Friday, 1 November 2019

A Dream Trip To Kabini - Nagarhole...

അങ്ങനെ ഈ പ്രാവശ്യം "കബനി" കനിഞ്ഞു...
                    യാത്രകൾ അങ്ങനെയാണ്... തീരുമാനങ്ങൾക്കും അപ്പുറം... അങ്ങനെ ഒരു യാത്രയാണ് ഈ കഴിഞ്ഞ ദിവസം നടത്തിയതും.. നാഗർഹോളെ വനത്തിലേക്ക്,കടുവകളുടെ നാട്ടിലേക്ക്... ഞാനും ബനീഷും ബിനോയിയും ഒപ്പം വിഷ്ണുവും... ചൊവ്വാഴ്ച വെളുപ്പിന് തൃശ്ശൂരിൽ നിന്നും പുറപ്പെട്ട യാത്ര, വയനാട് ചുരമെല്ലാം താണ്ടി ബാവലി ചെക്ക് പോസ്റ്റിൽ ചെന്നപ്പോൾ ഞങ്ങൾ ആരും കണ്ടിട്ടില്ലാത്ത ഒരു ഉത്സവമേളത്തോടെയാണ് വരവേറ്റത്.. ദീപാവലി ആഘോഷദിവസമായ ചൊവ്വാഴ്ച തന്നെ ഞങ്ങൾക്ക് ചെല്ലാൻ കഴിഞ്ഞതും ഒരു ഭാഗ്യം.. കാളകളെയൊക്കെ അലങ്കരിച്ച് നിരവധി വാദ്യഘോഷങ്ങളോടെ ആളുകൾ നൃത്തം വെച്ച് നീങ്ങുന്ന കാഴ്ച അവിടന്നങ്ങോട്ട് കാണാൻ കഴിഞ്ഞു.. ചെക്ക് പോസ്റ്റ് എത്തിയപ്പോൾ തന്നെ എന്റെ സുഹൃത്ത് സമീറിനെ വിളിച്ചിരുന്നു..കൃത്യം 3 ന് തന്നെ സഫാരി പോയിന്റിൽ എത്തണം എന്ന് സമീർ ഓർമ്മിപ്പിക്കുകയും ചെയ്തു.. പറ്റുമെങ്കിൽ ചൊവ്വാഴ്ച വൈകുന്നേരത്തെ സഫാരി എടുക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഇവിടെ നിന്ന് പുറപ്പെട്ടതും.. ആശിച്ചതുപോലെ തന്നെ ഞങ്ങൾക്ക് അത് സാധിക്കുകയും ചെയ്തു.. അവധി ദിവസമായ അന്ന് വൈകുന്നേരം 2 സഫാരി ഉണ്ട് എന്ന് സമീർ ഞങ്ങളോട് പറഞ്ഞു.. ഉച്ചഭക്ഷണം ഒക്കെ കഴിഞ്ഞ് ഞങ്ങൾ സഫാരി പോയിന്റിൽ എത്തി.. അവധി ആയതുകൊണ്ട് നല്ല തിരക്കാണ്...
                     ടിക്കറ്റ് ഒക്കെ വാങ്ങി, ഞങ്ങൾ ബസ്സിൽ കയറിയിരുന്നു... മുൻപ് പലതവണയും കടുവയെ കാണണമെന്ന ആഗ്രഹത്തിനെ ഇല്ലായ്മ ചെയ്ത മഴ ഇത്തവണയും വില്ലനായി തന്നെ ആകാശത്ത് നിൽക്കുന്നു.. ആദ്യ യാത്രയുടെ ആവേശത്തിൽ വിഷ്ണുവും, ഈ തവണയെങ്കിലും കടുവയെ കാണാൻ പറ്റുമോ എന്ന ആശങ്കയിൽ ഞങ്ങളും....
                   ബസ്സ് മുൻപോട്ട് എടുത്തു... മഴ ചെറിയ രീതിയിൽ പൊടിയുന്നുണ്ട്... കാടിനകത്തേക്ക് കടന്നതും, മാൻകൂട്ടങ്ങൾ ബസ്സിനെതിരെ ചിതറിയോടി അവ സുരക്ഷിതരായി... ഡ്രൈവർ കടുവയെ കാണാറുള്ള സ്ഥലങ്ങളിലേക്കൊക്കെ ബസ്സ് തിരിക്കുന്നു... പല സ്ഥലങ്ങളിലും ചെന്നിട്ടും നിരാശ തന്നെ... 2 ദിവസം കൂടി സഫാരി എടുക്കുന്നുണ്ടല്ലോ എന്ന സമാധാനത്തിൽ ഞങ്ങളും... പൊടുന്നനെ എല്ലാ കബനി യാത്രയിലും കരിനിഴൽ വീഴ്ത്തിയ മഴ സാമാന്യം നല്ല രീതിയിൽ പെയ്യാൻ തുടങ്ങി... മഴ കൊണ്ട് ചുരുണ്ടു കൂടി നിൽക്കുന്ന മാൻകൂട്ടങ്ങളെ അങ്ങിങ്ങായി കാണുന്നു... യാത്ര അങ്ങനെ മുന്നോട്ടു തന്നെ നീങ്ങുന്നു... തിരികെ പോകാൻ എതാനും മിനിട്ടുകൾ ബാക്കി നില്‍ക്കേ അവൻ ഞങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു... കബനി നൽകിയ ആദ്യ സമ്മാനം... മഴ പെയ്തൊഴിഞ്ഞ നേരത്ത് അവൻ പുൽത്തകിടിയിൽ തലയുയർത്തി കിടക്കുന്നു... ക്യാമറ ചറപറാ അമരുന്നു... മഴത്തുള്ളികൾ മുത്തുമണികൾ തീർത്ത പുൽനാമ്പുകൾക്കിടയിലൂടെ അവന്റെ മുഖം അങ്ങനെ ഞാനും പകർത്തി..
              "TIGER YAWNING" 

ആഗ്രഹസാഫല്യം... കാടിന്റെ ദൈവം എന്ന സ്വപ്നസാഫല്യം... ഉയർന്ന തല പുല്ലിൽ ഒളിപ്പിച്ച് അവന്റെ ശയനം.. ആ കിടപ്പ് ഒരു നോട്ടത്തിൽ ആർക്കും തിരിച്ചറിയാനാകില്ല.. ദേഹത്തെ വരകൾ തീർത്ത സൗന്ദര്യം പുല്ലിനുള്ളിൽ സുരക്ഷിതം.. തന്റെ ആദ്യ യാത്രയിൽ തന്നെ കടുവയെ കണ്ട വിഷ്ണു മനസ്സറിഞ്ഞ് സന്തോഷിച്ചു, ഒപ്പം കാത്തിരിപ്പിന്റെ കയ്പുനീരിനൊടുവിൽ മാധുര്യം രുചിച്ച ഞങ്ങളും.. ബസ്സിനുള്ളിലെ എല്ലാവരും ഒരേ മനസ്സോടെ സന്തോഷിച്ച നിമിഷം..അവന്റെ കിടപ്പ് ആസ്വദിച്ച് ഞങ്ങൾ അങ്ങനെ നിൽക്കുമ്പോൾ അതാ വീണ്ടും തലയുയർത്തി ഞങ്ങളെ നോക്കുന്നു... ഒടുവിൽ ആലസ്യത്തിന്റെ വാ തുറക്കലും.... (Yawning) വീണ്ടും അവൻ പുൽത്തകിടിയിൽ ശയിച്ചു... ചിത്രങ്ങൾ കുറേ ഞാനും പകർത്തി... അടുത്ത സഫാരിയുടെ സമയമായി.. ഡ്രൈവർ  വണ്ടി തിരിച്ചു.... അടുത്ത സഫാരിയും ഇങ്ങോട്ടാണെന്ന് ഡ്രൈവർ പറഞ്ഞു.. വീണ്ടും ഓഫീസിൽ നിന്ന് ടിക്കറ്റ് വാങ്ങി ബസ്സിൽ കയറി... ഇത്തവണ സമീറും കൂട്ടിനുണ്ട്.. കുറേ നാളായി സഫാരി വന്നിട്ട്, നിങ്ങളുടെ കൂടെ ഒന്ന് വരാം എന്ന് സമീറും... ബസ്സിൽ ഓഫീസറും കയറി... ബസ്സ് നേരെ അവന്റെ അടുത്തേക്ക്.....
                 "MASS & MASSIVE"
                 
