വാഴച്ചാൽ. ഈ പേര് കേൾക്കാത്തവരില്ല. അത്രമേൽ സുപരിചിതമാണ് ഇവിടം. ഒരിക്കലെങ്കിലും വരാത്തവർ ചുരുക്കം. ആ സുന്ദരിയുടെ മടിത്തട്ടിലേക്കായിരുന്നു, എന്റെ യാത്ര. ഞാനും, ബിനോയിയും കൂടി രാവിലെ കൃത്യം 6.30 ന് വാഴച്ചാൽ ചെക്ക്പോസ്റ്റിൽ എത്തി. മുൻപേ എത്തിയ വണ്ടികൾ ഊഴം കാത്ത് ഓരം ചേര്‍ന്ന് കിടക്കുന്നു. ഓഫീസിൽ അന്വേഷിച്ചപ്പോൾ അൽപ്പം കഴിയും പോകാൻ, ആനകൾ വഴിയിൽ നിന്നും പോയിട്ടില്ല. തലേന്ന് രാത്രി പ്രശ്നം ആയിരുന്നു എന്നും അവർ പറഞ്ഞു. ബൈജുവിനെ കാണാനാണ് എന്ന് പറഞ്ഞപ്പോൾ ശരി എന്നവർ മൂളി. പുളിയിലപ്പാറ വരെയല്ലേ പോകൂ എന്ന് ചോദ്യം. ചിലപ്പോൾ മലക്കപ്പാറ വരെ പോകും, എന്ന് ഞാനും. ഞങ്ങളുടെ വാഹനം കടത്തി വിട്ടു..സൂക്ഷിക്കണം എന്ന് നിർദ്ദേശവും.
ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി.തലേ ആഴ്ച വാഴച്ചാൽ വന്നുപോയ ബിനോയിയുടെ കണ്ണുകൾ പോകുന്ന വഴിയിലെ മരത്തിൽ പരതി. ഇല്ല. ഇന്നിവിടെയില്ല. പോകാം എന്ന് ബിനോയിയും. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ കാതുകളെ ഉണർത്തിക്കൊണ്ട് ദാ കാടിനെ വളർത്തുന്ന കാടിന്റെ ദൈവം "മലമുഴക്കി വേഴാമ്പൽ". രണ്ടു പേരുണ്ട്. പക്ഷേ മഞ്ഞിനാൽ മൂടിയ പ്രകൃതിയുടെ പച്ചയിൽ ആ കാഴ്ച ഞങ്ങൾക്ക് അന്യമായി. അവിടെ നിന്നും നേരെ പുളിയിലപ്പാറ. ഞങ്ങൾ എത്തിയപ്പോഴേക്കും ബൈജു ഇറങ്ങി. അവിടെ നിന്നും ചായ കുടിച്ച് ബൈജു ചൂണ്ടിയ വഴിയിൽ വാഹനം നീങ്ങി.വണ്ടി നേരെ തിരിച്ചു.. ഞങ്ങൾ പുളിയിലപ്പാറ ലക്ഷ്യം വെച്ച് നീങ്ങി..കാടിന്റെ പല കഥകളും പറഞ്ഞുള്ള ആ നീക്കത്തിനിടയിൽ നിർത്ത് തിരുമേനീ.. എന്നൊരു ശബ്ദവും, വേഗം വാ... എന്നൊരു വിളിയും..
ഞങ്ങൾ വേഗം ചെന്നു.. ആ നിമിഷം ആണ് ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത്. 2 മലമുഴക്കികൾ അവരുടെ സ്നേഹം കൈമാറുന്ന നിമിഷം. പൊടുന്നനെ അവ 2 ശാഖകളിലായി. ഞാനും ബിനോയിയും ചറ..പറാ എന്ന് ക്യാമറ വെടിച്ചു.. ഇതാണ് കാട്. എന്നും അത്ഭുതങ്ങൾ സമ്മാനിക്കും.. നോക്കി നിന്നോ.. ഇപ്പോൾ അവ പറക്കും. എന്ന് ബൈജു പറയലും അവയിലൊന്ന് പറക്കലും ഒപ്പം. അവയെ കണ്ട സന്തോഷം ഉള്ളിലാക്കി ഞങ്ങൾ നീങ്ങി.പോകുന്ന വഴിയിൽ വാനരക്കൂട്ടം നൃത്തം വെക്കുന്നു. മുളങ്കാടുകൾ കലപിലാ ശബ്ദം കൂട്ടുന്നു. കാട്ടുകോഴികൾ വഴിയിൽ കുറുകെ പായുന്നു..വീണ്ടും ബൈജുവിന്റെ ശബ്ദം. വലത്തേക്ക് ചൂണ്ടിയ വിരലിന്റെ അറ്റം നേരെ ചെന്നത് പരുന്തിനടുത്തേക്ക്.. അതിന്റെ ചിത്രങ്ങൾ പകർത്തി ഞങ്ങൾ യാത്ര തുടര്‍ന്നു.
