത് തിരുമേനീ.. എന്നൊരു ശബ്ദവും, വേഗം വാ... എന്നൊരു വിളിയും..
ഞങ്ങൾ വേഗം ചെന്നു.. ആ നിമിഷം ആണ് ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത്. 2 മലമുഴക്കികൾ അവരുടെ സ്നേഹം കൈമാറുന്ന നിമിഷം. പൊടുന്നനെ അവ 2 ശാഖകളിലായി. ഞാനും ബിനോയിയും ചറ..പറാ എന്ന് ക്യാമറ വെടിച്ചു.. ഇതാണ് കാട്. എന്നും അത്ഭുതങ്ങൾ സമ്മാനിക്കും.. നോക്കി നിന്നോ.. ഇപ്പോൾ അവ പറക്കും. എന്ന് ബൈജു പറയലും അവയിലൊന്ന് പറക്കലും ഒപ്പം. അവയെ കണ്ട സന്തോഷം ഉള്ളിലാക്കി ഞങ്ങൾ നീങ്ങി.പോകുന്ന വഴിയിൽ വാനരക്കൂട്ടം നൃത്തം വെക്കുന്നു. മുളങ്കാടുകൾ കലപിലാ ശബ്ദം കൂട്ടുന്നു. കാട്ടുകോഴികൾ വഴിയിൽ കുറുകെ പായുന്നു..വീണ്ടും ബൈജുവിന്റെ ശബ്ദം. വലത്തേക്ക് ചൂണ്ടിയ വിരലിന്റെ അറ്റം നേരെ ചെന്നത് പരുന്തിനടുത്തേക്ക്.. അതിന്റെ ചിത്രങ്ങൾ പകർത്തി ഞങ്ങൾ യാത്ര തുടര്‍ന്നു.

ഞങ്ങൾ നേരെ മലക്കപ്പാറ റൂട്ടിൽ. പിന്നങ്ങോട്ട്  മുതൽ ആനകളുടെ ഊഴമായി. വഴിനീളെ അവയുടെ സാമീപ്യമറിയിച്ച് പിണ്ഡം നിരന്നിരിക്കുന്നു.അഅധികം ചെന്നില്ല, മുൻപിൽ ഇരുന്ന ബൈജു എന്തോ അവ്യക്തമായി പറഞ്ഞ് കൊണ്ട് ഇടത്തേ തോളിൽ കൈ മുറുക്കി. കാര്യം വ്യക്തമാകാത്ത ഞങ്ങളുടെ മുൻപിൽ ചിന്നം വിളിച്ച് ദാ ഒരു ആന. അവൻ ഒന്ന് തുമ്പി നീട്ടിയാൽ വണ്ടിയിൽ പിടി മുറുകും. എന്തോ കണ്ട് പേടിച്ചുള്ള ആ വരവിൽ അവൻ ഞങ്ങളെ വിട്ടതാവാം. കുറച്ച്  ദൂരം ഡാമിൽ വെള്ളത്തിനായി ഇറങ്ങിയ ആനക്കൂട്ടം. അവയുടെ ചിത്രങ്ങൾ പകർത്തി. തതള്ളയും കുഞ്ഞുമടക്കം ഏകദേശം 5 ഓളം വരുന്ന ആ കൂട്ടം ധാരാളം വെള്ളം അകത്താക്കുന്നുണ്ട്. ചെളിവാരിയെറിഞ്ഞ് നിൽക്കുന്നു ഒരു കുട്ടിക്കൊമ്പൻ, കുറുമ്പ് കാട്ടി തള്ളയുടെ ചാരെ നീങ്ങുന്ന കുഞ്ഞിനെ കണ്ട് കൊതിയടങ്ങിയില്ല. അവ അവിടെ നിന്നും വിട പറഞ്ഞു. .
ഞങ്ങൾ വീണ്ടും യാത്രയിലേക്ക്.. പോകും വഴി കേഴമാൻ ഞങ്ങളെ വെട്ടിച്ച് കുറുകെ ചാടി. മലയണ്ണാൻ കൊമ്പുകൾതോറും ചീറി നടക്കുന്നു. ഇരു വശങ്ങളിലും അത്ഭുതങ്ങൾ ഒളിപ്പിച്ച കാടിന്റെ മർമ്മരം നുകർന്ന്  ഞങ്ങൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു. അതിലും എന്തോ അത്ഭുതം തോന്നി. ബൈജു തന്നെയാണ് ഇത്തവണയും വണ്ടി തിരിക്കാൻ പറഞ്ഞത്. പോരും വഴി വീണ്ടും അതേആആനക്കൂട്ടം. അവർ ഇത്തവണയും ഡാമിൽ തന്നെ.. അങ്ങ് ദൂരെ ആനകൾ മറുകര ഏറുന്ന കാഴ്ചയും വ്യക്തമായി. അതെല്ലാം ആസ്വദിച്ച് വീണ്ടും യാത്ര തുടര്‍ന്നു.

കയ്യിൽ കരുതിയ മാമ്പഴവും ബിനോയി കൊണ്ടുവന്ന കുറച്ച് ഓറഞ്ചും അകത്താക്കി. ബൈജുവിന്റെ നിർദ്ദേശത്താൽ വണ്ടി നിന്നത് കണ്ടാൽ ഒട്ടും അതിശയം തോന്നാത്ത ഒരു മരത്തിന് കീഴെ. റോഡിന് മറുതലക്കൽ നിൽക്കാൻ ബൈജു പറഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അതിശയിച്ചു. ഒരു ചെറിയ ദ്വാരം ചൂണ്ടിക്കാട്ടിക്കൊണ്ട് ബൈജു പറഞ്ഞു അത് കോഴിവേഴാമ്പലിന്റെ കൂട് ആണ്, ഇപ്പോൾ തീറ്റ കൊടുക്കാൻ വരും എന്ന്. പറഞ്ഞ മാത്രയിൽ ദാ എത്തി, അതൊരു മായികക്കാഴ്ചയായി. ആ പ്രവർത്തി പല തവണ ആവർത്തിച്ചു. ഇതാണ് കാടിനെ സ്പർശിക്കുമ്പോൾ ഉള്ള ആ സുഖം. കഴിഞ്ഞെങ്കിൽ ശബ്ദമുണ്ടാക്കാതെ ദാ ഇങ്ങോട്ട് വാ.. ബൈജു ശ്വാസസമാനം മൊഴിഞ്ഞു.

തലയുടെ തൊട്ടു മുകളിലെ കൊമ്പിൽ ബൈജു കൈ ചൂണ്ടി. തീ നിറമാർന്ന മേനിയുമായി പക്ഷി നിരീക്ഷകരുടെ സ്വപ്നം "തീകാക്ക". പണ്ട് തട്ടേക്കാട് പോയപ്പോൾ സുധീഷ് കാണിച്ചു തന്ന ആ പക്ഷി കൈ എത്തും ദൂരത്ത്. മതിയാവോളം അവന്റെ ചിത്രങ്ങൾ പകർത്തി. നേരം ഏകദേശം വൈകുന്നേരം  4.30 ആയി. കാടിനോടും, അത്ഭുതങ്ങളോടും വിട ചൊല്ലി, ഇനിയും കണ്ണിനും, കാതിനും മനസ്സിനും ഇമ്പങ്ങൾ നൽകാം എന്ന മോഹത്തോടെ വിട..

യാത്രകൾ തീരില്ല. മനുഷ്യന്റെ ആദ്യാവസാനം വരെ അവൻ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ യാത്രകൾക്കതീതനാകും. അത്ഭുതങ്ങൾ തേടിയുള്ള അവന്റെ ആവേശം ഒരിക്കലും കെട്ടടങ്ങില്ല. കാടിനെ നമ്മുടെ ദൈവമായ് കണ്ട് മായികക്കാഴ്ചകൾ മനസ്സിനെ പുൽകട്ടെ.... 
Ur's 
Umesh Kesavan Namboodiri 
Attention 

Malabar Grey Hornbill 

കാടിന്റെ കാവൽക്കാരൻ "ബൈജു.കെ.വാസുദേവൻ
പറന്ന്... പറന്ന്... 