അപ്പോഴും അവൻ ശയനം തന്നെ.. ഇടയ്ക്കിടെ വാല് ഇങ്ങനെ വായുവിൽ ഉയർത്തും... കുറച്ച് നേരത്തിന് ശേഷം ദാ വീണ്ടും അവന്റെ വാ തുറക്കൽ... പിന്നെ പുല്ലിൽ കിടന്നു ഉരുളുന്നു... ഒന്ന് എഴുന്നേറ്റിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ച നിമിഷം... വെളിച്ചക്കുറവ് ഉണ്ട്.... എങ്കിലും ചിത്രങ്ങൾ ഒക്കെ പകർത്തി... ഏറെ നേരത്തെ കിടപ്പിന് അറുതി വരുത്തി അവൻ എഴുന്നേറ്റ് നിമിഷങ്ങൾ ശേഷം പച്ചപ്പിലേക്ക് മടങ്ങി.... തിരികെ ഞങ്ങളും.. എല്ലാവരുടെയും മുഖത്ത് സന്തോഷം... എങ്ങനെയുണ്ട് നമ്പൂതിരി കലക്കീല്ലേ? സമീറിന്റെ ചോദ്യം.... 😊ഞങ്ങൾ സമീറിനൊപ്പം റൂമിലേക്ക്... പിറ്റേന്ന് വെളുപ്പിന് 5.30 ന് ഓഫീസിൽ ചെല്ലണം സമീർ ഓർമ്മിപ്പിച്ചു... ഞങ്ങൾ ചെന്നതുമുതൽ എന്ത് കാര്യത്തിനും ആള് ഒപ്പമുണ്ട്...
               ബുധനാഴ്ച പുലര്‍ച്ചെ 5.30 ന് തന്നെ ഞങ്ങൾ ഓഫീസിൽ എത്തി.. തിരക്കുണ്ട്.. 6.30 തന്നെ യാത്ര തുടങ്ങി... അന്നത്തെ യാത്രാസമയം 2.30 മണിക്കൂർ ആണ്.. അതുകൊണ്ട് തന്നെ പലതും കാണാം എന്ന് ആഗ്രഹിച്ചു... മഞ്ഞിൽ കുളിച്ച കബനിയുടെ മറ്റൊരു മുഖം ആസ്വദിച്ച് യാത്ര തുടര്‍ന്നു... വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ... പതിവ് പോലെ തന്നെ മാൻ കൂട്ടങ്ങൾ ഞങ്ങളെ വരവേറ്റു... ആനക്കൂട്ടം കാണേണ്ടതാണ് പക്ഷേ ഉണ്ടായില്ല.. (വെള്ളം കുറവായപ്പോൾ അവ മറു കരയിലേക്ക് പോയി, ആ സമയത്ത് ഇവിടെ മഴ കനത്തു പെയ്ത് ഡാം മുഴുവൻ നിറഞ്ഞു.. പിന്നെ അവയ്ക്ക് തിരിച്ച് വരാൻ പറ്റിയില്ല... ആനക്കൂട്ടത്തെ പറ്റി ചോദിച്ചപ്പോൾ സമീർ ഞങ്ങളോട് പറഞ്ഞു.. "ഞാൻ പഠിക്കുന്ന കാലത്ത് മാത്രമേ ഡാം ഇങ്ങനെ നിറഞ്ഞ് കവിഞ്ഞ് ഒഴുകി കണ്ടിട്ടുള്ളൂ" സമീർ ഓർമ്മ പുതുക്കി) തലേ ദിവസത്തെ യാത്ര നൽകിയ സന്തോഷം ഈ യാത്രയുടെ വിഷമത്തെ ഇല്ലായ്മ ചെയ്തു.. മഴ മടിപിടിപ്പിച്ച ഒരു യാത്ര കൂടി കടന്നു.. ഈ യാത്രയിൽ ഒന്നും ഞങ്ങൾക്ക് കാണാനായില്ല.. കാടിന്റെ സൗന്ദര്യം ആസ്വദിച്ച ആ യാത്ര അവസാനിപ്പിച്ച് ഞങ്ങൾ ഭക്ഷണം കഴിക്കാൻ തിരിച്ചു.. തലേദിവസത്തെ ക്ഷീണം കൊണ്ട് ഞങ്ങൾ കിടന്നുറക്കമായി.... 12 മണി കഴിഞ്ഞപ്പോൾ സമീർ മുറിയിൽ വന്നു... "നമുക്ക് പുറത്തേക്ക് ഒക്കെ പോകാം, ഇങ്ങനെ വരുമ്പോഴല്ലേ ഇതൊക്കെ സാധിക്കൂ" ... സമീർ ഞങ്ങളോട് പറഞ്ഞു... വന്യ മൃഗങ്ങളിലൂടെ മാത്രം അറിഞ്ഞ കബനിയെ അല്ല പിന്നീട് കാണാൻ കഴിഞ്ഞത്.. ഞങ്ങൾ സമീറിനൊപ്പം ഒരുപാട് കറങ്ങി.. വൈകുന്നേരം 3.30 സഫാരിക്ക് പോകണം....
                     ഞങ്ങൾ ഉച്ചയ്ക്ക് ഭക്ഷണ ശേഷം 2.45 ന് ഓഫീസിലെത്തി.. ഭയങ്കര തിരക്ക്... 3 ബസ്സുകളും അന്ന് യാത്രയുക്കുണ്ട്.. ഞങ്ങൾ തലേദിവസത്തെ ഭാഗ്യ ബസ്സിൽ തന്നെ കയറി.. ബസ്സ് കാടിനുള്ളിലേക്ക്.... തലേദിവസത്തെ വഴി പിന്നിട്ട് വേറെ ഒരു വഴിയിലൂടെ.... കാടിന്റെ അതിർത്തി ആണെന്ന് തോന്നുന്നു, ചുറ്റും ഫെ‌ൻസിംഗ് ഉണ്ട്... മറുവശത്ത് കാടിനോട് ചേർന്ന് ഒരു ഗ്രാമം... നമുക്ക് കൗതുകം തോന്നുമെങ്കിലും അവരുടെ ജീവിതം ഓരോ ദിവസവും തീ തിന്നാകും എന്ന് ഞാൻ ഓർത്തെടുത്തു.. അവിടെ ഒക്കെ താമസിക്കുന്നവരുടെ  ഒരു ഭാഗ്യം എന്ന് നമ്മൾ പറയുമ്പോഴും അവരൊക്കെ എത്ര മാത്രം ദുരിതം അനുഭവിക്കുന്നു എന്ന് നമുക്കറിയാൻ വഴിയില്ല... ആ വഴിയൊക്കെ പിന്നിട്ട് ഇരു വശങ്ങളിലും നെല്ലിമരം നിറഞ്ഞ വഴിയിലൂടെ യാത്ര... നിറയെ നെല്ലിക്ക ഉണ്ടായി കിടക്കുന്നു... ഒരു ഇറക്കം ഇറങ്ങി ചെല്ലുന്നതും, ദാ മുമ്പിൽ കബനിയുടെ സുന്ദരി/ സുന്ദരൻ .... ഏകദേശം 3 വയസ്സ് പ്രായമുള്ള കടുവക്കുട്ടി (Back Water Tiger Cub).. ഞങ്ങൾക്ക് മുൻപിലേക്ക് അലസമായി നടന്നു വരുന്നു...
"DREAM ENTRY" 

     "HEAD ON  DREAM SHOT" 

പിന്നെ തലയുയർത്തി അങ്ങനെ ഒരു നിൽപ്പും... ഒന്നും നോക്കിയില്ല.. ചറ പറാ ചിത്രങ്ങൾ പകർത്തി... ചിത്രങ്ങൾ എടുക്കാൻ ഓടിയ ആവേശത്തിൽ ഞാൻ ബിനോയിയുടെ പുറത്താണ് എന്ന് പോലും മറന്നു പോയി.. 2 മിനുട്ട് നേരം അവൾ ഞങ്ങൾക്ക് മുമ്പിൽ നിന്നിട്ട് കാടിനകത്തേക്ക് മറഞ്ഞു... ചിത്രങ്ങൾ എടുത്ത് മാറിയപ്പോൾ ബിനോയി പറഞ്ഞു "എന്റെ തിരുമേനീ എന്റെ വയറ് പൊട്ടിപ്പോയി" എന്ന്... ഹഹഹ... അവൾ വീണ്ടും തിരികെ ഇറങ്ങാൻ സാദ്ധ്യത ഉള്ള സ്ഥലത്ത് ഡ്രൈവർ കുറച്ച് നേരം കിടന്നു.. മറ്റു ബസ്സുകൾ വന്നപ്പോഴേക്കും അവൾ ഞങ്ങൾക്ക് മാത്രം ദർശനം നൽകി മടങ്ങി... ഇരട്ടി മധുരം സമ്മാനിച്ച ആ യാത്ര അങ്ങനെ  അവസാനിപ്പിച്ചു... തിരികെ റൂമിലേക്ക്.. അന്ന് രാത്രി ഞങ്ങൾ സമീറിനൊപ്പം ഡാമിന്റെ മറ്റൊരു സ്ഥലത്ത് പോയി... ബനീഷും, വിഷ്ണുവും, ബിനോയിയും ചേർന്ന് Slow Shutter ചിത്രം പകർത്തി...
"SLOW SHUTTER SHOT WITH SAMEER" 
                പിറ്റേന്ന് വെളുപ്പിന് വീണ്ടും യാത്ര പോയി.. പക്ഷേ അന്ന് ഒന്നും കിട്ടിയില്ല... തലേദിവസം പോയ ഡാമിന്റെ ഭാഗത്ത് ഉച്ചയ്ക്ക് ഞങ്ങൾ പോയി.. നിരവധി പക്ഷികൾ അവിടെ ഉണ്ട്..ഒരു ഊട്ടിയിൽ പോയ പ്രതീതി നൽകുന്ന ആ സ്ഥലത്ത് നിരവധി പൂക്കൾ വിസ്മയം തീര്‍ത്ത് നിൽക്കുന്നു... ഉച്ചയൂണിനു ശേഷം ഞങ്ങൾ വൈകുന്നേരം പോയ സഫാരിയിൽ Gaur ന്റെ ചിത്രവും, Spotted Deer Mating ചിത്രവും ലഭിച്ചു... അന്ന് വൈകുന്നേരം യാത്ര അവസാനിപ്പിച്ച് സമീറിനോടും, ബാക്കിയുള്ളവരോടും നന്ദി പറഞ്ഞു ഞങ്ങൾ സത്യമംഗലം കാട് വഴി തിരികെ നാട്ടിലേക്ക്....അർദ്ധരാത്രിയിൽ വരെ തിരക്കുള്ള റോഡ്, അല്ല റോഡ് എന്നൊന്നും പറഞ്ഞു കൂടാ.. അപാര കുഴിയാണ് വഴി മുഴുവൻ... ഏതാണ്ട് കിലോമീറ്ററോളം ദൂരം ഒരു മനുഷ്യൻ പോലും ഇറങ്ങി നിന്നാൽ കാണാത്തത്ര കുഴി.. ഇരുവശങ്ങളിലും ആനക്കൂട്ടം മേയുന്ന കാഴ്ച ഗംഭീരം... അതൊരു പ്രത്യേക അനുഭവമായി... രാവിലെ 5.30 ന് തൃശ്ശൂർ എത്തി... അനുഭവങ്ങളുടെ മധുരവുമായി, ഇനിയും ഒരുപാട് യാത്രകൾ സ്വപ്നം കാണുകയായി... അടുത്ത യാത്ര എന്നാണെന്ന് അറിയില്ല.........
                           Umesh Kesav Namboodiri

NB:- എല്ലാ സഹായവും നൽകിയ പ്രിയ സുഹൃത്ത്  സമീറിന് ഒരായിരം നന്ദി.....
                 
                     
                    

Friday, 25 October 2019

ഇടവേളയ്ക്ക് ശേഷം തട്ടേക്കാട്ടേക്ക്.....


                  പ്രത്യേക ലക്ഷ്യം വെച്ച് പോയതല്ലെങ്കിൽ കൂടി പുതിയ ലെൻസ് വാങ്ങിയപ്പോൾ അതിന്റെ തുടക്കം തട്ടേക്കാട് നിന്ന് ആകണം എന്ന് തോന്നി.. അങ്ങനെ രെജീവിനെ വിളിച്ച് അങ്ങോട്ട് പോയി.. ചെന്നപ്പോൾ വെളിച്ചം വരുന്നതേയുള്ളൂ.. തലേദിവസത്തെ മഴ പലയിടത്തും വെള്ളക്കുഴികൾ തീർത്തിരിക്കുന്നു.. വന്നപാടെ രെജീവിന്റെ ചോദ്യം, "മാഷിന് Green Pit Viper നെ കിട്ടിയിട്ടുണ്ടോ?" എനിക്ക് കിട്ടാത്ത ഒരെണ്ണം വേണം എന്ന് പറഞ്ഞപ്പോൾ ചോദിച്ചതാണ് രെജീവ്.. ഇല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നമുക്ക് തുടക്കം അവനിൽ ആകാം എന്ന് പറഞ്ഞു..
            "ഇരുളിൽ മയങ്ങി" 
                  ഞങ്ങൾ അവനെ തിരഞ്ഞ് നടന്നു.. എപ്പോൾ ചെല്ലുമ്പോഴും അട്ട പിടി മുറുക്കുന്ന തട്ടേക്കാട് ഇക്കുറിയും പിടി കൂടി..കാടിനുള്ളിൽ വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ... രെജീവിന്റെ പുറകേ ഞാനും കാടിനുള്ളിൽ കയറി.. തലേദിവസം മഴ പെയ്തതുകൊണ്ടാണെന്ന് തോന്നുന്നു അട്ടകൾ ഒരുപാട് കാലിൽ തൂങ്ങി... അതൊന്നും നോക്കാതെ ഉള്ളിലേക്ക്.. നമ്മുടെ ലക്ഷ്യം പിറ്റ് വൈപ്പർ ആണല്ലോ!! ഒടുവിൽ അവനെ കണ്ടു പിടിച്ചു.. ഒരു അപാര സാധനം.. വലിപ്പം ഞാൻ കണ്ട വെപ്പറിന്റെ ഇരട്ടിയിലും മീതേ.. സുധീഷും ഞാനും കൂടി പോയി കിട്ടിയ പിറ്റ് വൈപ്പറിന് നിറവും വലുപ്പവും വ്യത്യാസമുണ്ട്.     