ഞങ്ങൾ നേരെ മലക്കപ്പാറ റൂട്ടിൽ. പിന്നങ്ങോട്ട് മുതൽ ആനകളുടെ ഊഴമായി. വഴിനീളെ അവയുടെ സാമീപ്യമറിയിച്ച് പിണ്ഡം നിരന്നിരിക്കുന്നു.അഅധികം ചെന്നില്ല, മുൻപിൽ ഇരുന്ന ബൈജു എന്തോ അവ്യക്തമായി പറഞ്ഞ് കൊണ്ട് ഇടത്തേ തോളിൽ കൈ മുറുക്കി. കാര്യം വ്യക്തമാകാത്ത ഞങ്ങളുടെ മുൻപിൽ ചിന്നം വിളിച്ച് ദാ ഒരു ആന. അവൻ ഒന്ന് തുമ്പി നീട്ടിയാൽ വണ്ടിയിൽ പിടി മുറുകും. എന്തോ കണ്ട് പേടിച്ചുള്ള ആ വരവിൽ അവൻ ഞങ്ങളെ വിട്ടതാവാം. കുറച്ച് ദൂരം ഡാമിൽ വെള്ളത്തിനായി ഇറങ്ങിയ ആനക്കൂട്ടം. അവയുടെ ചിത്രങ്ങൾ പകർത്തി. തതള്ളയും കുഞ്ഞുമടക്കം ഏകദേശം 5 ഓളം വരുന്ന ആ കൂട്ടം ധാരാളം വെള്ളം അകത്താക്കുന്നുണ്ട്. ചെളിവാരിയെറിഞ്ഞ് നിൽക്കുന്നു ഒരു കുട്ടിക്കൊമ്പൻ, കുറുമ്പ് കാട്ടി തള്ളയുടെ ചാരെ നീങ്ങുന്ന കുഞ്ഞിനെ കണ്ട് കൊതിയടങ്ങിയില്ല. അവ അവിടെ നിന്നും വിട പറഞ്ഞു. .
ഞങ്ങൾ വീണ്ടും യാത്രയിലേക്ക്.. പോകും വഴി കേഴമാൻ ഞങ്ങളെ വെട്ടിച്ച് കുറുകെ ചാടി. മലയണ്ണാൻ കൊമ്പുകൾതോറും ചീറി നടക്കുന്നു. ഇരു വശങ്ങളിലും അത്ഭുതങ്ങൾ ഒളിപ്പിച്ച കാടിന്റെ മർമ്മരം നുകർന്ന് ഞങ്ങൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു. അതിലും എന്തോ അത്ഭുതം തോന്നി. ബൈജു തന്നെയാണ് ഇത്തവണയും വണ്ടി തിരിക്കാൻ പറഞ്ഞത്. പോരും വഴി വീണ്ടും അതേആആനക്കൂട്ടം. അവർ ഇത്തവണയും ഡാമിൽ തന്നെ.. അങ്ങ് ദൂരെ ആനകൾ മറുകര ഏറുന്ന കാഴ്ചയും വ്യക്തമായി. അതെല്ലാം ആസ്വദിച്ച് വീണ്ടും യാത്ര തുടര്‍ന്നു.
കയ്യിൽ കരുതിയ മാമ്പഴവും ബിനോയി കൊണ്ടുവന്ന കുറച്ച് ഓറഞ്ചും അകത്താക്കി. ബൈജുവിന്റെ നിർദ്ദേശത്താൽ വണ്ടി നിന്നത് കണ്ടാൽ ഒട്ടും അതിശയം തോന്നാത്ത ഒരു മരത്തിന് കീഴെ. റോഡിന് മറുതലക്കൽ നിൽക്കാൻ ബൈജു പറഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അതിശയിച്ചു. ഒരു ചെറിയ ദ്വാരം ചൂണ്ടിക്കാട്ടിക്കൊണ്ട് ബൈജു പറഞ്ഞു അത് കോഴിവേഴാമ്പലിന്റെ കൂട് ആണ്, ഇപ്പോൾ തീറ്റ കൊടുക്കാൻ വരും എന്ന്. പറഞ്ഞ മാത്രയിൽ ദാ എത്തി, അതൊരു മായികക്കാഴ്ചയായി. ആ പ്രവർത്തി പല തവണ ആവർത്തിച്ചു. ഇതാണ് കാടിനെ സ്പർശിക്കുമ്പോൾ ഉള്ള ആ സുഖം. കഴിഞ്ഞെങ്കിൽ ശബ്ദമുണ്ടാക്കാതെ ദാ ഇങ്ങോട്ട് വാ.. ബൈജു ശ്വാസസമാനം മൊഴിഞ്ഞു.
തലയുടെ തൊട്ടു മുകളിലെ കൊമ്പിൽ ബൈജു കൈ ചൂണ്ടി. തീ നിറമാർന്ന മേനിയുമായി പക്ഷി നിരീക്ഷകരുടെ സ്വപ്നം "തീകാക്ക". പണ്ട് തട്ടേക്കാട് പോയപ്പോൾ സുധീഷ് കാണിച്ചു തന്ന ആ പക്ഷി കൈ എത്തും ദൂരത്ത്. മതിയാവോളം അവന്റെ ചിത്രങ്ങൾ പകർത്തി. നേരം ഏകദേശം വൈകുന്നേരം 4.30 ആയി. കാടിനോടും, അത്ഭുതങ്ങളോടും വിട ചൊല്ലി, ഇനിയും കണ്ണിനും, കാതിനും മനസ്സിനും ഇമ്പങ്ങൾ നൽകാം എന്ന മോഹത്തോടെ വിട..
യാത്രകൾ തീരില്ല. മനുഷ്യന്റെ ആദ്യാവസാനം വരെ അവൻ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ യാത്രകൾക്കതീതനാകും. അത്ഭുതങ്ങൾ തേടിയുള്ള അവന്റെ ആവേശം ഒരിക്കലും കെട്ടടങ്ങില്ല. കാടിനെ നമ്മുടെ ദൈവമായ് കണ്ട് മായികക്കാഴ്ചകൾ മനസ്സിനെ പുൽകട്ടെ....
Ur's
Umesh Kesavan Namboodiri
![]() |
| Attention |
![]() |
| Malabar Grey Hornbill |
![]() |
| കാടിന്റെ കാവൽക്കാരൻ "ബൈജു.കെ.വാസുദേവൻ |
![]() |
| പറന്ന്... പറന്ന്... |











No comments:
Post a Comment