A DAY WITH REJEEV THATTEKKAD

"യാത്രകൾ... അത് എത്ര പഴക്കമേറിയവയാണെങ്കിലും മനസ്സിൽ ഒരു അനുഭൂതി നൽകും"
      ഈ യാത്രയ്ക്ക് ഒരു 2 വർഷത്തെ പഴക്കമുണ്ട്... പക്ഷേ ആ പഴമ എനിക്ക് ഇന്നും പുതുമ തന്നെ.. 2016 ഏപ്രിൽ 20 ന് രെജീവ് Rejeev Thattekkad ഫേസ്ബുക്കിൽ പോസ്റ്റിയ ചിത്രങ്ങൾക്ക് പുറകേയാണ് ഞാൻ കൂടിയത്,മറ്റൊന്നുമല്ല ആനകളുടെ ചിത്രങ്ങൾ അതിനുവേണ്ടി ഞാൻ രെജീവിനെ കൂട്ടുപിടിച്ചു..വൈകുന്നേരങ്ങളിൽ ആണ് കാണാറ്,എന്നാലും നമുക്ക് പോയി നോക്കാം എന്ന് രെജീവ് പറഞ്ഞു..
             ആനകളെ കാണാമെന്ന വ്യാമോഹത്തിൽ കുടുംബത്തിൽ നിന്നും ഇറങ്ങി.. പതിവുപോലെ രെജീവ് തട്ടേക്കാട് പാലത്തിൽ കാത്തുനിൽക്കുന്നു..പൂയംകുട്ടി ആണ് ലക്ഷ്യം..സമയം ഏകദേശം രാവിലെ 10 മണി ആയിക്കാണും..പൂയംകുട്ടി എത്തിയതെന്നും ഞാൻ അറിഞ്ഞില്ല.. ഫോറസ്റ്റ് ഓഫീസിൽ കയറി അനുമതി വാങ്ങി,അടുത്ത് കണ്ട ബേക്കറിയിൽ നിന്നും 2 ഗ്ലാസ് ഉപ്പുസോഡ കുടിച്ചു.. വേഷം കണ്ടാകും കടക്കാരൻ ചോദിച്ചു, കാട്ടിലേക്ക് ആകും അല്ലേ? എന്ന്.. ഇന്നലേം മിനിഞ്ഞാന്നും ഒക്കെ ആനകളെ കണ്ട കഥകൾ ഒക്കെ അങ്ങേര് വിസ്തരിച്ചു.. എന്റെ സന്തോഷം ഇരട്ടിയായി...നേരെ പാലം കടന്ന് അക്കരെ കയറി കാർ ഒതുക്കിയിട്ടു.. ഇനി കാടിനുള്ളിലേക്ക്...
              വെയിലിന്റെ ചൂട് കഠിനമായി, കാടിന് കുറച്ച് ഉള്ളിലേക്ക് കയറും തോറും വെയിലിന്റെ കാഠിന്യം കുറഞ്ഞു.. ഞങ്ങൾ ആ പുഴയുടെ ഓരം ചേർന്ന് നടത്തം തുടങ്ങി.. ആനകളുടെ ആധിപത്യം ഉറപ്പിക്കുന മട്ടിൽ അവയുടെ കാലടികളും പിണ്ടങ്ങളും തെളിവായി കാണുന്നു..അവ ഒടിച്ചിട്ട മരങ്ങളും ഒക്കെ കാണാനായി.. ഇടതൂർന്ന ഈറ്റക്കാടിനിടയിലൂടെ ഞങ്ങൾ വീണ്ടും പുഴയിലേക്ക് തന്നെ ചെന്നെത്തി..ആ പുഴയുടെ ഒത്ത നടുക്കായി ഒരു ആദിവാസി കുടുംബം താമസിക്കുന്നുണ്ട്..രെജീവ് അവരോട് ആനകളെക്കുറിച്ച് ചോദിച്ചറിഞ്ഞു..തലേന്ന് രാത്രി ഒക്കെ ആനകൾ ഉണ്ടായിരുന്നു എന്നൊക്കെ അവർ പറഞ്ഞു..ഞങ്ങൾ കുറച്ച് മുകളിൽ കയറി നോക്കി.. അവിടെയാണ് സുധീഷും,രെജീവും കൂട്ടുകാരും ഒക്കെ കുളിച്ച സ്ഥലം.. അതിന് തൊട്ട് മുകളിൽ ആണ് ആനകൾ ഇറങ്ങിയതും..വിശപ്പ് വില്ലനായി.. ഞാൻ ഇല്ലത്ത് നിന്ന് എടുത്ത ഇടിയപ്പം ഒക്കെ അകത്താക്കി... കുറച്ച് സമയം അവിടെയിരുന്നു..
              മാഷേ... നമുക്ക് കുറച്ച് നടന്നാലോ? രെജീവിന്റെ വക ചോദ്യം.. സമയം കളയാതെ ഞങ്ങൾ നടത്തം തുടങ്ങി.. പോകുന്ന വഴിയിലൊക്കെ ആനകളുടെ വിക്രിയകൾ കാണാം.. കാല്പാദങ്ങൾ കണ്ടാൽ അറിയാം നല്ല കൊമ്പൻ ഒക്കെയുണ്ട് അവിടെ.. നടന്ന് വിഷമിച്ചപ്പോൾ അവിടെ പുഴയിൽ ഇറങ്ങി മുഖം ഒക്കെ കഴുകി, കുറച്ച് കുടിക്കുകയും ഒക്കെ ചെയ്തു.. കുറേ ചെന്നപ്പോൾ വെള്ളം ആർത്തിരമ്പുന്ന ശബ്ദം ദൂരെ കേൾക്കാം..അവിടെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്ന് രെജീവ് പറഞ്ഞു(പേര് പറഞ്ഞിരുന്നു, പക്ഷേ മറന്നു).. അടുക്കും തോറും ശബ്ദം കൂടി വന്നു.. ഒടുവിൽ വെള്ളച്ചാട്ടത്തിനടുത്ത് എത്തി.. നിറയെ പാറക്കെട്ടുകൾ.. അതിലൂടെ ചാടി ചാടി ഏതാണ്ട് അടുത്ത് വരെ ഞങ്ങൾ എത്തി..ആ പാറകൾ ഒക്കെ വെള്ളം വീണ് തേഞ്ഞുതീർന്നിരിക്കുന്നു.. അതിൽ കുഴികൾ ഒക്കെ രൂപപ്പെട്ടിരിക്കുന്നു..വഴി ഇവിടെ തീർന്നു രെജീവിന്റെ ശബ്ദം..
            നമുക്ക് ഇതിന് അപ്പുറം കടന്ന് തിരികെ പോകാം, രെജീവ് പറഞ്ഞു.. കഷ്ടിച്ച് പാറക്കല്ലുകളിൽ ചാടി ചാടി അപ്പുറം കടന്നു.. അവിടം മുതൽ ഇടതൂർന്ന, അല്ല കയറാൻ പിടില്ലാത്തത്ര മുളങ്കൂട്ടം.. ഒരുവിധത്തിൽ ഞങ്ങൾ നുഴഞ്ഞു കയറി.. ആ യാത്ര ഒരു അനുഭവം തന്നെ ആയിരുന്നു.. പിന്നീടിങ്ങോട്ട് ഞങ്ങൾ വഴിയുണ്ടാക്കിയാണ് പോയത്.. കുത്തനെയുള്ള കയറ്റം... ഒരു കാൽ മുന്നോട്ട് വെച്ചാൽ 2 അടി പിന്നോട്ട് പോരും. അതാണ് അവസ്ഥ.. കാരണം ഈറ്റയുടെ ഇലകൾ പൊഴിഞ്ഞ് കിടക്കുന്നു.. അതിൽ ചവിട്ടുമ്പോൾ അവ നമ്മുടെ പാദങ്ങളെ പിന്നോട്ട് വലിക്കും.. എങ്ങാനും ഈറ്റയിൽ പിടിക്കാൻ നോക്കിയാൽ ചിലപ്പോൾ നമ്മൾ കാണാതെ ഒരു വിദ്വാൻ ഉണ്ടാകും, Pit Viper.. രെജീവ് ഓർമ്മിപ്പിച്ചു... ഇപ്പോൾ ഇവിടെ ആനകൾ വന്നാൽ എന്ത് ചെയ്യും? എന്റെ ചോദ്യം രെജീവിനോട്.. ഒന്നും ചെയ്യാനില്ല... വളരെ കൂളായി രെജീവ് മറുപടി നല്‍കി.. കൂട്ടത്തിൽ ഇതു കൂടി പറഞ്ഞു, "ഞാൻ ആദ്യമായിട്ടാണ് ഇതുവഴി വരുന്നത്.. മുൻപ് ഫോറസ്റ്റിന്റെ റോഡിലൂടെ വന്നിട്ടുണ്ട്.... കൈ ചൂണ്ടിക്കാട്ടി ഇതിലേ മുകളിലേക്ക് പോകാം, അവിടെ ഒരു വഴിയുണ്ട്" എന്നും പറഞ്ഞു.. വീണ്ടും എങ്ങനെയൊക്കെയോ മുകളിൽ എത്തിപ്പറ്റി.. ചെന്നപ്പോൾ അവിടെ വിജനമായ മൺവഴി.. ആ വഴിയിലൂടെ ഞങ്ങൾ തിരികെ നടന്നു.. ഈ ദൂരം അത്രയും താണ്ടിയ ഞങ്ങളുടെ വയറ്റിൽ നിന്നും സൈറൺ മുഴങ്ങിക്കൊണ്ടേയിരുന്നു.. കുറച്ച് ദൂരം ചെന്നപ്പോൾ അതാ താഴെ വലതുവശത്ത് ഒരു മാവ്.. ചുവട്ടിൽ നിറയെ മാമ്പഴവും.. ഒന്നും നോക്കിയില്ല അതിൽ കുറേ അകത്താക്കി.. വീണ്ടും നടന്നു... അങ്ങോട്ട് പോയ ആ ആവേശം പതിയെ ചോർന്നു.. വൈകുന്നേരം ആയി.. രാവിലെ പണി തന്ന സൂര്യന് ഒരു പണി കൊടുത്ത് അപ്രതീക്ഷിതമായി മഴമേഘം മുകളിൽ കുടപിടിച്ചു.. വേഗം നടക്കാം രെജീവിന്റെ ശബ്ദം.. ആനകളെ കാണാൻ പോയ എനിക്ക് ആനപിണ്ടങ്ങൾ കണ്ട് മടങ്ങേണ്ടി വന്നു.. പക്ഷേ ഇത്രയും ദൂരം കാട്ടിലൂടെ നടക്കുക എന്നത് ഭാഗ്യം... അതിന്റെ ചാരിതാര്‍ത്ഥ്യം മനസ്സിൽ ഇന്നും നിറയുന്നു.. തിരികെ അവിടുത്തെ കടയിൽ കയറി 2 ഉപ്പുസോഡ കൂടി കുടിച്ചു.. എന്റെ സന്തോഷം കണ്ട ആ കടക്കാരൻ വീണ്ടും ഒരു ചോദ്യം "ആനകളെ കണ്ടു അല്ലേ?".. ഇല്ല എന്ന് ഞാനും..
         NB: പൂയംകുട്ടി ആനകൾക്കെന്താ 4 കൊമ്പുണ്ടോ? ഈ ചോദ്യം വേണ്ട... സുധീഷ് Sudeesh Thattekkadu പറഞ്ഞപോലെ "പൂയംകുട്ടി ആനകളെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ നേർക്കുനേർ നിന്ന് ഫോട്ടോ എടുക്കുന്നവനാണ് ഫോട്ടോഗ്രാഫർ".. മനുഷ്യന്റെ ഗന്ധം ഏഴ് അയൽപക്കത്ത് വന്നാൽ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന ഇവിടത്തെ ആനകൾ ആണ് ആനകൾ... അവയെ ഇങ്ങനെ ആക്കിയതിലും മനുഷ്യരുടെ പങ്ക് ചില്ലറയല്ല.. ഈറ്റ കത്തി കൊണ്ട് തുമ്പിക്കൈ വെട്ടിയും, ദേഹത്ത് പ്ലാസ്റ്റിക് ചാക്ക് കത്തിച്ചിട്ടും, ചെയ്ത ക്രൂരതയ്ക്ക് തിരികെ ആനകളുടെ മറുപടി മനുഷ്യരെ തുരത്തുക എന്നത് തന്നെയാണ്, അവയുടെ ജീവന് വേണ്ടി... കൊമ്പിന് വേണ്ടി ഏറ്റവും കൂടുതൽ ആനകളെ കൊന്നതും ഇവിടെ ആണെന്ന് തോന്നുന്നു.. അപ്പോൾ ഏത് മനുഷ്യരും അവന്റെ ശത്രു തന്നെ...
                     തിരികെ വണ്ടിയിൽ കയറുമ്പോൾ മഴമേഘങ്ങൾ അതിശക്തമായി പെയ്തുതുടങ്ങി.. ഇരുട്ടിന്റെ വിളി തുടങ്ങിക്കഴിഞ്ഞു... കുറച്ച് സമയം വണ്ടിക്കുള്ളിൽ ഇരുന്ന് പുറത്തെ മഴ ആസ്വദിച്ചു.. ഇനി നമുക്ക് ഇവിടെ നിന്നിട്ട് കാര്യമില്ല, പോകാം... രെജീവ് പറഞ്ഞു... ഒന്നും കണ്ടില്ലെങ്കിലും എന്തൊക്കെയോ നേടിയ ആവേശത്തോടെ മടക്കം....
                   ശുഭം.... ഇഷ്ടം
         ഉമേഷ് കേശവൻ നമ്പൂതിരി..
Malabar Trogon (male) 