 
               "മരത്തണലിൽ" 
                "Attacking Mode On"

അവനിങ്ങനെ മരത്തിന്റെ ഒരു ശിഖരത്തിൽ നിദ്രയിലെന്നവണ്ണം ഇരിക്കുന്നു.. ഞാൻ അവന്റെ കുറേ ചിത്രങ്ങൾ പകർത്തി..അവിടെ നിന്നും ഞങ്ങൾ ഉരുളൻതണ്ണി ലക്ഷ്യമാക്കി പോകുമ്പോൾ അതാ പാടത്ത് ഒരു മലമ്പാമ്പ് കിടക്കുന്നു എന്ന് അവിടെയുള്ളവർ പറഞ്ഞു.. വേഗം കാറിൽ നിന്ന് ചാടിയിറങ്ങി.. അവൻ ചുരുണ്ടുകൂടി കിടക്കുന്നു.. കണ്ടാൽ ഏതോ ചാക്കുകെട്ട് ആണെന്ന് തോന്നും.. ഞങ്ങൾ അവന്റെ അടുത്ത് ചെന്ന് ചിത്രങ്ങൾ എടുത്തു.. ഉദ്ഘാടനം ഗംഭീരം.. രെജീവ് ചിരിച്ചുകൊണ്ട് പറഞ്ഞു.....
         "Orange Minivet (M)" 

                   ഒരു പാട് പക്ഷികളെ കാണാനായി.. പക്ഷേ കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് ചിത്രങ്ങൾ പകർത്താൻ സാധിച്ചില്ല.. എങ്കിലും അവയെ കാണാനും, ശബ്ദം കേൾക്കാനും തന്നെ ഒരു രസമുണ്ട്.. ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് അത് കേൾക്കുന്നത് തന്നെ ഒരു പ്രത്യേക രസമാണ് മാഷേ... എന്ന് രെജീവും...
      തിരികെ ഞങ്ങൾ കാടിറങ്ങി.... ഇനിയും ഒരുപാട് യാത്രകളും ചിത്രങ്ങളും മനസ്സിൽ കണ്ട് ഞാൻ തിരികെ ഇല്ലത്തേക്കും.....
           ഉമേഷ് കേശവൻ നമ്പൂതിരി..

Thursday, 11 April 2019

"UNEXPECTED TRIP TO THANJORE"

           
      "തഞ്ചാവൂർ ബൃഹദേശ്വർ" 
                   
              ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു യാത്രയാണ് ഇത്. അതുകൊണ്ട് തന്നെ അതിന്റെ ഒരുഅതിശയവും എന്നിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ കൊരട്ടിയിലെത്തിയ ഞാൻ ബിനോയിയുടെ കാറിൽ യാത്ര തുടര്‍ന്നു.. തൃശ്ശൂരിന് മുൻപ് ബനീഷും, ബിനിനും കാത്തുനിന്നു. അവരേയും കൂട്ടി ഞങ്ങൾ നേരെ പാലക്കാട് വഴി യാത്ര തുടങ്ങി. നേരം ഇരുട്ടിത്തുടങ്ങി.. യാത്രയിലുടനീളം നിനച്ചിരിക്കാതെ വന്ന ആ യാത്രയുടെ തീരുമാനങ്ങൾ പങ്കുവെച്ചു. വണ്ടി പാലക്കാട് എത്തി. അവിടെ നിന്നും ഭക്ഷണം ഒക്കെ അകത്താക്കി.. പിന്നീടിങ്ങോട്ട് പാതിരാത്രിയിലാണ് യാത്ര.. പക്ഷേ റോഡിനിരുവശവും ലൈറ്റുകൾ,കണ്ടാൽ പകൽ പോലെ പ്രകാശവും.. പൊള്ളാച്ചി - ഗുഡിമംഗലം - ഗോവിന്ദാപുരം വഴി വണ്ടി ധാരാപുരം എത്തി.. കാറിന്റെ സാരഥിയായി ബിനിൻ എത്തി..ക്ഷീണം അറിയാതെ ഞങ്ങൾ ഡിണ്ടിഗൽ വഴി ഏതാണ്ട് വെളുപ്പിനോടെ തഞ്ചാവൂർ എത്തി..അവിടെ നിന്നും പ്രഭാതകൃത്യങ്ങൾ നടത്തി ഞങ്ങൾ ക്ഷേത്രത്തിലേക്ക്..ബൃഹദേശ്വർ...ആ പേരിൽ തന്നെ ഉണ്ട് അതിന്റെ വലുപ്പം.കൂറ്റൻ ഗോപുരം കടന്ന് ഉള്ളിൽ ചെന്നാൽ നമ്മളെ ആദ്യം വരവേൽക്കുന്നത് ആ ക്ഷേത്രമണ്ഡപത്തിലെ വലിയ നന്തി വിഗ്രഹം തന്നെ.എത്ര വർണ്ണിച്ചാലും ക്ഷേത്രവർണ്ണന തീരില്ല.അതിന്റെ ചില ചിത്രങ്ങൾ പകർത്തി. ആ ക്ഷേത്രത്തിന്റെ ആകാരഭംഗി തന്നെ ആണ് അതിന്റെ അത്ഭുതവും.ദർശനവും നടത്തി, പുറത്ത് വന്ന് ഭക്ഷണം കഴിച്ചു,

       "തഞ്ചാവൂർ ക്ഷേത്രകവാടം" 
                              ഞങ്ങൾ മറ്റൊരു ക്ഷേത്രത്തിലും കയറി.എല്ലാം ഒരേ മാതൃകയിൽ പണി കഴിപ്പിച്ചവ..അവിടെ ചില അറ്റകുറ്റപ്പണികൾ നടക്കുന്നു. വെയിൽ ഉച്ചിയിൽ എത്തി.കരിങ്കൽ പാകിയ അവിടുത്തെ മുറ്റത്ത് ചാടിച്ചാടിയാണ് നടത്തം..അവിടെ അടുത്ത് കണ്ട പാർക്കിലും കുറച്ച് സമയം ചിലവഴിച്ചു.ഓരോ മരച്ചുവട്ടിലും ആൾക്കൂട്ടം.ഉച്ചയൂണ് തരമാക്കി ഞങ്ങൾ "രാമേശ്വരം" പോകാ൯ തയ്യാറായി.. അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിട്ടുണ്ടാകും. തഞ്ചാവൂരിൽ നിന്നും പുതുക്കോട്ടൈ-കാരൈക്കുടി വഴി യാത്ര...രാത്രിയാത്രയുടെ ക്ഷീണം തെല്ലും അലട്ടിയില്ല. കാരണം റോഡുകൾ തന്നെ... അത്രയ്ക്ക് ഗംഭീരമായ റോഡുകൾ. യാത്ര രാമേശ്വരം എത്തി നില്‍ക്കുന്നു.
‌ ഞങ്ങൾ ഒരു മുറി ഒക്കെ തരപ്പെടുത്തി. അൽപ്പം വിശ്രമിച്ച് കുളി കഴിഞ്ഞ് ദർശനത്തിന് പോകാനിറങ്ങി. തമിഴ്നാട് ക്ഷേത്രങ്ങൾ എന്നും വിസ്മയമായി നിൽക്കുന്നതിന്റെ പ്രധാന കാരണം അവിടുത്തെ നിർമ്മിതി ഒന്നുകൊണ്ടാണ്. അതൊക്കെ തന്നെയാണ് ഇന്നും അവ ഒളിമങ്ങാതെ നിൽക്കുന്നതും. ദർശനശേഷം ഞങ്ങൾ അതിനടത്തുള്ള വഴിയിലൂടെ അൽപ്പം നടന്നു. ഒട്ടേറെ സ്വാമിമാരും, പല വേഷവിധാനത്തോടെയുള്ള ആളുകളും നിറഞ്ഞ വഴി.. വയർ വിളി തുടങ്ങി, ഞങ്ങൾ അവിടുള്ള ഹോട്ടലിൽ കയറി.. തമിഴ്നാടിന്റെ രുചി നിറച്ച സവാള റോസ്റ്റ്, വട ഇവയൊക്കെ അകത്താക്കി.....മുറിയിൽ ചെന്ന് വിശ്രമശേഷം ഞങ്ങൾ ക്യാമറയുമായി ഇറങ്ങി. രാമേശ്വരം ചുറ്റി കണ്ടു. വൈകീട്ടോടെ ഞങ്ങൾ ഏറെ പ്രസിദ്ധമായ "പാമ്പൻ പാലത്തിലും" പോയി. സൂര്യാസ്തമയം ക്യാമറയിലാക്കാനായിരുന്നു.. ഏറെക്കുറെ കിട്ടി... മുറിയിൽ എത്തി.. പിറ്റേന്ന് വെളുപ്പിന് ധനുഷ്കോടി വെച്ചുപിടിച്ചു. സൂര്യോദയം കാണാനുള്ള ആകാംക്ഷയോടെ ഞങ്ങൾ യാത്ര തുടര്‍ന്നു. കുറേ ദൂരം നമ്മുടെ വണ്ടിയിൽ പിന്നീട് അവിടുത്തെ വാനിൽ ആണ് യാത്ര.. ആ യാത്രയുടെ സുഖം വേറെ ഒരിടത്തും കിട്ടില്ല. ചില സമയത്ത് കടലിലൂടെ യാത്ര..ധനുഷ്കോടി എത്തിയ ഞങ്ങൾ വാനിന് മുകളിൽ കയറി. സൂര്യോദയം ക്യാമറയിൽ പകർത്താൻ. ശ്രമം പാളി.. അന്ന് സൂര്യൻ കാർമേഘപുതപ്പിട്ട് നിന്നു. രാവിലത്തെ ചില നിമിഷങ്ങൾ പകർത്താൻ ഞങ്ങൾക്കായി. മത്സ്യബന്ധന ബോട്ടും തൊഴിലാളികളും, മറ്റും.

          "സ്വർണ്ണവർണ്ണം തൂകി" 

                "ജീവിതലക്ഷ്യങ്ങൾ"



അവിടുത്തെ പള്ളിയുടെ അവശിഷ്ടങ്ങളും മറ്റും അവിടുത്തെ പഴമയെ വിളിച്ചറിയിക്കുന്നു. അതെല്ലാം തന്നെ ഞങ്ങൾ ക്യാമറയിൽ പകർത്തി..തിരികെ ഞങ്ങൾ വീണ്ടും രാമേശ്വരത്തേക്ക്..വൈകീട്ടോടെ ഞങ്ങൾ നേരെ കമ്പം ലക്ഷ്യമാക്കി നീങ്ങി.. പുലർച്ചയോടെ ഞങ്ങൾ കമ്പം അടുത്തു. പോകും വഴി ഒരു ചെറിയ കടയിൽ നിന്നും കട്ടൻകാപ്പിയും കുടിച്ചു.. ഗ്രാമഭംഗി നിറഞ്ഞ വഴിയിലൂടെ നീങ്ങി.. കാളവണ്ടിയും പാൽക്കാരനും നിറഞ്ഞ കമ്പത്തെ ഗ്രാമങ്ങൾ.. കാറിന്റെ ഹെഡ്ലൈറ്റ് അടിച്ച് ഞങ്ങൾ ഒരു കാളവണ്ടി ചിത്രവും പകർത്തി... ഏകദേശം വെളുപ്പിന് 5.30 നാണ് പകർത്തിയത്.. ഈ ചിത്രം താഴെ കൊടുക്കുന്നു.