Rock Agama 


Green Bee Eater 

Malabar Giant Squirrel 

Black Bazza 

Wine Glass Mushroom 

Beauty 

Ceylon Frogmouth 


"THEKKADY" THE LAND OF BEAUTY



"തേക്കടി യാത്ര "
                വന്യമായ സൗന്ദര്യം നിറച്ചാർത്തണിഞ്ഞു നിൽക്കുന്ന "തേക്കടി " എന്ന സുന്ദരഭൂമിയെ കൂടുതൽ അറിയാനും, അനുഭവിക്കാനുമായി ഒരു യാത്ര ...മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, രാവിലെ 7.15 മണിയോടെ ഞാൻ തേക്കടിയിൽ എത്തി ..അവിടെ നിന്നും പ്രത്യേകം പാസ്സ് എടുത്തു ..ഒരു ദിവസം കാടിനുള്ളിലൂടെയുള്ള യാത്ര അതാണ് ഉദ്ദേശം .... രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ...എന്റെ കൂടെ 5 വിദേശികളും കൂട്ടായി ...കൂടാതെ 2 പെരിയാർ ടൈഗർ റിസേർവ് ഗാർഡുമാരും  (ബിനു, പ്രഭു)  പിന്നെ നിറതോക്കോടെ   ഒരു ഫോറസ്റ്റ് ഓഫീസറും (ശ്രീരാജ്) കൂട്ടിന് ...കാടിന്റെ മക്കൾ താമസിക്കുന്ന സ്ഥലം പിന്നിട് വേണം കാടിനുള്ളിൽ കടക്കാൻ ...പെരിയാർ ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കുന്നതിന് മുൻപ് മുതൽ ഉള്ള കുടുംബങ്ങൾ  അവിടെയുണ്ട് ..പ്രഖ്യാപനത്തിന് ശേഷം സർക്കാർ അവർക്ക് നൽകിയതാണ് സ്ഥലങ്ങൾ ഒക്കെ തന്നെ ...എന്നിരുന്നാലും ഇപ്പോഴും ആ കാട് തന്നെയാണ് അവരുടെ ജീവനോപാധി .....അവിടം പിന്നിട്ട് മുൻപോട്ട് നടന്നപ്പോൾ കാടിന്റെ വശ്യതയും, വന്യതയും മിഴികളിൽ മിന്നി ....ആനകൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ അവയുടെ വരവിനെ തടുക്കാനായി വലിയ കുഴികൾ തീർത്തതായി കണ്ടു ...ആ കുഴിയുടെ മീതെ തീർത്ത താൽക്കാലിക പാലം കടന്നുവേണം കാട്ടിൽ എത്താൻ ...അത് പിന്നിട്ടപ്പോൾ മുതൽ പച്ചവിരിപ്പ് നിവർത്തി ഇടതൂർന്ന ഈറ്റക്കാടുകൾ ദൃശ്യമായി ...അതാണ് കാടിന്റെ ഭംഗി, ഉണർവ്വ് ....അവ കാറ്റിൽ ഇളകിയാടുന്ന ആ കൂജനം കേൾക്കുമ്പോൾ തന്നെ,മനസ്സിൽ നിർവൃതിയുടെ നിറച്ചാർത്തണിയും ....പെട്ടെന്ന് ഒരനക്കം കേട്ട് ഗാർഡുമാർ നിന്നു ...അപ്പോൾ അതാ കാട്ടിലെ മല്ലയുദ്ധക്കാരായ "കാട്ടുപോത്തുകൾ "....തന്റെ സഹജീവികൾ എന്ന് അവർ കരുതുന്ന (നമ്മൾ അങ്ങനെ കരുതുന്നില്ല എന്ന സത്യം നാം മനസ്സിലാക്കണം) നമ്മുടെ കാൽപ്പരുമാറ്റം, എന്തിന് ശ്വാസോച്ഛ്വാസം വരെ സൂക്ഷ്മമായി മനസ്സിലാക്കുന്നു ആ ജീവികൾ ...നമ്മൾ എത്ര കരുതലോടെ കാടകം കേറിയാലും അവിടെ വീണ കരിയില വരെ നമ്മെ മനസ്സിലാക്കും ...അത്രയ്ക്ക് പവിത്രത കാടുകൾക്ക് ഉണ്ട് ..അതാണ് പ്രകൃതി ...ആ പ്രകൃതിയെ അതേ പോലെ കാക്കേണ്ട നമ്മൾ അവ നശിപ്പിക്കുന്നു ...കാട്ടുപോത്തുകളുടെ ചിത്രം അതിവേഗം ക്യാമറയിൽ ആക്കി ...സെക്കന്റുകൾക്കുള്ളിൽ അവ മാഞ്ഞു ....അവിടെയാണ് മൃഗങ്ങളുടെ വിശേഷബുദ്ധി നാം മനസ്സിലാക്കേണ്ടത് ...അവയ്ക്ക് ഈ ഭൂമുഖത്ത് ഏറ്റവും പേടി മനുഷ്യൻ തന്നെ ....അവിടെ നിന്നും നടന്നു ... കൂടെ വന്ന വിദേശികൾ വായടക്കാതെ തന്നെയാണ്!! എപ്പോഴും സംസാരം തന്നെ ....കൂടെ വന്ന ഫോറസ്റ്റ് ഓഫീസർ അവർക്ക് ഓരോന്നും വിശദീകരിച്ചു കൊടുക്കുന്നു ...അതൊക്കെ കേൾക്കുമ്പോൾ അവർക്ക് ആവേശം ...തന്റെ നാടിനെ വിട്ട് മറുനാട്ടിൽ വന്ന് പ്രകൃതിയെ അറിയാനുള്ള ആകാംക്ഷ അവരുടെ മുഖത്ത് കാണാം ...ഭാരതസംസ്ക്കാരം തന്നെ ഒരു പക്ഷെ വനങ്ങളും, അവയിലെ ജീവജാലങ്ങളും എന്ന് പറയാം ...ആ കാടിന്റെ ചരിത്രങ്ങൾ വിശദീകരിച്ച് നടത്തം ...ഇടയ്ക്ക് വീണ്ടും കാടിന്റെ കാവൽക്കാർ  മിന്നി മറഞ്ഞു ... ആനകൾ യഥേഷ്ടം സഞ്ചരിക്കുന്ന പാതയിലൂടെ നടത്തം! ഇടയിൽ അവയുടെ കലാവിരുതുകളും ദൃശ്യമായി ....തലേ രാത്രി അവ കാട്ടിക്കൂട്ടിയ വിക്രിയകളും കണ്ടു ..മരത്തിൽ ശരീരം ഉരച്ചതിന്റേയും, ചെളിക്കുളമാക്കിയതിന്റേയും, മരങ്ങൾ ഒടിച്ചതും ദൃശ്യമായി ...കുറച്ചു ദൂരം കഴിഞ്ഞ് അല്പം വിശ്രമം, പിന്നെ പ്രഭാതഭക്ഷണം ...കൂടെ വന്ന ഗാർഡുമാർ കണിശം ഒട്ടും മാറാതെ പറഞ്ഞു, "ഭക്ഷണശേഷം അവശിഷ്ടങ്ങളും, മറ്റും പൊതിഞ്ഞ് ബാഗിൽ തന്നെ വയ്ക്കണം എന്ന് ".....ഈ വ്യഗ്രത എല്ലാവരിലും വന്നാൽ ഒരു പക്ഷേ മൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിച്ച് ജീവൻ വെടിയേണ്ട അവസ്ഥ വരില്ല!! പ്ലാസ്റ്റിക്കും, മറ്റു സാധനങ്ങളും ഉപേക്ഷിച്ച ശേഷം അവ പെറുക്കുന്നതിലും നല്ലതല്ലേ ഈ കരുതൽ???
                    ഭക്ഷണശേഷം 10 മണിയോടെ നടക്കാനാരംഭിച്ചു ....പിന്നെ കയറ്റം ആണ്...സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 2000 അടി ഉയരത്തിൽ കയറണം ...പോകുന്ന വഴിയിൽ വീണ്ടും ആനകൾ വഴിയിടിച്ച ദൃശ്യങ്ങൾ ....എനിക്ക് തന്നെ അത്ഭുതം ഇത്രയും ഭീമാകാര ശരീരി എങ്ങനെ ഇവിടെയൊക്കെ വരുന്നു !!!! ഈറ്റക്കാടുകൾ പിന്നിട്ട് വീണ്ടും കയറി ചെല്ലുമ്പോൾ മരങ്ങൾ ഇടതൂർന്ന പ്രദേശം ...കൂടെ വന്ന സായിപ്പുമാർ കൂളായി കയറിപ്പോകുന്നു ....ഞാൻ പതുക്കെ നിന്നു,നിന്നാണ് കയറിയത് ..ഇടയ്ക്ക് ശ്വാസം നിന്നു പോകുന്ന അവസ്ഥ ...വിദേശികളിൽ ഒരാൾ എന്റെ ക്യാമറ വാങ്ങി, എന്നിട്ട് അത്ഭുതത്തോടെ പറഞ്ഞു "ഈ ഭാരം ചുമന്നു കയറുന്ന താങ്കളെ സമ്മതിക്കണം " എന്ന് ...എനിക്കും അങ്ങനെ തോന്നി ...ഹഹഹഹ....കാരണം ക്യാമറയും, ബാഗും, ട്രൈപ്പോഡും തൂക്കി കയറിയവനല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയാവൂ!! ഹഹഹ... ഞങ്ങൾ ഏതാണ്ട് 1600 അടിയോളം പിന്നിട്ടു ..പിന്നീടുള്ള ആ 400 അടി അതാണ് ഞാൻ സകല ദൈവങ്ങളേയും വിളിച്ച സമയം ...കാലുകൾ കുഴഞ്ഞു ...ഞാൻ കണ്ട സ്ഥലത്ത് ഇരിപ്പുറപ്പിച്ചു ....മുകളിലേക്ക് പോകുംതോറും വെയിലിന്റെ കാഠിന്യം അസഹനീയം ...ഒടുവിൽ എങ്ങനെയോ ആ പ്രദേശം കാൽക്കീഴിൽ ആക്കി ...ജീവിതം വിജയിച്ച പ്രതീതി ..അവിടെ ഞങ്ങളെ വരവേറ്റത് കൊട്ടാരസമാനം വളർന്ന ഇടതൂർന്ന തെരുവപ്പുല്ലുകൾ .....അവിടെയാണ് കരടികളുടെ വിഹാരകേന്ദ്രം ...അവ കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ കാണാനായി ...ആ പ്രദേശത്തുനിന്നും നോക്കിയാൽ തേക്കടി ജലാശയവും, തേക്കടി എന്ന പ്രദേശവും വ്യക്തമായി കാണാം ...അതിർവരമ്പുകൾ എന്ന രീതിയിൽ ഗിരിനിരകൾ തലയുയർത്തി നിൽക്കുന്നു ...ഒരു പക്ഷേ ആ ശൃംഗങ്ങൾ തന്നെ നമ്മുടെ നാടിനെ കാക്കുന്നവർ ....വെയിൽ ഉച്ചിയിൽ പതിഞ്ഞു ...ഇനി തിരിച്ചിറക്കം
                    കയറിയതിലും വേഗത്തിൽ ഇറങ്ങാം എന്ന വ്യാമോഹം എന്നെ കീഴ്പ്പെടുത്തി ...കാലുകൾ പാറകളിൽ ഉറയ്ക്കുന്നില്ല ....ഇറങ്ങുന്ന വഴിയിൽ കാട്ടിലെ മറ്റൊരു കാവൽക്കാർ "കാട്ടുനായ്ക്കളെ " ദൃശ്യമായി ....വിവിധതരം പക്ഷികളുടെ ശബ്ദങ്ങളും ഞങ്ങളുടെ കാതുകൾക്ക് ഇമ്പമേകി ...ആ വനസൗന്ദര്യം ഒട്ടും ചോരാതെ തന്നെ തിരിച്ചിറക്കം ...അവിടെ കണ്ട കാട്ടരുവിയിൽ നിന്നും ജലം ശേഖരിച്ചു ....ഇനി നടക്കേണ്ടത് ജലാശയത്തിനോട് ചേർന്നാണെന്ന് ഗൈഡുമാർ സൂചന നൽകി ...ഓളപ്പരപ്പുകൾ നൃത്തം ചെയ്യുന്ന തീരത്തുകൂടി നടത്തം തുടങ്ങി ...ആ വനത്തിലെ മൃഗങ്ങൾ എല്ലാം തന്നെ ആശ്രയിക്കുന്ന ജലസ്രോതസ്സ് ..അവിടെ രാവിലെ നടന്നു പോയ തള്ളയാനയുടേയും, കുട്ടിയുടേയും കാലടികൾ ചെളിയിൽ തെളിഞ്ഞു കാണാം ...മറ്റു മൃഗങ്ങളുടേയും കാലടികൾ അങ്ങിങ്ങായി കാണാം .... തവളക്കൂട്ടങ്ങൾ ചെളിയിലെ തടിയുടെ അവശിഷ്ടങ്ങൾക്കിടയിൽ തമ്പടിച്ചിരിക്കുന്നത് കണ്ടു ...അവയുടെ ജീവിതചക്രം അവസാനിക്കുന്നതിന് മുന്നോടിയായി വാലുകൾ രൂപാന്തരപ്പെട്ടിരിക്കുന്നു ..ജനിക്കുമ്പോഴും അവയ്ക്ക് വാൽ ഉണ്ടാകും ...മരിക്കുമ്പോഴും വാൽ ഉണ്ടാകും .. അതിനു ശേഷം  ഫോറസ്റ്റ് ഗാർഡ് ഓഫീസിന് മുകളിൽ ഉച്ചഭക്ഷണം ...1 മണിക്കൂർ വിശ്രമം ...ഭക്ഷണം കഴിച്ച്, ഈ സാധനങ്ങൾ ഒക്കെ ചുമന്ന ക്ഷീണത്തിൽ ഒന്ന് മയങ്ങി!! അപ്പോഴും സ്വപ്നത്തിൽ എന്ന പോലെ വിദേശികൾ കലപിലാ ബഹളം തന്നെ! ഏതാണ്ട് വൈകുന്നേരം 3 മണിയോടെ നടപ്പ് ..ഇനി കാടിനുള്ളിൽ കൂടി ...പോകുന്നതിന് മുൻപായി ഫോറസ്റ്റ് ഓഫീസർമാർ പറഞ്ഞു "പോകുന്ന വഴിയിൽ ആനകൾ ഉണ്ട്, പാടം പോലെ തെളിഞ്ഞ പ്രദേശത്ത് കാണും "....ഗാർഡുമാർക്ക് സ്ഥലം നിശ്ചയമായി ...ആനകളെ തേടി യാത്ര ...യാത്രാമധ്യേ പറഞ്ഞ ആ സ്ഥലത്ത് തന്നെ ആനകൾ ...ഏകദേശം 20 ഓളം വരുന്ന കൂട്ടം ...ഒരു പിടിയാനയേയും, അതിന്റെ കുഞ്ഞിനേയും ദൃശ്യമായി ...എല്ലാവർക്കും ആവേശമായി ...അല്പം മാറി ഒരു കുട്ടിക്കൊമ്പനേയും കണ്ടു ..അവൻ അല്പം പിശകാണെന്ന് ഗാർഡുമാർ മുന്നറിയിപ്പ് നൽകി ...കുറച്ച് നേരം കഴിഞ്ഞപ്പോൾ ആനക്കുട്ടി  കിടന്നുറക്കമായി...തള്ളയാന അവനെ ചുറ്റിപ്പറ്റി നിൽക്കുന്നു ...അപ്പോൾ അതാ അപ്പുറത്ത് 2 കുട്ടിക്കൊമ്പൻമാർ കുറുമ്പ് എന്നവണ്ണം കൊമ്പുകോർക്കുന്നു ...പിശകാണെന്ന് പറഞ്ഞ ആ കുട്ടിക്കൊമ്പൻ ഞങ്ങളെ ലാക്കാക്കി നിന്നു ...അവൻ ആദ്യം ഒരു സിഗ്നൽ നൽകി ...ഏതാണ്ട് ബൈക്ക് സ്റ്റാർട്ടാക്കുന്ന ശബ്ദം ...പിന്നീട് ദാ അവൻ അവന്റെ നട ( കൈ) കൊണ്ട് നിലത്ത് മണ്ണിൽ ഉരയ്ക്കുന്നു ...മൂന്നാമത് അവൻ വാൽ ചുരുട്ടി!! പിന്നെ അവിടെ നിന്നില്ല .....രംഗം വഷളാകുന്നതിന് മുൻപ് ഞങ്ങൾ അവിടം വിട്ടു ...പിന്നെ എന്തോ നേടിയ പദവിയിൽ നടത്തം ...കാട്ടിൽ നിന്നും വിടപറയുന്ന ഞങ്ങൾക്ക് കേഴയും, മലയണ്ണാനും, കരിങ്കുരങ്ങുകളും യാത്ര നൽകി ...ഏറ്റവും ഒടുവിൽ വാനരപ്പടകളും യാത്രയയപ്പ് നൽകി ....
                "കാട് എന്ന സങ്കൽപ്പം തന്നെ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന്റെ മാറിൽ ഒരു ദിവസമെങ്കിലും കഴിയാൻ സാധിച്ചത് ജീവിതവിജയം!!! ഒരിക്കലെങ്കിലും നമ്മൾ അവയെ അറിയാ൯ ശ്രമിച്ചാൽ പിന്നെ അവ നമ്മെ വരവേൽക്കും ....ഇരു കൈകളും നീട്ടി ........
        നന്ദി  ....
Croud of Indian Bisons 

Mom & Sleeping Kid

Back Back 

Nature Beauty 

Locked 

Mom & Sleeping Kid II

MOTHER CARE      

Saturday, 25 August 2018

Priest With 3rd Eye

"പൂജാരിയിൽ നിന്ന് ഫോട്ടോഗ്രാഫിയിലേക്ക്"...
               രണ്ടു നേരം പൂജാദികർമ്മങ്ങൾ ചെയ്യേണ്ടുന്ന ആൾ ക്യാമറ തൂക്കി നടക്കുന്നോ? സംശയം ഉണ്ടാകാം പലർക്കും...ചില ബന്ധുക്കൾക്കും, ചില സുഹൃത്തുക്കൾക്കും ഇത് കണ്ട് പുച്ഛം! അവന് പ്രാന്ത് അല്ലാതെ എന്താ.. വേറെ പണിയൊന്നുമില്ല, ഇങ്ങനെ പറയുന്നു ചിലർ..ഉത്സവത്തിന് പോകുമ്പോൾ അവൻ ആനേടെ പുറകെ പോകുന്നു എന്ന് ചിലർ, മറ്റു ചിലർ പറയുന്നു ആന എങ്ങനെ നിന്നാൽ പടം കിട്ടും എന്ന് ഉമേഷിനോട് ചോദിച്ചാൽ മതി എന്ന് പരിഹാസരൂപേണ പറയുന്നു.. ഈ അവസരത്തിൽ എനിക്ക് ചിദാനന്ദപുരി സ്വാമികളുടെ വാക്ക് ഓർമ്മ വരുന്നു.. "നമ്മളെ ഒരാൾ ഇകഴ്ത്തി സംസാരിക്കുന്നെങ്കിൽ അയാളുടെ വിചാരം നമ്മൾ അവരേക്കാൾ ഏതെങ്കിലും തരത്തിൽ മുൻപിലാണെന്ന് അവർ വിചാരിക്കുന്നു, അതുകൊണ്ട് ആണ് അവർ നമ്മളെ ഇകഴ്ത്തുന്നത് എന്ന്." എന്നാൽ എന്റെ കുടുംബം ആണ് എന്റെ ശക്തി.. അവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. ആദ്യമൊക്കെ പോകുമ്പോൾ പറയാതെ ആണ് പോക്ക്,താമസിക്കുമ്പോൾ വിളിക്കും. എവിടെ ആണെന്ന് അറിയുമ്പോൾ സമാധാനം.. പിന്നെ, പിന്നെ കാണാത്തപ്പോൾ അലമാരയിൽ ക്യാമറ നോക്കും, ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും പോയി എന്ന് ഉറപ്പിക്കും. അങ്ങനെ പോകുന്നു..
             ആദ്യമായി എന്റെ അനിയന്റെ (ഇരളിയൂർ ഹിതേഷ് കൃഷ്ണൻ നമ്പൂതിരി) ഉപനയനകർമ്മം ആണ് പകർത്തിയത്. അന്ന് ഈ ഡിജിറ്റൽ യുഗം തുടങ്ങിയിട്ടില്ല,ഫോട്ടോഗ്രാഫി മോഹവും. അത് അളിയന്റെ "കൊഡാക്ക്" ഫിലിം ക്യാമറയിലാണ് പകർത്തിയത്. പിന്നീട് സ്വന്തമായി വാങ്ങിയ ക്യാമറ "സാംസങ്ങ്" ഡിജിറ്റൽ ആയിരുന്നു. അതുകൊണ്ട് പല ഉത്സവപ്പറമ്പുകളിൽ കറങ്ങി. ആന ഒരു ഹരമായതിനാൽ അവയുടേം എടുത്തു കുറച്ച്. ഇതൊക്കെ അമ്പലത്തിൽ നിന്ന് സമയം കിട്ടുമ്പോൾ പോയി എടുത്തതാണ്. പിന്നീട് ക്ലാരിറ്റി ചിത്രങ്ങൾ കണ്ട എനിക്ക് അവയോടും അതെടുത്ത വ്യക്തിയോടും, ക്യാമറയോടും ആരാധന തോന്നി.ഒരുപാട് ചിത്രങ്ങൾ ഞാൻ കാണും, അതുപോലെ എടുക്കാൻ മോഹിക്കും. പക്ഷേ സാമ്പത്തികം ഇതിനൊക്കെ വിലങ്ങുതടിയായി.. പിന്നീട് എന്റെ ഒരു ഗൾഫിലുള്ള ബന്ധു( Dileep A Narayanan) D.S.L.R സംഘടിപ്പിച്ച് തരാം, പൈസ വരുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞു. അങ്ങനെ ആദ്യമായി ആ മോഹം പൂവണിഞ്ഞു. ഞാൻ ഒരു D.S.L.R മുതലാളി ആയി. കാനോൻ 1100 ആയിരുന്നു അത്. അതുകൊണ്ടും കുറേ ഉത്സവചിത്രങ്ങൾ പകർത്തി.. അതിൽ കുറേ കളിച്ച എനിക്ക് ഒന്ന് അപ്ഗ്രേഡ് ചെയ്യണം എന്ന മോഹം. പിന്നീട് വാങ്ങിയത് കാനോൻ തന്നെ.. 60 ഡി.. 18-55, 70-300 ലെൻസുകളും..ഇവൻ കയ്യിൽ വന്നതോടെ കാട്ടിലേക്ക് ഉള്ള വഴി തുറന്നു.. ദൂരെ നിന്ന് മാത്രം കണ്ടിട്ടുള്ള കാട് അടുത്ത് കണ്ട സന്തോഷം ആദ്യമായി അനുഭവിച്ചത് തേക്കടി പോയപ്പോഴാണ്. മുൻപ് ബോട്ടിംഗ് മാത്രം നടത്തിയ എനിക്ക് കാടിനുള്ളിലേക്ക് കയറാനായത് ഫോറസ്റ്റിന്റെ "നേച്ചർ വാക്ക്" എന്ന പരിപാടിയിലൂടെയാണ്. കൂട്ടിന് വഴികാട്ടിയായി സുജിത്തും.. കാടിനെ ആദ്യമായി കണ്ട എനിക്ക് അവിടെ കണ്ടത് മുഴുവനും അത്ഭുതമായി. ഞങ്ങളെ ആദ്യം വരവേറ്റത് ഒരു കേഴമാൻ ആയിരുന്നു.. പിന്നീട് നിരവധി പക്ഷികളേയും, ചുരുക്കം മൃഗങ്ങളേയും കാണാനായി. തിരികെ പോരുമ്പോൾ ഇനീം കാണാം എന്ന് സുജിത്തിനോടും, തേക്കടിയോടും.. ഒരു വട്ടം കൂടി പോയി പിന്നീട്.. അന്ന് ആനകളെ ഒക്കെ കിട്ടി അടുത്ത്.. ഈ സമയത്താണ് തൃശ്ശൂരിലെ "ഫോട്ടോമ്യൂസ്" എന്ന സംഘടനയെ അറിയുന്നത്.. ഒരുപാട് വൈദഗ്ധ്യം നിറഞ്ഞ ഫോട്ടോഗ്രാഫേഴ്സിനെ അതിലൂടെ ലഭിച്ചു Unni SIR, Biju Sir, Nandakumar sir, Praveen sir, Seema ji ഇങ്ങനെ പോകുന്നു ആ നിര...നല്ല സുഹൃത്തുക്കളേയും..അവരുടെ കൂടെ മാങ്കുളം, വാഴച്ചാൽ, ചിന്നാർ, വാൽപ്പാറ ഇങ്ങനെ കുറേ ക്യാമ്പുകളിൽ പങ്കെടുത്തു..എന്റെ വേറിട്ട ഒരു മുഖം എനിക്കായി നൽകിയ പ്രിയ അജിത് സാർ Ajith Aravind അങ്ങേക്കും നന്ദി.. പിന്നെ അതിൽ നിന്നും ലഭിച്ച അറിവുകളും, ആഗ്രഹവും മൂലം ഞാൻ ക്യാമറ നിക്കോണിലേക്ക് അപ്പാടെ മാറ്റി. ഡി. 750..TAMRON 150-600 ലെൻസും.. പിന്നീട് അതുകൊണ്ടായി യാത്രകൾ.. സമയം കിട്ടിയാൽ തട്ടേക്കാട് പോകും.. സുധീഷ് Sudeesh Thattekkadu, റെജീവ് Rejeev Thattekkad, അജോമോൻ, നോബി Nobi Paulose MN Praveen Kumarഇങ്ങനെ പോകുന്നു അവിടുത്തെ സുഹൃത്തുക്കൾ.മഴക്കാടുകളിൽ ചിത്രം എടുക്കുക എന്നത് ഒരു ഭാഗ്യം തന്നെ ആണ്..തട്ടേക്കാട് നിന്നും ഒരുപിടി നല്ല ചിത്രങ്ങൾ ലഭിക്കുകയും ചെയ്തു.. വാഴച്ചാൽ പോകുന്നതിന് മുമ്പ് ബൈജൂനെ വിളിക്കും. മറുപടി അനുകൂലമെങ്കിൽ പോകും...ഒരിക്കൽ ഒരു തീക്കാക്കയെ ക്യാമറയിൽ പിടിക്കാൻ പോയ പോക്ക് ഞാൻ മറക്കില്ല ബൈജു Baiju K Vasudevan..വേഴാമ്പലിനെ കാണിച്ച് തന്നതും, ആനയുടെ മുൻപിൽ ചെന്ന് പെട്ടതും,പാണ്ടൻ വേഴാമ്പലിന്റെ പടം എടുക്കാൻ ഓടിയതും (അന്ന് ബൈജൂന്റെ കാലിന് പരിക്കും വന്നു) ഒന്നും മറക്കില്ല..കാടിന്റെ വശ്യത മായില്ല ഒരിക്കലും... അമ്പലത്തിൽ ജോലി നോക്കുകയും പടം പിടിക്കുകയും എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒന്നാണ്. കാരണം, പലപ്പോഴും നമ്മൾ പ്ലാൻ ചെയ്ത യാത്രകൾ നമുക്ക് ചിലപ്പോൾ ഒഴിവാക്കേണ്ടിവരും.. എന്നാൽ നിനച്ചിരിക്കാതെ യാത്രകൾ തരപ്പെടുകയും ചെയ്യും. അങ്ങനെ 2 യാത്രകൾ തരപ്പെട്ടു.. തഞ്ചാവൂർ പിന്നെ കബനി.. ബനീഷ് പാമ്പൂർ, ബിനോയി, ബിനിൻ Binin Gopinath, സജീഷ് Sajeesh Aluparambilഇവരായിരുന്നു കൂട്ട്.. പലപ്പോഴും ഫേസ്ബുക്കിൽ ചില സുഹൃത്തുക്കൾക്ക് അറിയില്ല ഞാൻ ഒരു  ശാന്തിക്കാരൻ ആണെന്ന്...
      ഈ കഴിഞ്ഞ "ഫോളിയോസ്" എന്ന പ്രദര്‍ശനം സംഘടിപ്പിച്ച ഫൈസൽ ജി Faisal Magnet യുടെ interview ടിവിയിൽ കാണാനായി. അതിൽ അദ്ദേഹം പറയുന്ന ഒരു വാക്കുണ്ട്. അവതാരക ചോദിക്കുന്നതിന് മറുപടി, "നമ്മൾ ഈ ഭൂമിയിൽ വെറുതെ ജീവിച്ച് മരിക്കുന്നു. എന്നാൽ അതുപോരാ എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കണം. ഫോട്ടോഗ്രാഫിയിലൂടെ വരും തലമുറയ്ക്ക് ഒരു നേർക്കാഴ്ച സമ്മാനിക്കണം എന്നൊരു തോന്നൽ.. അതാണ് ഈ സംരഭം" ഇതാണ് ആ വാക്കുകൾ...
           എന്നെ ആരൊക്കെ പുച്ഛിച്ചാലും ഒരു ദിവസം ചിലപ്പോൾ നല്ലത് പറഞ്ഞേക്കാം... വരും തലമുറയ്ക്ക് കാട് എന്ന ഒരു സങ്കല്പം മാത്രമേ ചിലപ്പോൾ കാണാൻ സാധിക്കൂ.. ചിത്രങ്ങളിലൂടെ അവർ കാടിനെ അറിയട്ടെ.. പുതുതലമുറ കൈവെക്കുന്ന ഒരു മേഖലയാണ് ഇപ്പോൾ ഫോട്ടോഗ്രാഫി... എല്ലാവർക്കും ഭാവുകങ്ങൾ.....