 നേരം പുലർന്നതോടെ കമ്പത്തിന്റെ ഭംഗി കൂടുന്നതായി തോന്നി. എങ്ങും പച്ചപ്പ് നിറയുന്നു. ടാറിടാത്ത വഴിയിലൂടെ ഞങ്ങൾ നീങ്ങി.. ഇടവഴിയിൽ എവിടെയും ഗ്രാമത്തിന്റെ തനിമ നിറയുന്നു. കമ്പം - തേനി പ്രദേശങ്ങൾ നമ്മുടെ നാട്ടിലുള്ളവർ കാണണം. അവിടുത്തെ ഹരിതാഭ നമുക്ക് എപ്പോഴും അന്യം നിന്നുപോകുന്നു. മണ്ണിട്ട വഴിയിലൂടെ നീങ്ങിയ ഞങ്ങളെ കാത്തിരുന്നത് ഹരിതഭംഗി നിറഞ്ഞ പാടങ്ങളും, മലകളും നിറഞ്ഞ തേനിയിലെ ഒരു പ്രദേശം ആയിരുന്നു. ഏകദേശം 50 ഏക്കറോളം വരുന്ന ആ പാടത്തിന്റെ മറ്റേ അറ്റത്ത് മേഘമല തലയുയർത്തി നിൽക്കുന്നു. പാടത്ത് കൃഷിക്കാർ നിറയെ ഉണ്ട്. ഒരിടത്ത് കള പറിക്കലും, മറ്റൊരിടത്ത് വളപ്രയോഗവും മറ്റും.. ആ ഭൂപ്രദേശത്തെ ഞങ്ങൾ മനസ്സില്ലാമനസ്സോടെ വിടപറഞ്ഞു നീങ്ങി. കുമളി വഴി നേരെ കുടുംബത്തിൽ......

"കൂടുതൽ ചിത്രങ്ങൾ താഴെ ചേർക്കുന്നു"


















BY    
 UMESH KESAVAN NAMBOODIRI.  

Wednesday, 10 April 2019

"MOBILE MANIA"

             "MOBILE MANIA" 
                     
              ഈ പേരിന് പിന്നിൽ കുറച്ച് സംഭവങ്ങൾ ഉണ്ട്. അത് ഇവിടെ കുറിക്കട്ടെ....
                  മൊബൈൽ എന്ന ഈ ഒരു ഉപകരണം വരുന്നതിന് മുന്‍പ് ടെലിഫോൺ എന്ന ഒരു സാധനം 😂😂ഉണ്ടായിരുന്നു. ഇന്ന് അത് ചിലയിടങ്ങളിൽ മാത്രമായി ഒതുങ്ങി.. എന്റെ ഒക്കെ ചെറുപ്പത്തിൽ ഇത് അത്യാവശ്യം ധനസ്ഥിതി ഉള്ള വീടുകളിൽ മാത്രം കണ്ടിരുന്നുള്ളൂ.. ഞങ്ങൾ ഫോൺ വിളിച്ചിരുന്നതും(മിക്കവാറും ബൂത്തുകളിൽ പോയി വിളിക്കും, അത്ര അത്യാവശ്യം വന്നാൽ അടുത്ത വീട്ടിൽ നിന്നും) അതുപോലെ വിളി ഞങ്ങൾക്ക് വന്നിരുന്നതും ഇല്ലത്ത് അടുത്തുള്ള ആലപ്പാട്ട് വീട്ടിൽ ആണ്. ഞങ്ങളുടെ പ്രദേശത്ത് അന്ന് ആലപ്പാട്ടും, പിന്നെ തരണിയിലും മാത്രമേ ഫോൺ ഉണ്ടായുള്ളൂ എന്നാണ് ഓർമ്മ. ഞങ്ങൾക്കുള്ള ഫോൺ വരുമ്പോൾ അവിടെ നിന്നും അതിരുങ്കൽ വന്ന് ആരെങ്കിലും ഞങ്ങളെ വിളിക്കും. മിക്കവാറും അവിടുത്തെ ഇളയമകൻ സണ്ണി ആകും വിളിക്കാറ്.. താഴെ തൊണ്ടും (പണ്ടത്തെ നടപ്പുവഴിക്ക് തൊണ്ട് എന്നാണ് പറയാറ്. ഇടവഴി) കടന്ന് ഞങ്ങൾ വിളിയും കാതോർത്ത് നിൽക്കും (ഞങ്ങൾ അവിടെ ചെല്ലേണ്ട സമയം കണക്കാക്കി ഇത്ര മിനിട്ട് കഴിഞ്ഞ് വിളിക്കാൻ പറയും) അവിടെ കുശലങ്ങൾ പറഞ്ഞ് നിൽക്കുമ്പോൾ വിളി വരും. ബന്ധുക്കളും അതുപോലെ അച്ഛനും ഒക്കെ അവിടേക്കാണ് വിളിക്കാറുള്ളത്.. നാളികേരം പൊട്ടിക്കുന്ന സമയത്താണെങ്കിൽ അവിടുന്ന് പൊങ്ങ് തരാറുണ്ട്...അങ്ങനെ അയൽപക്കവുമായി ഒരു അടുത്ത ബന്ധം സ്ഥാപിക്കുന്നതിൽ അന്നത്തെ താരം നമ്മുടെ ടെലിഫോൺ തന്നെ.....(ഇന്നിപ്പോൾ ഞാൻ കുടുംബക്കാരെ, എന്തിന് അയൽപക്കത്തുള്ളവരെ കാണുന്നതും എന്തെങ്കിലും വിശേഷം അറിയുന്നതും ഫേസ്ബുക്ക് അല്ലെങ്കിൽ വാട്ട്സാപ്പ് ഇതുവഴിയാണ്). പിന്നീട് എനിക്ക് അറിയാറായപ്പോൾ ആണ് ഇല്ലത്ത് ടെലിഫോൺ വന്നത്.. അന്ന് ഞങ്ങളുടെ മുകളിൽ താമസിക്കുന്ന ആലപ്പാട്ടെ ആനീസും, കാരപ്പക്കുഴിയിലെ സുമയും ഒക്കെ ഫോൺ വിളിക്കാനും, അതുപോലെ അവർക്ക് ഫോൺ വരുന്നതും ഇല്ലത്ത് ആയി...ടെലിഫോൺ അതിപ്രസരം കഴിഞ്ഞാണ് പിന്നീട് മൊബൈൽ എന്ന സംവിധാനം എത്തുന്നത്.. ആദ്യമായി ആ സാധനം കാണുന്നത് എന്റെ മൂത്ത അളിയന്റെ കൈയ്യിലാണ്. അന്ന് അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിൽ മേൽശാന്തി ആയിരുന്നു. അളിയൻ അവിടെ വരുമ്പോൾ ഇതും കൂടെ കൊണ്ടുവരും.. ഇപ്പോൾ പോലീസ് വയർലസ് മോഡൽ മൊബൈൽ ആയിരുന്നു അത്. അൽക്കാടെൽ കമ്പനിയുടെ മൊബൈലും, ബി. പി. എൽ മൊബൈലിന്റെ കണക്ഷനും(പിന്നീട് ഹച്ച് ആയി, ഇപ്പോൾ വോഡാഫോൺ). ഏതാനും ചില നഗരങ്ങളിൽ ഒഴികെ മറ്റൊരിടത്തും അതിന് റേഞ്ച് ഇല്ല. അതുകൊണ്ട് തന്നെ അത് ഇല്ലത്തും കാഴ്ചവസ്തു തന്നെ. ചിലപ്പോൾ കാറ്റടിക്കുമ്പോൾ പച്ച ലൈറ്റ് തെളിയും. ഇല്ലത്ത് മച്ചിന്റെ താഴെ ഒരു ആണി ഉണ്ടായിരുന്നു അതിൽ തൂക്കിയാൽ അല്പം റേഞ്ച് കിട്ടും.. അത് പോസ്റ്റ് പെയ്ഡ് കണക്ഷൻ ആയിരുന്നു, അന്ന് അതേ ഉണ്ടായുള്ളൂ.. 2003 ൽ ആണ് ആദ്യമായി ഒരു മൊബൈൽ ഞാൻ വാങ്ങിയത്. അന്ന് ഞാൻ അളിയന്റെ കൂടെ ചോറ്റാനിക്കര അമ്പലത്തിൽ സഹായത്തിന് നിൽക്കുന്ന സമയം. അളിയന്റെ മൊബൈലിൽ നിന്നാണ് ഇല്ലത്തേക്കും മറ്റും വിളിച്ചിരുന്നത്. ഒരു ആഗ്രഹത്തിന്റെ പുറത്ത് അവിടുത്തെ സഹായി മുരുകനേം കൂട്ടി ഞാൻ തൃപ്പൂണിത്തുറ പൂർണ്ണശ്രീയിൽ നിന്നും L. G. SMILE എന്ന മൊബൈൽ വാങ്ങി എയർടെൽ കണക്ഷനും.. അമ്പലത്തിൽ വന്ന എനിക്ക് കുറേ ചീത്ത കേൾക്കേണ്ടതായി വന്നു..അങ്ങനെ അളിയന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ അത് കൊടുത്തു.. പിന്നീട് നോക്കിയ 1100 എടുത്തു.. അതിൽ തുടങ്ങിയ ഞാൻ 1200, 3010,3300,6233, 6235, N71, 80 ഇതൊക്കെ ഉപയോഗിച്ചു.. സോണി എറിക്സണേം വെറുതെ വിട്ടില്ല.. അവരുടെ C 510,903, 901..W350 I, 508, 705, എന്നീ മോഡലുകളും പയറ്റി. അതിൽ വാക്ക്മാൻ സീരീസ് പാട്ടുകൾക്ക് വേണ്ടിമാത്രം.. സിമ്പിയൻ കാലഘട്ടം കഴിഞ്ഞ് ആദ്യമായി ആൻഡ്രോയിഡ് ഫോൺ കണ്ടത് കോളപ്ര ഉണ്ണിയേട്ടന്റെ കയ്യിലെ സോണി മൊബൈൽ ആണ്. അതിൽ ഭൂമി ഇങ്ങനെ കറങ്ങുന്നത് കണ്ട് എന്റെ കണ്ണ് തള്ളിയത് ഇപ്പോഴും ഓർക്കുന്നു..പിന്നീട് അങ്ങോട്ടേക്ക് ഞങ്ങളുടെ(അച്ഛന്റെ ചേട്ടന്റെ മക്കൾ മണിച്ചേട്ടൻ, ഉണ്ണിച്ചേട്ടൻ പിന്നെ ഞാൻ)പേര് മുകളിൽ സൂചിപ്പിച്ച പോലെ "മൊബൈൽ മാനിയ" എന്ന് വന്നത്..ഏതെങ്കിലും വിശേഷത്തിന് എവിടെ പോയാലും ഞങ്ങളുടെ സ്ഥാനം ഏതെങ്കിലും മലയിൽ... പുതിയ മൊബൈൽ ഏതാണ് ഇപ്പോൾ മാർക്കറ്റിൽ? അതിന്റെ ഗുണം? പോരായ്മ? ഇങ്ങനെ പോകുന്നു ചർച്ചകൾ... ആരെങ്കിലും ഇത് കേട്ടാൽ അവർ വാ പൊളിച്ചു പോകും. അത്രയ്ക്ക് ആധികാരികമായി ആണ് ചർച്ചകൾ.. ബന്ധുക്കൾ ആദ്യം ഞങ്ങളുടെ പോക്കറ്റിൽ ആണ് നോക്കുന്നത്, അതിന് ശേഷം മുഖത്ത്.. പിന്നെ ആക്കിയ രീതിയിൽ വീണ്ടും മാറിയോ മൊബൈൽ? ഇതൊക്കെ എത്ര കേട്ടേക്കുന്നു എന്ന മട്ടിൽ നമ്മൾ ചിരിക്കും.. അവർക്കറിയണോ ഇതിൽ വന്ന നഷ്ടം.. ഹഹഹ... സാംസങ് എസ് സീരീസിൽ S1മുതൽ S6 വരെയും, നോട്ട് സീരീസിൽ Note 1 മുതൽ Note 5 വരെയും ആയപ്പോൾ തീർന്നു സാംസങ് എന്ന കമ്പനിയോടുള്ള ആഗ്രഹം.. അവരുടെ S6, Note 5 ഇതൊക്കെ ഇട്ട് ഞാൻ രാവിലെ ചൂടു വെള്ളം വരെ ഉണ്ടാക്കി കുളിക്കാറുണ്ട്... ഹഹഹ... അമ്മാതിരി ചൂടായിരുന്നു അതിന് ഉപയോഗിക്കുമ്പോൾ.. സോണിയുടെ Z ultra ഉപയോഗിച്ചിട്ടുണ്ട്.. പിന്നീട് Redmi Mi Max (3gb ram, 32 internal) online വഴി വാങ്ങി.. അതിന്റെ തന്നെ Mi Max (4gb ram, 128 gb internal) പിന്നീട് വാങ്ങി.. ഇപ്പോൾ ദാ... Honor 8 Pro (6gb ram, 128 gb internal) ഇതിൽ നിൽക്കുന്നു ചരിത്രം... മണിച്ചേട്ടൻ ഒക്കെ ഇപ്പോഴും മാറ്റുന്നുണ്ടെന്ന് തോന്നുന്നു... കണ്ടിട്ട് കുറേയായി.. ഹഹഹ.. അതെങ്ങനെ ഞാൻ പറഞ്ഞപോലെ തന്നെ ഇപ്പോൾ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ ദാ ഈ വിരൽതുമ്പിലാണ്... നേരെ കാണില്ല....ഏതായാലും ഒരു കാര്യം കൂടി പഠിച്ചു.. ഇത്രയും കാലം ഇതുകൊണ്ട് കളിച്ച എനിക്ക് അത്യാവശ്യം ചെറിയ അറ്റകുറ്റപ്പണികൾ വശമായി.. ബന്ധുക്കളുടേയോ, സഹപ്രവര്‍ത്തകരുടേയോ, സുഹൃത്തുക്കളുടേയോ മൊബൈൽ വിഷയമായാൽ ചിലതൊക്കെ ഞാൻ ശരിയാക്കി കൊടുക്കും.. മെക്കാനിസം പഠിച്ചിട്ടല്ല, മറിച്ച് മുൻപ് കുറിച്ചപോലെ അതിനോടുള്ള ആവേശവും, ആഗ്രഹവും മൂലം തന്നെ.......
                മൊബൈൽ വന്നതോടെ ദൂഷ്യങ്ങളും ഉണ്ട്, നല്ലതും.. പണ്ട് എല്ലാവരും കൂടി വർത്തമാനം പറഞ്ഞ സ്ഥാനത്ത് അവരുടെ ഒക്കെ തല ഇപ്പോൾ ഫേസ്ബുക്ക് ചിഹ്നം പോലെ വളഞ്ഞ് തന്നെ.. തല പൊക്കാറില്ല.. അതിന്റെ ദൂഷ്യം കുടുംബങ്ങളിൽ കാണുന്നു.. Communication gap... തൻ മൂലം കുടുംബത്തിൽ സമാധാനം ഇല്ല... മക്കൾക്ക് വരെ മൊബൈൽ ഗെയിം.. ഓർമ്മശക്തി നശിക്കുന്നു... പണ്ട് എല്ലാവരുടെയും നമ്പർ കാണാപാഠം അറിയാവുന്ന നമുക്ക് നമ്മുടെ തന്നെ നമ്പർ വശമില്ല.. എല്ലാം നല്ലരീതിയിൽ ഉപയോഗിച്ചാൽ നല്ലത്, മറിച്ചായാൽ........
   
          നിങ്ങളുടെ സ്വന്തം,
          ഉമേഷ് കേശവൻ നമ്പൂതിരി...


"DREAM JOURNEY PART II"




                      അവിടെ സംഘാടകർ വന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കാത്ത് നിൽക്കുന്നുണ്ടായിരുന്നു ..ഒരു ചായകുടി കഴിഞ്ഞ് അവരുടെ നിർദ്ദേശപ്രകാരം room ലേക്ക്!!! Camera -യും, Bag -ഉം ഒക്കെ കെട്ടിച്ചുമന്ന് റൂമിൽ വെച്ചു. പിന്നെ എല്ലാവരും എത്തിയതിന് ശേഷം പരിചയപ്പെടൽ, ചില നിർദ്ദേശങ്ങൾ സംഘാടകരുടെ വക!! ജീവിതത്തിൽ ഇന്നേവരെ ഇത്തരം ക്യാമ്പുകളെ അഭിമുഖീകരിക്കാത്ത എനിക്ക് ഇതൊരു പുതുമയായി!! ഒട്ടേറെ പ്രതിഭകൾ അടങ്ങിയ ആ ക്യാമ്പിൽ കുടുംബത്തോടൊപ്പവും അംഗങ്ങൾ ഉണ്ടായിരുന്നു!! ചില മുഖങ്ങൾ ഒഴികെ ബാക്കിയുള്ളവർ അപരിചിതരായി ..എന്നാൽ Photography എന്ന കലയോടുള്ള അടങ്ങാത്ത ആവേശമുള്ള അവർക്ക് എന്നെ സുപരിചിതനായി തോന്നി!! അതാണ് മനുഷ്യ൯!! അതാണ് പ്രകൃതി ...അതാണ് Photography ..ഇതാണ് Photomuse എന്ന സംഘടനയുടെ അടിസ്ഥാനവും!!! കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ photographers പരിചയക്കാരായി ...അവരെ ഞാ൯ മനസ്സിനാൽ അവരറിയാതെ ഗുരുക്ക൯മാരാക്കി ( Nandakumar Moodadi sir, Unni Pulikkal S sir, Biju Ramankutty sir, Sree Kumar V Menon sir, Jameskutty Antony sir, Seemasuresh Neelambarimohan ji ..etc.. all our campers) .