NB - പിന്നെ എനിക്ക് വളരെ സ്വാധീനിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. ഒപ്പം അനിയന്റെ വിവാഹനിശ്ചയത്തിന് ഫോട്ടോയെടുക്കാൻ ഫ്ലാഷിന്റെ സംശയം ചോദിക്കാൻ വിളിച്ചപ്പോൾ ആ നിശ്ചയത്തിന്റെ ഫോട്ടോ ഞാൻ എടുത്തു തരാം സദ്യ തന്നാൽ മതി എന്ന് പറഞ്ഞ Zacharia Ponkunnam SIR നോടും നന്ദി.. പിന്നെ എന്റെ മരുമകളുടെ നിശ്ചയത്തിനു ക്യാമറ ചലിപ്പിച്ച Binoy Marickal നോടും നന്ദി.. (കാശൊന്നും ഇല്ലാട്ടാ😂😂) ടാഗാത്തവർ വിഷമിക്കരുത്.. നിങ്ങൾ ഒക്കെ എന്റെ മനസ്സിൽ ഉണ്ട് ട്ടാ... ഏതായാലും ഈ പ്രാന്ത് മൂലം ക്യാമറ വീണ്ടും മാറ്റീട്ടാ.... Nikon D810 ആണ് ഇപ്പോൾ...

പിന്നെ മുട്ടിന് മുട്ടിന് പടങ്ങൾ എടുത്തു തന്ന ബനീഷ്, ബിനോയി,സജീഷ്, വരയുടെ അതുല്യ പ്രതിഭ സന്തു ജി Santu Brahma ഏവരോടും നന്ദി....
                    എന്ന്,
                       ഉമേഷ് കേശവൻ നമ്പൂതിരി
My picture exhibition in Durbar Hall Art Gallery Cochin 

Elephant Bath in Musth


Thiruvambadi Sivasundar 

                        Farming
The Look

Life

Elephant Bath

Pambady Rajan 

Tanjore Brihadeeswara Temple 

SAJEESH ALUPARAMBIL 

Binoy Marickal 

Banish Pamboor 

My favourite Elephant Picture - Chaithram Achu 

Modeling It's A Part Of My Life...