                        ഉച്ചഭക്ഷണ  ശേഷം Campers നോടൊപ്പം യാത്ര!!! വാഹനം എത്താവുന്നിടം വരെ ചെന്ന് അവിടെ നിന്ന്കാൽനടയാത്ര!!! വനത്തിലൂടെ ...നേരം വിചാരിച്ചതിലും വൈകി!!! ഇന്നേവരെ Tripod എന്ന സാധനം ഉപയോഗിക്കാനറിയാത്ത ഞാ൯ അതും ചുമന്നു!! എന്തെന്നറിയാത്ത യാത്ര!! യാത്രയിൽ ഉടനീളം ഉണ്ടായി അട്ടകളുടെ ശല്യം!! ഇത്രയും മനുഷ്യാത്മാക്കളെ ഒരുമിച്ച് കണ്ടപ്പോൾ അവർക്കും സംശയം!! ആരെ കടിക്കണം?? പോയവരിൽ എനിക്കുൾപ്പടെ കിട്ടീ കടി!!! യാത്രയിൽ എല്ലാവരും 2-3 ഗ്രൂപ്പായി പിരിഞ്ഞ് അവരവരുടെ ശൈലിയിൽ പടം പിടിച്ചു!!! പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥയിൽ Canon എന്ന camera മാത്രം കണ്ട് ശീലിച്ച ഞാ൯ എന്തെന്നറിയാതെ കുഴങ്ങി!! എന്റെ ഈ നില്പ് കണ്ടിട്ടാണോ എന്തോ കൂട്ടത്തിലുള്ളവർ ഏതായാലും കുറച്ച് സഹായിച്ചു!!! വടിയെറിയാനറിയാത്ത എനിക്ക് കൂട്ടായി വിക്രമാദിത്യ൯ വേതാളത്തെ തോളിലേറ്റിയ അവസ്ഥയിൽ Tamron 150-600 mm lens - ഉം, Tripod - ഉം!!! ഇതും ഏറ്റിയ എന്നെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന ശ്രീകുമാർ സാറിന്റെ വക തമാശയും "ഇതാണ് തിരുമേനീ ...തോളിൽ മാറാപ്പ് കേറ്റുന്നത് എന്ന് പറയുന്നത് "..ഹഹഹ...ഏതായാലും വേഷം കെട്ടിയിറങ്ങിയ സ്ഥിതിക്ക് പുലികളുടെ കൂടെ ഒരു പൂച്ചക്കുട്ടിയാകാൻ ഞാ൯ തീരുമാനിച്ചു!! ആയുധം കൈയിലെടുത്തു!!! അവിടെ കണ്ടതൊക്കെ ക്ലിക്കി!! എന്തൊക്കെയോ പടം പിടിക്കുന്ന ആ എഞ്ചിനിലാക്കി ...നേരം ഇരുട്ടി!!! നോക്കിയപ്പോഴോ കൂടെയുള്ളവർ അപ്രത്യക്ഷരായി!! പടം പിടിച്ച ആവേശത്തിൽ ഞാൻ ഒറ്റപ്പെട്ടു!! രസികനിൽ ദിലീപ് കൂട്ടുകാരനോട് പറയുന്നപോലെ ഞാൻ തന്നെ എന്നോട് പറഞ്ഞു .. "ജാങ്കോ ..നീ അറിഞ്ഞോ?? ഞാൻ പെട്ടു "...പിന്തിരിഞ്ഞ് നോക്കിയപ്പോൾ 2 മനുഷ്യജന്മങ്ങൾ എന്നെ ലാക്കാക്കി വരുന്നൂ ...കാടിന്റെ മക്കളാണ് അവർ!! വന്നപാടെ അവർ പറഞ്ഞൂ നിങ്ങളോട് തിരികെ ചെല്ലാ൯ പറഞ്ഞൂ എന്ന്!! എനിക്ക് മുൻപേ പോയവരോടും അവർ പറഞ്ഞോളാമെന്നേറ്റു ...വീണ്ടും തിരികെ ....കുറേ ദൂരം നടന്നപ്പോൾ കൂടെ പോന്നവരെ കണ്ടു!! അവർ അപ്പോഴും പ്രകൃതിയുടെ ദൃശ്യങ്ങൾ പകർത്തുകയാണ്!!! ഞാ൯ വായുംപൊളിച്ച് കൂടെ നടന്നു ..ഹഹഹ...തിരികെയുള്ള യാത്രയിൽ എന്തൊക്കെയോ പെട്ടിയിൽ ആക്കി ...അന്നത്തെ യാത്ര ശുഭം ...വീണ്ടും Resort ...ചായയും ബിസ്ക്കറ്റും ചെന്നപ്പോഴേ തയ്യാർ!! തട്ടി!! പിന്നെ room -ൽ പോയി ഒരു കുളി പാസാക്കി ...തിരികെ Conference Hall -ൽ...
                    അവിടെ നന്ദകുമാർ സാർ, ഉണ്ണി സാർ, സീമ മാഡം ഇവരൊക്കെ ക്ലാസ്സെടുക്കാ൯ തയ്യാർ!! ഉണ്ണി സർ വക കുറച്ച് ക്ലാസ്സ് കഴിഞ്ഞ് നന്ദകുമാർ സാറിന്റെ അതിവിപുലമായ, എന്നാൽ ലളിതമായ ക്ലാസ്സ് .....അതോടെ എന്റെ കാര്യം കട്ടപ്പൊക!!! ക്ലാസ്സിലെ കാര്യങ്ങൾ മുൻനിർത്തി ഞാ൯ മുൻപ് എടുത്ത ചിത്രങ്ങൾ നോക്കിയപ്പോഴോ ...സ്വാഹാ!!!! ലക്ഷങ്ങൾ മുടക്കി ക്യാമറ വാങ്ങിയ ഒരു ഹതഭാഗ്യ൯ ...ഇനിയെന്ത്??ഏതായാലും നടപ്പുകൊണ്ടാണോ എന്നറിയില്ല വിശന്നു ...ചപ്പാത്തിയും, കൂട്ടാനും തട്ടി ..ക്യാമ്പ് ഫയർ പുറത്ത്  റെഡി!!! ഇനി അങ്ങോട്ട്!! അവിടേയും കുറേ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ ...കൂടെയുണ്ടായിരുന്ന ഡോക്ടർ സാറിന്റെ മക്കളുടെ പാട്ടുകളോടെ അന്നത്തെ രാത്രി ശുഭം ...റൂമിൽ സുഖനിദ്ര ...തോളിൽ തൂങ്ങിയ വേതാളത്തിന്റെ( camera +triPod + lenses + umbrella)  കനം മൂലം പുറം കട്ടപ്പുറം ആയി ...ഹഹഹ...പോകുന്നതിന് മുൻപ് സീമമാഡം പറഞ്ഞത് ഓർത്തു "കാട്ടിലേക്ക് വരുന്നവർ രാവിലെ 6.30 ന് ഹാജരാകണം) ...അലാറം 5.30 a.m വച്ച് ഉറക്കം!!!
                   വെടിയൊച്ച പോലെ കർണ്ണപുടങ്ങളെ പൊട്ടിച്ച് 5.30 ന് അലാറം മുഴങ്ങി ...പുറത്ത് നല്ല മഴ!! പുറം വേദന മൂലം മടി!!! എന്നാലും 6.00 മണിയോടെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തി ..കുളിച്ച് വീണ്ടും യാത്രാപ്പുറപ്പാട് ...വേതാളത്തെ തോളിലാക്കി മഴയിൽ നനഞ്ഞ് Resort ൽ സംഘാടകരുടെ അടുത്തേക്ക് ...ഒരു കട്ട൯ അടിച്ചു .. ആനക്കുളം എന്ന സ്ഥലത്തേക്ക്!! ഇക്കുറി കൂട്ടിന് അജിത് സാറും, നന്ദകുമാർ സാറും, ജോസഫ് ജി യും, Manoj Kumar ജി യും ...ആ ഭാഗത്തേക്കുള്ള യാത്ര അതീവ ദുർഘടം!!! ഏതായാലും ആനക്കുളം എന്ന സ്ഥലത്ത് എത്തി ..പതിവിലും വിപരീതമായി ഒന്നും എന്നിൽ സംഭവിച്ചില്ല!! നാട്ടാനയെ മാത്രം കണ്ടു ശീലിച്ച എനിക്ക് പ്രകൃതിയിൽ ഒന്നും പുതുമയായി തോന്നിയില്ല ചിത്രം എടുക്കാ൯!!എന്റെ അറിവ് അത്രയേ ഉള്ളൂ!!! അതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമുണ്ടോ??? ഇല്ല!!! പിന്നെ ഒന്ന് മാത്രം സംഭവിച്ചു, ഇന്നേവരെ വളരെ വിരളമായി തന്നെ ഇല്ലത്തിന്റെ  മുൻപിൽ ഒഴുകുന്ന പുഴയിൽ കാൽതൊടുന്ന എന്നെ സീമാജിയുടെ നിർബന്ധപ്രകാരം ആ പുഴയിൽ ഇറങ്ങി ...അവിടുത്തെ കത്തിക്കൽ കഴിഞ്ഞ് പുലികൾ നേരെ Resort - ലേക്ക് ...ഇഡ്ഡലിയും, ചായയും വിട്ട് നേരെ വിരിപാറ വെള്ളച്ചാട്ടം...പേര് സൂചിപ്പിക്കുന്ന പോലെ വിരിഞ്ഞ പാറയിലൂടെ വെള്ളച്ചാട്ടം ..അതിൽ കുറച്ച് പടം കൂട്ടുകാരുടെ സഹായത്തോടെ Tripodഎന്ന വേതാളം വെച്ച് എടുത്തു!!! ആ ആഗ്രഹം സഫലമായി!!! യുദ്ധം ജയിച്ച വീര്യത്തോടെ അതിനടുത്ത വലിയ വെള്ളച്ചാട്ടത്തിനടുത്തേക്ക് ...ഞാൻ തീർത്തും അവശനായി മാറി!!! എന്നാലും പുറമേ കാണിക്കാതെ അവിടേയും‌ കുറച്ച് പടം പിടിച്ച് യാത്രയുടെ അവസാനഘട്ടത്തിൽ!!! Misty Garden എന്ന നല്ല അനുഭങ്ങളും, പാഠങ്ങളും പഠിപ്പിച്ച Resort ലക്ഷ്യമാക്കി യാത്ര!!!
                      ഉച്ചഭക്ഷണശേഷം യാത്രയിൽ പങ്കെടുത്ത അംഗങ്ങൾക്ക് Camper's certificate. പിന്നെ അനുഭവങ്ങളും ...അവിടെ പറഞ്ഞ കുറച്ച് കാര്യങ്ങൾ മാത്രമല്ല മുഴുവൻ ഇതിൽ ഉണ്ട്!! ഈ യാത്ര കൊണ്ട് ഞാ൯ ഏറ്റവും സന്തോഷവാനാണ്! കാരണം,കുറേയേറെ ഗുരുക്കൻമാരെ എനിക്ക് കിട്ടി ..അതിൽ പ്രായം കൂടിയവരും, കുറഞ്ഞവരും ...പോരാ൯ നേരം അജിത് സാർ എന്നോട് പറഞ്ഞു "തിരുമേനീ ..എനിക്ക് ഈ വേഷത്തിൽ കുറച്ച് പടം എടുക്കണം "എന്ന്!!! ആ വലിയ മനുഷ്യന്റെ നിഷ്കളങ്കമായ ചോദ്യത്തിൽ വീണതാണ് ഞാ൯ എന്ന എന്റെ ജന്മം ചെയ്ത പുണ്യം!!! സത്യം!! Ajith Aravind sir is one of the most beautiful person in my real life ..he is  master of photography & he is also a good brother of me...hattsoff sir!!! Portfolio എന്ന ആശയത്തിൽ Joseph Varghese ന്റേയും, Sree Kumar ന്റേയും സഹായത്തോടെ എന്റെ ഞാ൯ പോലും കാണാത്ത, അല്ലെങ്കിൽ എന്നെ ആരും കാണാത്ത രീതിയിൽ എന്റെ ചിത്രം അദ്ദേഹത്തിന്റെ മാസ്മരിക കരം കൊണ്ട് എടുത്തു ...ഈ ഒരു അസുലഭ മുഹൂർത്തമാണ് ഈ ഒരു ക്യാമ്പ് കൊണ്ട് എന്റെ ഏറ്റവും വലിയ പുണ്യം....

              Thanks all for supporting me...& supported me....Thank u so much Photomuse & admins of Photomuse & gr8 thanks to my brothers & sisters ... THANKZ A....LOT....😍
                        Ur'sUmesh Kesavan Namboodiri Iraliyoor.. 

LITTLE WONDER... ORIENTAL DWARF KINGFISHER BEAUTY

    "വർണ്ണവിസ്മയം തിരഞ്ഞ്" 
                       
              ഇക്കുറി തട്ടേക്കാട് പോയത് ഒരു ലക്ഷ്യം മുന്നിൽ കണ്ടാണ്. ഒരിക്കലും  ആഗ്രഹത്തോടെ കാട്ടിൽ പോകരുത് എന്നത് പല അനുഭവങ്ങളും എനിക്ക് നൽകിയിട്ടുണ്ട്. എന്നാൽ കാടിന്റെ സ്വച്ഛത അറിയുമ്പോൾ നമ്മൾ ഇതൊക്കെ മറക്കുകയും ചെയ്യും.. ഒരിക്കലും നേരിൽ കാണാത്ത ഇത്തിരിക്കുഞ്ഞനെ (Oriental Dwarf Kingfisher) ഒന്ന് കാണണം എന്ന ആഗ്രഹം സജീഷിനോട് ( Sajeesh Aluparambil ) പങ്കുവെച്ചപ്പോൾ , നമുക്ക് പോയേക്കാം എന്ന് സജീഷും..
           "LITTLE BEAUTY (ODKF)" 
         സജീഷിനും നിഷാദിനും ഇതിന് മുൻപ് ഇവനെ കിട്ടിയിട്ടുമുണ്ട്. മേനിപ്പൊന്മാൻ എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ പക്ഷിയെ കാണുക തന്നെ അസാദ്ധ്യം.. സജീഷ് അജോമോനെ Ajo Monവിളിച്ച് എല്ലാം ശരിയാക്കി. Bazza Specialist എന്നറിയപ്പെടുന്ന അജോമോൻ ആണ് ഞങ്ങളുടെ വഴികാട്ടി.. പിറ്റേന്ന് രാവിലെ തന്നെ തട്ടേക്കാട് എത്തി. ഞങ്ങൾ കാട് കയറാൻ തുടങ്ങി.. അവനെ സ്ഥിരം കാണാറുള്ള സ്ഥലങ്ങളിൽ ഒക്കെ അജോമോന്റെ കണ്ണുകൾ എത്തി.. പക്ഷേ അവിടെ ഒന്നും തന്നെ ഉണ്ടായിട്ടില്ല.. തട്ടേക്കാട് ഇന്നേവരെ എനിക്ക് നിരാശ നൽകിയിട്ടില്ല, ആ പ്രതീക്ഷ കൈവിടാതെ വീണ്ടും ഞങ്ങൾ വേറെ സ്ഥലം തിരഞ്ഞ് നടന്നു.. പോയ വഴിയിൽ ഒക്കെ അട്ട വിടാതെ കാലിൽ പിടി മുറുക്കിയിരുന്നു. അതൊന്നും എന്റെ ശ്രദ്ധയിൽ വലുതായി തോന്നിയില്ല.. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ... ഹഹഹ... കുഞ്ഞനെ തിരഞ്ഞ ഞങ്ങളുടെ മുൻപിലേക്ക് അതേ വർഗ്ഗത്തിൽപെട്ട മറ്റൊരു കുഞ്ഞൻ വന്നു.. Blue Eared Kingfisher...
      "BLUE EARED KINGFISHER" 
             ആളെ അത്ര പെട്ടെന്ന് നമ്മുടെ കണ്ണിൽപ്പെടില്ല..അവനെ കണ്ടുകിട്ടാനും ബുദ്ധിമുട്ടാണ്.. അവന്റെ ചില ചിത്രങ്ങൾ പകർത്തി ഞങ്ങൾ നടന്നു.. വഴിയിൽ മലയണ്ണാൻ ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞ് നിർത്താതെ ചിലക്കുന്നുണ്ട്.. കുറച്ച് ദൂരം ചെന്നപ്പോൾ കേഴമാൻ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഞങ്ങൾക്ക് മുൻപിലൂടെ പാഞ്ഞു.. തട്ടേക്കാടിന്റെ സ്വന്തം മാക്കാച്ചിക്കാട ഒരു കൊമ്പിൽ ധ്യാനത്തിൽ ഇരിക്കുന്നു..
           "CEYLON FROGMOUTH"                         (MALE&FEMALE) 
മേനിപ്പൊന്മാൻ ഇരിക്കുന്ന മറ്റൊരു സ്ഥലത്തേക്ക് അജോമോൻ ഞങ്ങളെ കൊണ്ടുപോയി.. അവിടെയും കുറെയേറെ തിരഞ്ഞു. കാത്തിരിപ്പിന് വിരാമമിട്ട് അജോമോൻ ആ കുഞ്ഞനെ കണ്ടെത്തി.. ജീവിതത്തിൽ ആദ്യമായി കാണുന്ന അവനെ ഞാൻ ക്യാമറയിലാക്കി.. ഉള്ളം കൈയിൽ കൊള്ളാവുന്ന അത്രേം വലുപ്പം, എന്നാൽ വർണ്ണവിസ്മയമോ? വർണ്ണിക്കാനാകില്ല ആ സൗന്ദര്യം..