മോഡലിങ്ങ്, അതും ആവേശമാണ്. ഒരിക്കൽ പോലും ഒരു പരസ്യത്തിനോ, മറ്റേതെങ്കിലും ഒരു ആവശ്യത്തിനോ വേണ്ടി ഞാൻ ക്യാമറയുടെ മുൻപിൽ വന്നിട്ടില്ല. സ്വന്തം സന്തോഷത്തിന് വേണ്ടി നിൽക്കുന്നു അത്ര തന്നെ.. ഒട്ടേറെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും കാണുകയും, ഒരു ചിരിയോ അല്ലെങ്കിൽ രണ്ട് വാക്ക് സംസാരിച്ചോ മാത്രം പിരിയാറുണ്ടായിരുന്ന ബനീഷ് തിരുനക്കര ക്ഷേത്രത്തിൽ വെച്ചാണ് ആദ്യം എന്റെ പടം എടുക്കുന്നത്. ഗോപുരവാതിലിൻ നിന്ന എന്നോട് മുകളിൽ മ്യൂറൽ പെയിന്റിംഗ് ചെയ്ത ഭാഗത്ത് കയറി നിൽക്കാൻ പറഞ്ഞു. ഞാൻ പടം എടുത്ത് തരാം എന്ന് പറഞ്ഞ് ക്യാമറയുടെ മുൻപിൽ ആദ്യമായി നിർത്തി.. ആ ചിത്രം ഇപ്പോഴും എന്റെ പ്രൊഫൈലിൽ മായാതെ നിൽക്കുന്നു... പിന്നീട് ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോമ്യൂസ്സ് എന്ന സംഘടന നടത്തിയ മാങ്കുളം ക്യാമ്പിൽ ചെന്നപ്പോൾ ആണ് മറ്റൊരു സംഭവം..ക്യാമ്പിൽ ആദ്യമായി ചെന്നിറങ്ങിയ എന്നെ എല്ലാവരും എന്തോ പേടിയോടെ ആണ് കണ്ടത്.. എന്റെ ഈ രൂപം കണ്ടാകും ഇങ്ങനെ എന്നെനിക്ക് തോന്നി.. ജോസഫും Joseph , സീമാജിയും Seema Suresh Neelambari Mohan, സൗരവും Sourav S Nair ഒക്കെ നോക്കിയ ആ നോട്ടം ഞാൻ മറക്കില്ലാട്ടാ.. ഹഹഹ... കാറിലിരുന്ന് പുറകോട്ട് തിരിഞ്ഞു നോക്കി പോയ ജോസഫ് വിചാരിച്ചിട്ടുണ്ടാകും ഇതെന്തൊരു ജീവി എന്ന്... ക്യാമ്പ് കഴിഞ്ഞ് പോകാൻ നേരം എന്റെ അടുത്ത് വന്ന് അജിത് സാർ Ajith Aravind ചോദിച്ചു, തിരുമേനീ ഒരു പടം എടുത്തോട്ടെ എന്ന്... അതിനെന്താ എന്ന് ഞാനും.. കൂടെ ജോസഫിന്റെയും, ശ്രീകുമാറിന്റേയും പടം എടുത്തു.. എന്നെ ആ പടം വല്ലാണ്ട് അതിശയിപ്പിച്ചു.. എന്റെ വേറൊരു മുഖം പകർത്തി നൽകിയ അജിത് സാർ താങ്കൾ മാസ്സാണ്... മരണമാസ്സ്... നന്ദി... ഒരിക്കൽ അജിത് സാറിന്റെ തന്നെ ഒരു ആർട്ടിക്കിളിൽ ഈ ചിത്രം പേപ്പറിൽ വന്നിരുന്നു..
                  പിന്നീട് ഒരു ഓണക്കാലത്ത് ഞാൻ ബിനോയിയെ Binoy Marickal Mala വിളിച്ചു. ഓണ സ്പെഷ്യൽ പടം എടുക്കണം എന്ന് പറഞ്ഞപ്പോൾ, തിരുമേനീ ഇങ്ങ്ട് പോരൂ നമുക്ക് ശരിയാക്കാന്നേ എന്ന് ബിനോയിയും.. മാളയിൽ ഓഫീസിൽ ചെന്ന ഞാൻ എന്റെ രീതിയിൽ ചില മേക്കപ്പ് ഒട്ടെ ഇട്ടു. തിരുവോണപ്പടം അങ്ങനെ ജോറായിത്തന്നെ കൈയോടെ തന്ന ബിനോയീ.... ഞാൻ മറക്കില്ലാട്ടാ... അന്ന് അടുത്തുള്ള കടക്കാരൊക്കെ എന്ന രൂക്ഷമായാണ് നോക്കിയത്.. ഇവനെന്തോ കൂടോത്രം ചെയ്യാൻ വന്നതാ എന്ന ഭാവം ഒക്കെ അവരുടെ മുഖത്ത് കണ്ടു.. ഹഹഹ... അങ്ങനെ ഇരിക്കുമ്പോഴാണ് ഫേസ്ബുക്ക് വഴി ഒരു മാസ്മരിക കലാകാരനെ പരിചയപ്പെടുന്നത്.. മറ്റാരുമല്ല നമ്മുടെ സന്തു.. Santu Brahma ആള് നല്ല ചിത്രകാരനും, ഫോട്ടോഗ്രാഫറും ഒക്കെ ആണ്.. ഞാൻ പറഞ്ഞു എന്റെ ഒരു ചിത്രം നിങ്ങൾ എടുത്തുതരണം എന്ന്.. ഹേയ് ഞാൻ ഫോട്ടോഗ്രാഫറൊന്നുമല്ല എന്ന് മറുപടിയും.. ഞാൻ പറഞ്ഞു, കുഴപ്പമില്ല പറ്റുന്ന പോലെ മതി എന്ന്.. എന്നാൽ ബനീഷിനേയും കൂട്ടൂ എന്ന് സന്തുവും. അങ്ങനെ തൃശ്ശൂർ വിലങ്ങൻ കുന്നിലേക്ക് ഞങ്ങൾ പോയി.. എന്റെ ഈ ഭ്രാന്തൻ വിനോദങ്ങൾക്ക് കട്ടക്ക് കട്ട സപ്പോര്‍ട്ട് നൽകി മനോഹരചിത്രങ്ങൾ നൽകിയ സന്തൂ.... ങ്ങ്ളേ ഞാൻ മറക്കില്ലാട്ടാ... അന്ന് വിലങ്ങനിൽ എങ്ങും കാണാത്തത്ര മനോഹാരിതയും സൂര്യാസ്തമയും ഞങ്ങളെ വരവേറ്റു... ആ ചിത്രങ്ങളൊക്കെ ഫേസ്ബുക്കിൽ ഉണ്ട്.. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ച ചിത്രങ്ങൾ 2 എണ്ണം ഉണ്ട്. ഒന്ന് ബനീഷ് എടുത്തതും മറ്റൊന്ന് സന്തു എടുത്തതും..പിന്നീട് പല വിശേഷങ്ങൾക്കും ഞാൻ സന്തൂനെ ബുദ്ധിമുട്ടിച്ചു. പക്ഷേ ആ മുഖത്ത് എപ്പോഴും ചിരി മാത്രേ ഉണ്ടായുള്ളൂ.. ഒരു ദീപാവലി തലേന്നും ഇതുപോലെ ഞാൻ സന്തൂനെ തേടിയെത്തി.. അന്ന് ഓഫീസിൽ വെച്ചാണ് പടങ്ങൾ എടുത്ത് തന്നത് .. അങ്ങനെ തൃശ്ശൂരിൽ തന്നെ കിടന്നു കറങ്ങുന്ന ഞാൻ തൃശ്ശൂർകാരൻ ആണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്.. ഒരു വിഷൂന് സ്പെഷ്യൽ പടം എടുക്കേണ്ടേ ഉമേഷേട്ടാ എന്ന് ബനീഷ് ചോദിച്ചപ്പോൾ, പിന്നേ... എന്നേ എനിക്ക് പറയാൻ തോന്നിയുള്ളൂ.. അന്ന് ഞങ്ങള്‍ക്ക് സൗന്ദര്യം തികഞ്ഞ കള്ളക്കൃഷ്ണന്റെ വിഗ്രഹം ഒരു മടിയും കൂടാതെ നൽകിയ രാജേഷ് ജി രാജേഷ് പുതുമന ങ്ങ്ളേം ഞാൻ മറക്കില്ലാട്ടാ.. അന്ന് സന്തൂം ബനീഷും ഞാനും കൂടി പുല്ലഴിയിൽ പോയാണ് പടങ്ങൾ എടുത്തത്.. ഒരു ശിവരാത്രിയുടെ 2 ദിവസം മുൻപ് അഘോരി പടം എടുക്കാൻ ബനീഷ് വിളിച്ചപ്പോൾ തന്റെ പുതിയ ക്യാമറ വാങ്ങിയ വഴിയിൽ തന്നെ തന്നിട്ട് ഇതിൽ എടുത്തോളൂ എന്ന് സ്നേഹത്തോടെ ബനീഷിന്റെ കയ്യിൽ ഏൽപ്പിച്ച സുനിൽ ജീ Sunil Ammadam IIIവളരെ വളരെ നന്ദി... തുടക്കം വളരെ ഗംഭീരമായി എന്ന് ഞാൻ അറിഞ്ഞൂട്ടോ... പിന്നീട് നിങ്ങൾക്ക് ക്യാമറ നിലത്ത് വെക്കേണ്ടി വന്നിട്ടില്ല എന്നൊക്കെ ഞാൻ കേട്ടു.. അതിന്റെ ചിലവൊക്കെ ഞാൻ വാങ്ങിക്കോളാം... ഹഹഹ... പിന്നീടാണ് നമ്മുടെ സജീഷിന്റെ Sajeesh Aluparambil ഗൾഫീന്നുള്ള വരവ്... ഓണം സ്പെഷ്യൽ പടങ്ങൾ പെടക്കേണ്ടേ എന്ന് സജീഷ് ചോദിച്ചപ്പോൾ, വേണം എന്ന് ഞാൻ..