"ORIENTAL DWARF KINGFISHER" 

നിറവർണ്ണച്ചാർത്ത് മേനിയിലാകെ പൂശിയ ആ കുഞ്ഞൻ അവിടെ നിന്നും പറന്നകന്നു. തോക്കിൽ നിന്നും ബുള്ളറ്റ് പോകുന്ന വേഗത്തിൽ അവൻ കണ്ണിൽ നിന്നും മാഞ്ഞു.. ഹോളി ആഘോഷിച്ച പ്രതീതിയാണ് അവന്റെ ആ കൊച്ചു ശരീരത്തിൽ... ഇനിയും അവനെ ഒന്നുകൂടി കാണണം എന്ന ആഗ്രഹത്തിലും, അവനെ ക്യാമറയിൽ കിട്ടിയ സന്തോഷത്തിലും ഞങ്ങൾ അവിടെ നിന്നും വിടവാങ്ങി.. അജോമോനെ നീ ഒരു സംഭവമാട്ടാ.......Blue Eared Kingfisher നെ കാണിച്ച് തന്നതും ഇതുപോലെ തന്നെ, ഞങ്ങൾക്ക് അത് ഒരു ഇല ആണെന്ന് പോലും തോന്നിയില്ല... ജീവിതത്തിൽ ആദ്യമായി Oriental Dwarf Kingfisher നെ കാണിച്ചു തന്നതിന് നന്ദി... ഒരായിരം....... വീണ്ടും കാണാം.....
             സ്നേഹം.... ഉമേഷ് കേശവൻ നമ്പൂതിരി..

Friday, 5 April 2019

"FIRST MET LEGEND"

ലാലേട്ടന്റെ കൂടെ... ഒരു ഓർമ്മ..
                  പ്രജ എന്ന ചിത്രം ഷൂട്ടിംഗ് നടക്കുന്ന സമയം, അന്ന് ഞാൻ തൃപ്പൂണിത്തുറ പ്ലസ്ടു പഠിക്കുന്ന സമയം. മംഗളാലയം പാലസിൽ വാടകയ്ക്ക് താമസിച്ച ആ നാളുകൾ മറക്കാനാകില്ല.. നാട്ടിൻ പുറത്ത് നിന്ന് ടൗണിലെ തിരക്കിലേക്ക് എത്തിപ്പെട്ട ഞാൻ കുറച്ച് അങ്കലാപ്പിലായി..പെങ്ങളുടെ കൂടെ വാടകയ്ക്ക് 2 വർഷം അവിടെ കഴിഞ്ഞു.. എന്നാൽ തെല്ലൊന്ന് ബുദ്ധിമുട്ടിച്ച തൃപ്പൂണിത്തുറ പിന്നീട് എന്നെ വേരോടെ പിടികൂടി.. ശരിക്കും രാജനഗരി എന്ന പ്രൗഡി ഇന്നും നിലനില്‍ക്കുന്ന സ്ഥലം.. വർഷങ്ങൾ കഴിയുമ്പോഴും ആ നഗരത്തിന്റെ ഓർമ്മകൾ ഇന്നും നിലനില്‍ക്കുന്നു.. അത് ഒരു വികാരമാണ്..
                എല്ലാ ദിവസവും രാത്രി ഞാൻ സ്റ്റാച്യു ജംഗ്ഷനിൽ മൂർത്തി സ്വാമിയുടെ കടയിൽ പോകും. ഒരു നറുനീണ്ടി സർബ്ബത്ത്, അത് ഒരു ദിനചര്യയായി മാറി.. അതിനോട് ചേർന്ന് ആദിത്യ ബ്യൂട്ടിപാർലർ. നമ്മുടെ ജയന്റെ(നടൻ ജയസൂര്യ) ഹെയർസ്റ്റെൽ ചെയ്തു കൊടുത്തിരുന്ന ഗോപിയുടെ ബ്യൂട്ടിപാർലർ. ജയൻ അന്ന് സിനിമയിൽ കയറിയിട്ടില്ല.. എ. സി. വി യിൽ ക്യാരവൻ ഫണ്ണി ജോക്പോട്ട് എന്ന പ്രോഗ്രാം അവതരിപ്പിക്കുന്ന സമയമായിരുന്നു.. ജയന്റെ നർമ്മം നിറഞ്ഞ സംസാരം കൊണ്ട് ആ പ്രോഗ്രാം ഭംഗിയായി പോകുന്നു.. ഞങ്ങൾ മിക്കവാറും തന്നെ സ്വാമിയുടെ കടയുടെ പരിസരത്ത് വെച്ച് സംസാരിക്കും.. ഞാൻ ജയന്റെ ആ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു.. സിനിമയിൽ കയറിയതിന് ശേഷം പിന്നീട് ഒരു തവണ പൂർണ്ണത്രയീശ ഉത്സവത്തിന് കണ്ടു..
                 എന്റെ അളിയൻ എറണാകുളം ശിവക്ഷേത്രത്തിൽ മേൽശാന്തി ആയിരുന്നു.. വളരെ അപ്രതീക്ഷിതമായി രഞ്ജി പണിക്കർ അവിടെ വരുകയുണ്ടായി.. കുശലം ചോദിക്കുന്നതിനിടയിൽ ലാലേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാം എന്ന് പറഞ്ഞു.. അതിനെന്താ സ്വാമീ... ഞാൻ എന്റെ നമ്പർ തരാം ഇതിൽ വിളിച്ചിട്ട് വരൂ എന്ന്.. പ്രജയുടെ ഷൂട്ടിംഗ് എറണാകുളം പരിസരത്ത് ഉണ്ട്, ഇറങ്ങുമ്പോൾ വിളിച്ചിട്ട് വരൂ.. അപ്പോൾ ലൊക്കേഷൻ പറയാം എന്ന് പറഞ്ഞ് രഞ്ജി സാർ പോയി..
            അങ്ങനെ ആ ആഴ്ചയിൽ തന്നെ ഞങ്ങൾ പോകാൻ തയ്യാറായി.. ലാലേട്ടന്റെ കടുത്ത ആരാധകൻ പ്രദീപ് ചേട്ടൻ ആദ്യമേ ഉണ്ട്.. അനി ചേട്ടൻ, നാരായണൻ ചേട്ടൻ, ഹരിയേട്ടൻ, ജയദേവൻ ഇവരൊക്കെ കൂടെ ഇറങ്ങി.. പോകുന്നതിന് മുൻപ് അളിയൻ രഞ്ജിസാറിനെ വിളിച്ചു.. ഫോർട്ട് കൊച്ചി PWD റസ്റ്റ് ഹൗസിൽ ആണ് ഷൂട്ടിംഗ് എന്ന് പറഞ്ഞു.. ലാലിനോട് ഞാൻ പറഞ്ഞിട്ടുണ്ട്, അവിടെ ചെല്ലുമ്പോൾ എന്നെ ഒന്നുകൂടി വിളിക്കണം എന്നും പറഞ്ഞു.. ഞങ്ങൾ ആവേശത്തോടെ തിരിച്ചു.. സന്ധ്യ കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾ അവിടെ ചെല്ലുന്നത്.. ഒരു പൂരത്തിന്റെ ആള് അവിടെ തമ്പടിച്ചിട്ടുണ്ട്.. മതിലിലും, മരത്തിലും ഒക്കെ ആളുകൾ... അളിയൻ രഞ്ജിസാറിനെ വിളിച്ചു.. രക്ഷയില്ല, ആൾ ഫോൺ എടുക്കുന്നില്ല.. ഞങ്ങൾ ഗേറ്റിനടുത്ത് ചെന്നു. സെക്യൂരിറ്റിക്കാർ രക്ഷയില്ല.. ആൾക്കാർ ആവേശത്തിൽ... ഏതാണ്ട് മുക്കാൽ മണിക്കൂർ അവിടെ നിന്നു.. വിളിച്ചിട്ട് സാറിനെ കിട്ടുന്നുമില്ല... രക്ഷയില്ല എന്ന് പറഞ്ഞ് ഞങ്ങൾ വിഷമത്തോടെ തിരികെ പോരാൻ തുടങ്ങി... പോരുന്ന വഴിയിൽ വീണ്ടും വിളിക്കുന്നുണ്ട്.. ഒരു തവണ വിളിച്ചപ്പോൾ എടുത്തു.. കാര്യം പറഞ്ഞപ്പോൾ, ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു സ്വാമി എന്ന് പറഞ്ഞു.. ഇപ്പോൾ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ തിരികെ പോരുന്ന വഴിയാണ് എന്ന് അളിയൻ പറഞ്ഞു.. ലാലിനെ കാണാതെ പോകാനോ? തിരികെ ചെല്ലൂ, അവിടെ ഗേറ്റിൽ ആള് വരും, അവർ കൊണ്ടുപോകും എന്ന് സാർ പറഞ്ഞതും... കാർ റെസ്റ്റ് ഹൗസിന് അടുത്തെത്തി..
                    പറഞ്ഞതുപോലെ ആൾ ഉണ്ട്. രഞ്ജി സാർ പറഞ്ഞിട്ട് വന്നവരല്ലേ? മുകളിലേക്ക് പോകാം എന്ന് പറഞ്ഞ് ഒരാൾ ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി.. ഷൂട്ടിംഗിൽ ആണ് അവിടെ ഇരിക്കാം എന്ന് പറഞ്ഞു.. ആവേശത്തിൽ ഞങ്ങൾക്കുണ്ടോ ഇരിക്കാൻ തോന്നുന്നു?അല്പനേരം കഴിഞ്ഞപ്പോൾ ദാ വരുന്നു....... ഒരു കറുത്ത ടീഷർട്ടും ഇട്ട് നമ്മുടെ ലാലേട്ടൻ.. ആ ഒരു നിമിഷം.. അത് അനുഭവിക്കണം, എന്നാലേ അറിയൂ... "ഞാൻ ഇപ്പോൾ വരാം, രഞ്ജി പറഞ്ഞിരുന്നു വരുമെന്ന്.. ഇരിക്കൂ.. ഒന്ന് ഫ്രെഷ് ആയിട്ട് വരാം" എന്ന് പറഞ്ഞ് അദ്ദേഹം അകത്തെ മുറിയിലേക്ക് പോയി.. ആകെ വിയർത്ത് ആയിരുന്നു വരവ്..സക്കീർ ഭായിയുടെ വരവ് ഗംഭീരം.. മുഖത്ത് ഗാംഭീര്യമായ പിരിച്ച മീശയും അതിനോടൊപ്പം വിടർന്ന ചിരിയും.. അതാണ് ലാലേട്ടൻ... പോയി വന്നപാടെ അളിയൻ പറഞ്ഞു ഇത് ലാലേട്ടന്റെ കടുത്ത ആരാധകൻ ആണ് എന്ന് പ്രദീപേട്ടനെ ചൂണ്ടി പറഞ്ഞു.. കുശലം ഒക്കെ ചോദിച്ചതിന് ശേഷം പ്രദീപ് ചേട്ടൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു.. അതിനെന്താ എടുക്കാല്ലോ, എല്ലാവരുടെയും കൂടെ എടുക്കാം.. അവിടുത്തെ തന്നെ ക്യാമറാമാനെ വിളിച്ച് എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോയും എടുത്തു... അതാണ് നമ്മുടെ ലാലേട്ടൻ.. അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ മതി മറന്ന് ഞങ്ങൾ യാത്ര തിരിച്ചു... ഇനിയും കാണണം എന്ന മോഹത്തോടെ.. നീണ്ട 18 വർഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തെ കാണണം എന്ന മോഹം അലട്ടിത്തുടങ്ങി.... കാണാം എന്ന പ്രതീക്ഷയോടെ......https://m.facebook.com/story.php?story_fbid=1236122046539093&id=100004239279962 

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  ഉമേഷ് കേശവൻ നമ്പൂതിരി. 

Monday, 1 April 2019

"LUCIFER.... A VISUAL TREAT"


         "ഞാൻ കണ്ട ലൂസിഫർ" 
                   
                  ഏറെക്കാലത്തിന് ശേഷം തീയേറ്ററിലേക്ക് എന്നെ കൊണ്ടു പോയ ചിത്രമാണ് "ലൂസിഫർ".
                         വലിയ അടിത്തറയുള്ള തിരക്കഥയൊന്നും അവകാശപ്പെടാനില്ലെങ്കിൽ കൂടി, സിനിമ കാണുന്ന പ്രേക്ഷകരെ ഒട്ടും അലോസരപ്പെടുത്തുന്ന ഒന്നും തന്നെ ഇതിൽ ഇല്ല എന്നുള്ളത് മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ വിജയമായി കണക്കാക്കാം.കാണേണ്ടവ മാത്രം നൽകിയ ഈ സിനിമയുടെ ജയവും ഇതുതന്നെ.. സമകാലീന സംഭവങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.രാഷ്ട്രീയ സംഭവങ്ങളും, മാദ്ധ്യമ സാന്നിദ്ധ്യവും, മയക്കുമരുന്ന് എന്ന വിപത്തിന്റെ ആധിക്യവും ഇതിൽ പ്രതിപാദ്യവിഷയമായി.. പഞ്ച് ഡയലോഗുകൾ കുറവെങ്കിലും ഉള്ളത് അതിഗംഭീരമായി തന്നെ മുരളി എഴുതിചേർത്തു.. ചുരുങ്ങിയ സമയം കൊണ്ട് വിമർശനവും, അംഗീകാരവും ലഭിച്ചു എങ്കിൽ ആ എഴുത്തിൽ എന്തെങ്കിലും കാണാതിരിക്കില്ല.. തീർച്ച..ഒരു സെക്കന്‍ഡ് പോലും സ്ക്രീനിൽ നിന്ന് നമ്മുടെ കണ്ണുകൾ വ്യതിചലിക്കാനിടയുണ്ടാകില്ല. മുരളി ഗോപി താങ്കൾക്ക് അഭിമാനിക്കാം..
                  സംവിധാനമികവിൽ പ്രിഥ്വിരാജ് എന്ന നടന്റെ ഏറ്റവും മനോഹരചിത്രം എന്ന് ഇതിനെ നിസ്സംശയം പറയാം.. നാം കണ്ട പ്രിഥ്വിയുടെ സ്വഭാവം ഇതിൽ പ്രകടമാണ്. കൃത്യതയോടെ പറയേണ്ടതും, ചെയ്യേണ്ടതുമായ കാര്യങ്ങൾ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.. ഒരു നീട്ടലോ, കുറയ്ക്കലോ കൂടാതെ തന്നെ.. അത് പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കുക തന്നെ ചെയ്യും.. ഒരേ സമയം സംവിധാനവും അഭിനയവും വളരെ ഭംഗിയായി തന്നെ പ്രിഥ്വി പൂർത്തിയാക്കി.. ഓരോരുത്തര്‍ക്കും അവരവരുടെ ഭാഗം കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കൊടുത്തിരിക്കുന്നു.. അത് ലാലേട്ടൻ മുതൽ ചെറിയ അഭിനയം കാഴ്ച വെച്ചവർ വരെ വളരെ ഭംഗിയായി തന്നെ തന്റെ ഭാഗം ഗംഭീരമായി നിർവ്വഹിച്ചു.. ഇതാണ്  സംവിധായകൻ പ്രിഥ്വി എന്ന് തെളിയിച്ചു...
                 

     "വര- വാസുദേവൻ നമ്പീശൻ" 

ലാലേട്ടന്റെ സൗന്ദര്യം നിറഞ്ഞ മുഖം സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ ആരവം, അത് ഒന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി...ഞാൻ പറയും ഏറ്റവും മനോഹരമായ സൗന്ദര്യം കാണണമെങ്കിൽ നിങ്ങൾ ലൂസിഫർ കാണൂ എന്ന്.. മറ്റ് സിനിമകളിൽ സൗന്ദര്യം ഇല്ല എന്നല്ല, മറിച്ച് ഇതിലാണ് ആ ഗാംഭീര്യം നിറഞ്ഞ മുഖദർശനം ഉള്ളത്.. ഡയലോഗുകൾ കുറവാണെങ്കിലും ഉള്ളവ ചങ്കിൽ തുളയുന്നവ തന്നെ.. ഓരോ സമയവും സ്ക്രീനിൽ മുഖം തെളിയുമ്പോൾ ലാലിസം ബാധിച്ചവർ എന്നല്ല ആരായാലും ഒന്ന് കൈയ്യടിക്കും... തീർച്ച.. ലാലേട്ടാ.... നിങ്ങള് മുത്താണ്.. പലരും എഴുതി ഞങ്ങൾക്ക് പഴയ ഏട്ടനെ കിട്ടി എന്ന്.. എന്നാൽ ഞാൻ പറയും ഏറ്റവും ഭംഗിയുള്ള ലാലേട്ടനെ പുതിയ രൂപത്തിൽ കിട്ടി എന്ന്... തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ കൈയടി നേടുന്ന ലാലേട്ടൻ മരണമാസ്സ് ആണ്..
              മഞ്ജുവാര്യർ വീണ്ടും പക്വതയായ കഥാപാത്രത്തെ അവതരിപ്പിച്ചു.. മികച്ച ഒരു വേഷമാണ് മഞ്ജുവിന്റെ പ്രിയദർശിനി എന്ന കഥാപാത്രം.. വിവേക് ഒബ്റോയ് വളരെ മനോഹരമായി ചെയ്ത വേഷം ഈ സിനിമയിലെ തന്നെ. ബോബി എന്ന കഥാപാത്രം വളരെ ഭംഗിയായി നിര്‍വഹിച്ചു.. മറുഭാഷാ നായകന്റെ ചുണ്ടനക്കം ഇതിൽ കാണാനാവില്ല, കാരണം വളരെ ഭംഗിയായി മലയാളം പറയുന്ന ഒരാളെ മാത്രമേ നമുക്ക് കാണാനാകൂ.. അതാണ് പ്രിഥ്വിയുടേയും, വിവേകിന്റേയും വിജയം.. വിവേകിന് ശബ്ദം മാത്രം നൽകി കൈയടി നേടിയ നമ്മുടെ വിനീതിനേയും അഭിനന്ദിക്കാതെ തരമില്ല.. കാരണം അത്രയ്ക്ക് ഇഷ്ടമായി താങ്കളുടെ ശബ്ദം.. ടൊവീനോയുടെ ജതിൻ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു.. തനിക്ക് ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കും എന്ന് ടൊവി തെളിയിച്ചുകഴിഞ്ഞു.. ഇന്ദജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രം ഗംഭീരമാക്കി.. സായികുമാറിന്റെ മഹേഷ് വർമ്മ എന്ന കഥാപാത്രം വീണ്ടും ഗംഭീരമായി തന്നെ അവതരിപ്പിച്ചു... ലാലേട്ടൻ മുതൽ ഫാസിൽ വരെയുള്ള നീണ്ട താരനിരയിൽ ഒരു സെക്കന്റ് നേരം വരെ അഭിനയിച്ചവർ അവരുടെ ഭാഗം ഗംഭീരമാക്കി.. ആരാധകർക്ക് അവരുടെ ഇഷ്ടതാരത്തെ കൂടുതൽ ഇഷ്ടപ്പെടുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ ഈ സിനിമ ശരിക്കും ഒരു കൂട്ടായ്മയുടെ വിജയം തന്നെ...
                    ക്യാമറ താങ്ങി നടക്കുന്നതുകൊണ്ടോ എന്തോ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിന്റെ സാങ്കേതികത്തികവുകൾ തന്നെ.. ഓരോ ഫ്രെയിമും കൃത്യമായി കണിശമായി ഭംഗിയായി കാണിക്കുന്നു.. ചില ഫ്രെയിമുകൾ കാണുമ്പോൾ ഒരു 3D ചിത്രത്തിന്റെ മികവ്.. സുജിത് താങ്കൾ നിങ്ങളുടെ ഭാഗം അതിമനോഹരമാക്കി ഞങ്ങളിലേക്ക് എത്തിച്ചു.. ഓരോ ലൊക്കേഷനും,അഭിനയരംഗവും അതിന്റെ ഭംഗി ചോരാതെ ഞങ്ങൾക്ക് നൽകിയ താങ്കൾക്ക് നന്ദി.. ഈ ദൃശ്യമികവാണ് കൂടുതൽ ഈ ചിത്രത്തിനെ മനോഹരമാക്കിയത്. ഇതിൽ പ്രിഥ്വിയും താങ്കളും മികച്ചതായി..
              സംഘട്ടനരംഗങ്ങൾ മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചടുലത കൈവരിച്ചു എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി.. കണ്ണ് ചിമ്മുന്ന വേഗത്തിൽ രംഗങ്ങൾ അറങ്ങേറുന്നു.. ശിവ എന്ന മാസ്റ്ററുടെ മാസ്റ്റർപീസ് രംഗമായി ഇതിനെ കാണുന്നതിൽ തെറ്റില്ല.. വേറിട്ട ശബ്ദവിസ്മയത്തോടെ ചടുല രംഗങ്ങൾ അരങ്ങേറുമ്പോൾ കാണികളിൽ അത് ആരവമായി മാറി എന്ന് പറയുന്നതിൽ തെല്ലും സംശയിക്കേണ്ട കാര്യമില്ല..
                   കൂട്ടായ്മയുടെ വിജയം കൈവരിച്ച ലൂസിഫർ സ്ക്രീനിൽ നിന്ന് മായുമ്പോൾ ആരാണ് സ്റ്റീഫൻ നെടുമ്പിള്ളി? ഈ ചോദ്യം ബാക്കിയാവുന്നു.. അല്ലെങ്കിൽ ഇനി ആരെല്ലാമാകണം സ്റ്റീഫൻ നെടുമ്പിള്ളി എന്നുകൂടി പ്രേക്ഷകരിലേക്ക് ചോദ്യമുന ഉയർത്തിയിട്ടാണ് ലൂസിഫർ മറയുന്നത്...
              നന്ദി......
              ഉമേഷ് കേശവൻ നമ്പൂതിരി
       

           

Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...