എന്നാൽ ബനീഷിനേയും കൂട്ടി കഴിമ്പ്രത്തേക്ക് വരൂ എന്ന് സജീഷും.. അന്ന് ഓണപ്പടങ്ങൾ എടുത്തുതന്നു.. പിന്നീട് നവരാത്രിക്കും പടങ്ങൾ എടുത്ത് തന്നു. കഴിമ്പ്രം ബീച്ച് തന്നെ ആയിരുന്നു ലൊക്കേഷൻ.. അന്നത്തെ അസ്തമയസൂര്യന്റെ പ്രഭയിൽ എന്റെ വീണവായിക്കുന്ന ചിത്രം സജീഷിന് തിരുവനന്തപുരം ആസ്ഥാനമായ ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പിൽ മികച്ച ഫോട്ടോഗ്രാഫർ അവാര്‍ഡും നേടി കൊടുത്തു.. അതിന്റെ ചിലവും പോന്നിട്ടില്ലാട്ടോ... അന്ന് ആ പടത്തിന് വേണ്ടി വീണ നൽകിയ ബനീഷിന്റെ ബന്ധുക്കാർക്കും നന്ദി.. ഈ ഐഡിയ പറഞ്ഞ ബനീഷേ... നിങ്ങൾ മുത്താണ്... പിന്നീട് ഒരിക്കല്‍ക്കൂടി ഞാൻ സജീഷിന്റെ വീട്ടിൽ പോയി.. കൂട്ടിന് ബിനോയിയും.. ദീപാവലിക്ക് നക്ഷത്രക്കുട്ടീടെ Nakshathra Chandran കൂടെ പടം എടുക്കാം എന്ന് പറഞ്ഞ് പറ്റിച്ച സജീഷേ..... ഞാൻ മറക്കില്ലാട്ടാ... ഹഹഹ... ഏതായാലും പിറ്റേന്ന് തന്നെ എനിക്ക് സജീഷും ബിനോയിയും കൂടി നല്ല ചിത്രങ്ങൾ സമ്മാനിച്ചു... അന്ന് ഞങ്ങളുടെ കൂടെ അരയും തലയും മുറുക്കി കൂടെ കൂടിയ സജീഷിന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി.....
                         തലമുടി നീട്ടിയാൽ ഭ്രാന്ത്, താടി നീട്ടിയാൽ ഭ്രാന്ത്, മൊട്ടയടിച്ച് താടീം മീശേം ക്ലീൻ അടിച്ചാൽ ഭ്രാന്ത്, മീശ വെച്ചാൽ ഭ്രാന്ത്, ഇല്ലെങ്കിൽ ഭ്രാന്ത്.... ഇതാണ് നമ്മുടെ സമൂഹത്തിന്റെ കുഴപ്പം.. അവനവന്റെ കുറ്റങ്ങളെ മറച്ച് ബാക്കിയുള്ളവനെ കരിവാരിതേക്കുക.. ഫോട്ടോഗ്രാഫിയും, മോഡലിങ്ങും, സംഗീതവും, കാടും, എല്ലാം ഭ്രാന്തെങ്കിൽ സുഹൃത്തുക്കളേ എനിക്കും ഇതൊക്കെ തന്നെയാണ്..........
                  വെറും തമാശയായി മാത്രം തുടങ്ങിയ മോഡലിങ്ങ് ഇപ്പോൾ ഒരു ഡിസൈനേഴ്സിന്റെ മോഡലായി തിരഞ്ഞെടുത്തതും സന്തോഷം നൽകുന്ന ഒന്നാണ്. തിരുവനന്തപുരം നവമി മ്യൂറൽ ഡിസൈനേഴ്സ് ആണ് ഇതിന് അവസരം നൽകിയത്.. അവരുടെ മോഡലായി നിരവധി ചിത്രങ്ങള്‍ക്ക് അവസരം ലഭിച്ചു.. നീതു വൈശാഖിനും അവരുടെ നവമി മ്യൂറൽ ഡിസൈനേഴ്സിനും ഒരായിരം നന്ദി.

ഈ ഒരു ചിത്രത്തിന് പിന്നിൽ ഒരു കഥയുണ്ട്. വിഷുവിന് പ്രത്യേകം ചിത്രം എടുക്കണമെന്ന് ബിനോയിയോട് ആഗ്രഹം പറഞ്ഞപ്പോൾ എടുക്കാം എന്ന് ബിനോയിയും. പക്ഷേ എനിക്ക് ഒരു അമ്പലത്തിന്റെ Background കിട്ടാനുള്ള ചിത്രം വേണം എന്ന് പറഞ്ഞപ്പോൾ കുഴൂർ ഐരാണിക്കുളം അമ്പലത്തിൽ വെച്ച് നമുക്ക് എടുക്കാം എന്ന് ബിനോയി പറഞ്ഞു. എന്ത് എടുക്കും എന്ന ചിന്തയിൽ ഇരുന്നപ്പോൾ ആണ് സജീഷ് പറഞ്ഞത് "പടക്കം കത്തിക്കുന്ന പടം ആവട്ടെ" എന്ന്. ബിനോയിയോട് പടക്കം മേടിച്ച് വെയ്ക്കാൻ പറഞ്ഞു. പിറ്റേന്ന് ഞാൻ ബിനോയിയുടെ വീട്ടിലേക്ക് ചെന്നു. അവിടെ നിന്നും ബിനോയിയും, ബിനോയിയുടെ 2 കുട്ടികളും, ഞാനും കൂടി ഐരാണിക്കുളം അമ്പലത്തിലേക്ക് ചെന്നു.. കഷ്ടകാലം എന്ന് പറയട്ടെ മഴ ശക്തമായി പണി തന്നു.. മഴ കുറയുന്ന ലക്ഷണം കാണാതായപ്പോൾ ബിനോയി പറഞ്ഞു നമുക്ക് വീട്ടിൽ എവിടെയെങ്കിലും വെച്ച് റെഡിയാക്കാം എന്ന്, മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതിച്ചു.. ബിനോയിയുടെ മൂത്ത മകൾ അമ്മു പറഞ്ഞു "നമുക്ക് കുറച്ച് നേരം നോക്കിയിട്ട് പോകാം "എന്ന്. വേണ്ട എന്ന് പറഞ്ഞ് ഞങ്ങൾ തിരികെ പോന്നു. വീട്ടിൽ എത്തി പലരീതിയിലും ചിത്രങ്ങൾ എടുത്ത് ശരിയാകാതെ വന്നപ്പോൾ, മഴ ഏതാണ്ട് തീർന്ന മട്ടായപ്പോൾ നമുക്ക് എന്നാൽ അമ്പലത്തിൽ തന്നെ പോയാലോ എന്ന് ബിനോയിയുടെ ചോദ്യം.. ശരി എന്ന് ഞാനും. വീണ്ടും ഞങ്ങൾ അമ്പലത്തിൽ എത്തി.. ഏതാണ്ട് സന്ധ്യയായി ചെല്ലുമ്പോൾ. അമ്പലത്തിലെ ആളുകളോട് അനുവാദം വാങ്ങി ഞങ്ങൾ അങ്ങനെ ചിത്രം പകർത്തി. ഈ ചിത്രത്തിന്റെ പുറകുവശത്ത് കാണുന്നത് ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമാണ്. അതി പുരാതനമായ വട്ടശ്രീകോവിലോട് കൂടിയ ക്ഷേത്രം കൂടിയാണ് ഇത്.. മഴക്കാറ് ഉള്ളതുകൊണ്ട് അന്ന് സൂര്യാസ്തമയം കിട്ടിയില്ല.. വെളിച്ചം വളരെ കുറഞ്ഞ സമയത്ത് ബിനോയി വാങ്ങിയ പുതിയ ഫ്ലാഷിന്റെ ഉത്ഘാടനചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.. ചെറിയ ആളുകൾ പറയുന്നതുകൂടി മുതിർന്നവർ ചെവിക്കൊള്ളണം എന്നുകൂടി ഈ ചിത്രം പറയുന്നു... നന്ദി ബിനോയി, അമ്മു... 

ഒരു നല്ല ഫോട്ടോഗ്രാഫറുടെ കണ്ണുകൾ അവന്റെ മനസ്സാണ് എന്ന് ബനീഷ് തെളിയിച്ച ചിത്രം. മരത്തിന്റെ ഇടയിൽ കൂടി പ്രത്യേക ചിത്രം നൽകിയ ബനീഷ് നന്ദി.


ഫോട്ടോഗ്രാഫർ ഒരു നല്ല ആശയമുള്ളവൻ ആയിരിക്കണം എന്ന് ഈ ചിത്രം പഠിപ്പിക്കുന്നു. തൃശ്ശൂർ വിലങ്ങൻകുന്നിൽ ഞാനും, ബനീഷും, സന്തുവും കൂടി ചെല്ലുമ്പോൾ നേരം വൈകുന്നേരം 4 മണി.. ഭയങ്കര തിരക്കായിരുന്നു അവിടെ.. ആകാശം നല്ലപോലെ തെളിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ ബനീഷ് പറഞ്ഞു ഇന്ന് നല്ല സൂര്യാസ്തമയം കിട്ടും എന്ന്. സന്ധ്യയോടെ ആളുകൾ ഒഴിഞ്ഞ വേളയിൽ ബനീഷ് പകർത്തിയ ഈ ചിത്രം യേശുവിന്റെ ഒരു രൂപവുമായി സാമ്യമുണ്ട് എന്ന് ഇത് കണ്ടവരൊക്കെ സാക്ഷ്യപ്പെടുത്തുന്നു... നന്ദി ബനീഷ്, സന്തു.. 

Click Banish Pamboor 


എവിടെ വെച്ച് ചിത്രം എടുക്കും എന്ന് ചോദിച്ചപ്പോൾ വിലങ്ങനിൽ വെച്ച് ആവാം എന്ന് സന്തു പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് ഈ ചിത്രം നോക്കുന്നവർക്ക് മനസ്സിലാകും. ഒരു പാർക്ക് എന്നതിലുപരി പഴയ ഒരു കെട്ടിടത്തിന്റെ അവശിഷ്ടം എന്ന രീതിയെ അനുസ്മരിപ്പിക്കുന്ന ആ Background ആണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. ദൂരെ നിന്നും നടന്ന് വരാൻ പറഞ്ഞ് ബനീഷ് അപ്രതീക്ഷിതമായി എടുത്ത ഈ ചിത്രം, ഒരു നല്ല ഫോട്ടോഗ്രാഫറെ തുറന്നുകാണിക്കുന്നു.. നന്ദി ബനീഷ്, സന്തു.. 

ഈ ഒരു ചിത്രത്തിന് ഒട്ടേറെ പ്രാധാന്യമുണ്ട്. ശിവരാത്രി സ്പെഷ്യൽ പടം വേണം എന്ന് പറഞ്ഞപ്പോൾ ഈ രൂപത്തിൽ എന്നെ ആക്കിയതും, ഈ ചിത്രത്തിനെ ഈ രീതിയിൽ ആക്കിയതും സന്തു ബ്രഹ്മ ആണ്.. ബനീഷ് എടുത്ത ഈ ചിത്രത്തിന് ക്യാമറ നൽകിയത് പ്രിയപ്പെട്ട സുനിൽ അമ്മാടം ആണ്.. ക്യാമറ വാങ്ങിയിട്ട് ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരുട്ടിൽ മൊബൈൽ വെളിച്ചത്തിൽ എടുത്ത ഈ ചിത്രം സന്തുവിന്റെ ഓഫീസിന് വെളിയിൽ ആണ് എന്ന് കൂടി പറയട്ടെ.. നന്ദി ബനീഷ്, സന്തു, സുനിൽ... 

Click Banish Pamboor, Thanks to Santu Brahma 

Click Banish Pamboor,Thanks to Sajeesh Aluparambil 

Click Banish Pamboor 

Click Banish Pamboor 

Click Banish Pamboor

ഈ ഒരു ചിത്രത്തിന് ആശയം നൽകിയത് ബനീഷ് ആണ്. നവരാത്രി പ്രത്യേക ചിത്രം പകർത്തിയത് സജീഷ് ആളൂപറമ്പിൽ. കഴിമ്പ്രം ബീച്ചിൽ നേരം സന്ധ്യ കഴിഞ്ഞ് ഫ്ലാഷ് വെച്ച് എടുത്ത ഈ ചിത്രം സജീഷിന് തിരുവനന്തപുരം ആസ്ഥാനമായ ഒരു ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർ എന്ന അവാർഡും നൽകി.  

One of my best moment in my life. My picture exhibited in Durbar Hall Art Gallery Cochin. Thanx to Photomuse. Click Deepa Alex 

ഓണസ്പെഷ്യൽ ചിത്രം തന്റെ പ്രിന്റിങ് ഓഫീസിനുള്ളിൽ വെച്ച് എടുത്ത് ഈ രീതിയിൽ ആക്കിയ ബിനോയിയ്ക്ക് നന്ദി..

Precious Moment in my life..with legend Wild life Photographer T.N.A PERUMAL SIR on the  occasion of Photomuse Valparai Camp 

വളരെയേറെ പ്രാധാന്യവും, സന്തോഷവും, ആശ്ചര്യവും നൽകിയ ഈ ചിത്രം ആണ് എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് എന്ന് പറയാം.. ഇത് എടുത്തത് പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും, എഡിറ്ററും ആയ അജിത് അരവിന്ദ് സാർ ആണ്.. ഇത് കണ്ടപ്പോൾ എനിക്ക് തന്നെ വിശ്വാസം വരാത്ത ഈ ചിത്രത്തിന് പുറകിലായി ജോസഫും, ശ്രീകുമാറും ഒക്കെ സഹായത്തിനായി നിന്നു. ഒരു വ്യത്യസ്ത മുഖം നൽകിയ അജിത് സാറിന് പ്രത്യേകം നന്ദി. നന്ദി എല്ലാവരോടും..മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ആർട്ടിക്കിളിൽ ഈ ചിത്രം വന്നിരുന്നു..


ഒരു നല്ല ഗുരുവിന്റെ, സുഹൃത്തിന്റെ കൂടെ... പ്രശസ്ത ഫോട്ടോഗ്രാഫർ നന്ദകുമാർ മൂടാടി സാറിനൊപ്പം..

Click & Edit Binoy Marickal, Thanx to Ammu for the support. In the back Iranikulam Mahadeva Temple


           Click & Edit by Sajeesh                                Aluparambil

ദീപാവലി ചിത്രം എന്ന ആഗ്രഹവുമായി സന്തുവിന്റെ അടുക്കൽ ചെന്നപ്പോൾ സന്തു ബ്രഹ്മ നൽകിയ സമ്മാനം തന്റെ ഓഫീസിനുള്ളിൽ എടുത്ത ഈ ചിത്രം ഈ രീതിയിൽ ആക്കി മാറ്റിയതും ഇദ്ദേഹം തന്നെ..ഒരു ചെടിച്ചട്ടിയുടെ മുകളിൽ ചിരാതുകൾ നിരത്തി ഓഫീസ് മുറിയിൽ വെച്ച് എടുത്ത ചിത്രം. നന്ദി Santu Brahma 

കഴിമ്പ്രം ബീച്ചിൽ വെച്ച് അപ്രതീക്ഷിതമായി ബിനോയി എടുത്ത ചിത്രം. ഒരു ഫോട്ടോഗ്രാഫർക്ക് ഏത് നിമിഷവും വിലയുള്ളതാണ് എന്ന് ഈ ചിത്രം തെളിയിക്കുന്നു. പ്രത്യേകം അഭിനയിപ്പിച്ച് എടുക്കുന്ന ചിത്രങ്ങളേക്കാൾ ഭംഗിയും, ഭാവവും ഇത്തരം ചിത്രങ്ങളിൽ കാണാം..നന്ദി ബിനോയി മരിയ്ക്കൽ


Navami Mural Designers ന് വേണ്ടി ചെയ്ത മോഡലിങ്ങ് ചിത്രം.. ഇതിന് എന്നെ തിരഞ്ഞെടുത്ത നവമിയ്ക്കും നീതുവിനും നന്ദി. കൂടെ സഹകരിച്ച പ്രശസ്ത സിനിമാതാരം അമൃത ഗണേഷിനും നന്ദി.. ചിത്ര പപകർത്തിയത് Sajeesh Aluparambil 

CLICK &EDIT BINOY MARICKAL


            CLICK & EDIT SAJEESH                                  ALUPARAMBIL


             CLICK & EDIT SAJEESH                                 ALUPARAMBIL


      ME WITH CICI CELINE SUNNY (MODEL) CLICK & EDIT SAJEESH                                  ALUPARAMBIL

              CLICK & EDIT SAJEESH                        ALUPARAMBIL 


MODEL SHOOT FOR VISHU SPECIAL WITH NAKSHATHRA CHANDRAN (FILM CHILD ARTIST) 


       CLICK & EDIT BANISH PAMBOOR


                       "UMESH KESAVAN NAMBOODIRI" 

Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...